
1933 - 2026
പാട്ടിന്റെ സുവർണയുഗത്തിന് തിരശീല,
മലയാളത്തിൽ ആലപിച്ചത് ഒരേയൊരു ഗാനം
ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ ഗായിക ആശ ഭോസ്ലെ ഓർമ്മയാകുമ്പോൾ ബാക്കിയാകുന്നത് മധുര നാദം . എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം.
മറാത്തി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്കരുടെയും ശുദ്ധമാതിയുടെയും മകളായ ഇൻഡോറിലാണ് ജനനം. ചേച്ചി ലത മങ്കേഷ്കറെ പിൻതുടർന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തുന്നത്. 1943 ൽ മജാബാൽ എന്ന മറാത്തി ചിത്രത്തിലെ ചലാചലാ എന്ന ഗാനം പാടി അരങ്ങേറ്റം . ഹിന്ദിയിൽ ബഡിമാ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയതെങ്കിലും 1948 ൽ റിലീസായ ചുനാരിയാ ആണ് ആശയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.
ആശ ഹിന്ദി സിനിമരംഗത്ത് എത്തിയപ്പോഴേക്കും ലത അവിടെ ഗാനതാരമായി മാറിയിരുന്നു. മലയാളത്തിൽ ഒരെയൊരു ഗാനം ആണ് ആശ ആലപിച്ചത്. സുജാത സിനിമയിലെ സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനം.രവീന്ദ്ര ജെയിൻ ഒരുക്കിയ മനോഹരമായ ഇൗണത്തിന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ കുറിച്ചു.
ലതയെ
അനുകരിക്കാത്ത ആശ
1956 ൽ ഒ.പി. നയ്യാറിന്റെ സംഗീത സംവിധാനത്തിൽ സി.ഐ.ഡി എന്ന ചിത്രത്തിൽ പാടിയതാണ് സംഗീത ജീവിതത്തിൽ വഴിത്തിരിവ്. ആർ.ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി മാറുന്നത്. ആ കൂട്ടുകെട്ട് വിവാഹത്തിൽ എത്തി. എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഗായികയാണ് താനെന്ന് ബർമൻ ഗാനങ്ങളിലൂടെ തെളിയിച്ചു. ഗാനരംഗത്തുനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എ.ആർ. റഹ്മാനാണ് തിരികെ കൊണ്ടുവന്നത്.
1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഉൗർമിള മണ്ഡോദ്കറിനുവേണ്ടി പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായി. താൽ, ഗോൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ഗാനങ്ങളിൽ ആശയുടെ ശബ്ദം മുഴങ്ങി.
1957 ൽ നയാ ദൗർ എന്ന ചിത്രത്തിലെ മാംഗ് കെ സാത്ത് തുമാരാ, ഉഡേൻ ജബ് ജബ് സുൽഫേൻ തേരി എന്നീ ഗാനങ്ങൾ കരിയറിൽ വഴിത്തിരിവായി.
എന്നും ചേച്ചി ലത മങ്കേഷ്കറിന്റെ ശൈലിയിൽ നിന്ന് ബോധപൂർവം മാറിനടക്കാൻ ആശ ശ്രദ്ധിച്ചു. പ്രശസ്ത നർത്തകി ഹെലന്റെ ശബ്ദമായി മാറി കാരവാൻ എന്ന ചിത്രത്തിലെ പിയാ തൂ അബ്തോ ആജാ. ഡോൺ എന്ന ചിത്രത്തിലെ യേ മേരാ ദിൽ തുടങ്ങിയ ഗാനങ്ങളെ അനശ്വരമാക്കി.
ആപ് കി ആശ
ഉംറാവു ജാൻ എന്ന ചിത്രത്തിലെ ദിൽ ചീസ് ക്യാ ഹേ , ഇൻ ആംഖോൻ കി മസ്തികേ തുടങ്ങിയ ഗസലുകൾ ആദ്യ ദേശീയ പുരസ്കാരം നേടികൊടുത്തു. ഇജാസത്ത് എന്ന ചിത്രത്തിലെ മേരാ കുച്ച് സാമാൻ എന്ന ഗാനത്തിലൂടെ മറ്റൊരു ദേശീയ പുരസ്കാരം കൂടി. തന്നേക്കാൾ 40 വയസുവരെ പ്രായക്കുറവുള്ള പുതിയ തലമുറയിലെ അഭിനേതാക്കൾക്കുവേണ്ടി പാടി ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി.
സ്വതന്ത്ര്യസംഗീതത്തിലും മുദ്രപതിപ്പിച്ചു. ഗുൽസാർ, ആർ.ഡി. ബർമൻ എന്നിവരോടൊപ്പം ദിൽ പടോ സി ഹേ , ലെസ്ളു ലൂയിസിനൊപ്പം ജാനം സംത്ധാകരോ, അദ്നാൻ സാമിയോടൊപ്പമുള്ള ആൽബങ്ങൾ എന്നിവ ശ്രദ്ധേയമാണ്. ഉസ്താദ് അലി അക്ബർ ഖാനുമായി ചേർന്ന ലെഗസി എന്ന ആൽബം ഗ്രാമി വേദിയിൽ വരെ എത്തി.
യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്, സോങ്സ് ഫ്രം ആർ.ഡി ബർമൻസ് ബോളിവുഡ് എന്ന ആൽബത്തിലൂടെ മറ്റൊരു നാമനിർദ്ദേശവും ലഭിച്ചു. ആപ്കി ആശ എന്ന ആൽബത്തിന് അവർ സംഗീതം നൽകുകയും ചെയ്തു.
ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ നടത്തിയ ഗായിക എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തേടി എത്തി . ദാദാ സാഹേബ് ഫാൽകെ അവാർഡും പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |