SignIn
Kerala Kaumudi Online
Thursday, 10 September 2026 6.43 PM IST

ആർഎസ്എസുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ, വസ്‌തുത വെളിപ്പെടുത്തി പി ജയരാജൻ

pinarayi-p-jayarajan

'യോഗാചാര്യൻ ശ്രീ.എം ന്റെ സാന്നിദ്ധ്യത്തിൽ സി.പി.ഐ.എം ആർ.എസ്.എസ് നേതാക്കൾ ചർച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞത് ഇപ്പോൾ ചർച്ച വിഷമായിരിക്കുകയാണ്.


ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ് ചില മാദ്ധ്യമങ്ങൾ എന്നെ സമീപിക്കുകയുണ്ടായി. മാത്രമല്ല ഈ ചർച്ചയെ ആർ.എസ്.എസ് സിപിഐ.എം രഹസ്യ ബാന്ധവമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ചുളള വസ്‌തുതകൾ സമൂഹം മനസിലാക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.


തിരുവനന്തപുരത്ത് മുഖ്യമന്ത്രി സ:പിണറായി വിജയൻ കൂടി പങ്കെടുത്ത ചർച്ചയെത്തുർന്നാണ് കണ്ണൂരിലെ യോഗം നടക്കുന്നത്. ഇത്തരം ഉഭയകക്ഷി ചർച്ചകൾ അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. എന്നാൽ ശ്രീ.എം ന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയ്ക്ക് ഒരു സവിശേഷത ഉണ്ട്. മറ്റെല്ലാ ഉഭയകക്ഷി ചർച്ചകളും അതത് സമയത്തെ ജില്ലാ ഭരണ കൂടത്തിന്റെ ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അതായത് കളക്‌ടറുടെയും എസ്.പിയുടെയും സാന്നിദ്ധ്യത്തിൽ. എന്നാൽ മേൽ പറഞ്ഞ ചർച്ച ആവട്ടെ ശ്രീ. എം മുൻകൈ എടുത്ത് നടത്തിയതാണ്.


സിപിഐ.എം- ആർ.എസ്.എസ് സംഘർഷങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അതാവട്ടെ കേരളീയ സമൂഹത്തിൽ നുഴഞ്ഞു കയറാനുളള ആർ.എസ്.എസ് പദ്ധതിയെ സിപിഐഎം ചെറുത്തതിന്റെ പേരിലാണ്. മറ്റൊരു പാർട്ടിയും ഇത്തരം ചെറുത്ത് നിൽപ്പുകൾ നടത്തിയിട്ടില്ലന്ന് ഉറപ്പിച്ച് പറയാം. നുഴഞ്ഞു കയറ്റത്തിനുളള ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമായിരുന്നു ആസൂത്രിതമായ തലശ്ശേരി വർഗീയ കലാപം. ഈ കലാപം തടയാൻ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്‌ക്ക് പരിശ്രമിച്ചതും സിപിഐഎം മാത്രമാണ്. ഇതിൽ നിരാശ പൂണ്ട ആർ.എസ്.എസ് നടത്തിയ സിപിഐഎം വിരുദ്ധ കായിക ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം തന്നെ തലശ്ശേരി താലൂക്ക് ആയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന സംഘർഷങ്ങളിൽ നിരവധി ജീവനുകളാണ് നഷ്‌ടപ്പെട്ടത്. ഒട്ടേറെ പേർക്ക് അംഗ ഭംഗം വന്നു. ഇത്തരം സംഘർഷങ്ങൾ അവസാനിപ്പിക്കാനുളള ചർച്ചകളും തീരുമാനങ്ങളും ഉണ്ടായി. അതിന്റെ ഫലമായിരുന്നു കുറേ കാലത്തേക്ക് സംഘർഷ രഹിതമായ അന്തരീക്ഷമുണ്ടായത്. ഇക്കാര്യത്തിൽ ശാശ്വത സമാധാനം ഉണ്ടാവണം എന്ന സദുദ്ദേശത്തോടെ ശ്രീ.എം നടത്തിയ ശ്രമങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സി.പി.ഐ.എം നിലപാട് പകൽ വെളിച്ചംപോലെ വ്യക്തമാണ്.


ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര സംങ്കൽപത്തോട് ശക്തമായ എതിർപ്പാണ് സിപിഐഎമ്മിന് ഉളളത്. ഈ മത രാഷ്ട്ര സ്ഥാപനത്തിന് തടസം മൂന്ന് ആഭ്യന്തര ഭീക്ഷണികളാണെന്നാണ് ഗുരുജി ഗോൾവാക്കർ തന്നെ പറഞ്ഞ് വെച്ചത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആണ് അവയെന്ന് ഗോൾവാക്കർ പേരടുത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നടന്ന ന്യൂനപക്ഷ വിരുദ്ധ വർഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. അതോടൊപ്പം കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സിപിഐഎം-ആർ.എസ്.എസ് സംഘർഷത്തിന്റെ സാഹചര്യവും ഏവർക്കും മനസിലാക്കാൻ ആകും. ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചർച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളിൽ ഭിന്ന ധ്യുവങ്ങളിലാണ് സിപിഐഎമ്മും ആർ.എസ്.എസും. അതിപ്പോഴും നിലനിൽക്കുന്നു. എന്നാൽ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലയിലുളള കായിക ആക്രമണങ്ങൾ തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആർ.എസ്.എസ് നേതൃത്വം ശ്രീ.എം നെ അറിയിച്ചു. ഇന്ന് മറ്റ് പാർട്ടികളിൽപെട്ട സാധാരണക്കാരും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് വർഗ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സി.പി.ഐ.എം ന്റെ പിന്നിൽ അണി നിരക്കേണ്ടവരാണ്. അതിനാൽ സമാധാന പരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. കാരണം സമാധാനപരമായ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ കണിക പോലും തൊട്ട് തീണ്ടിയിട്ടില്ലാത സംഘ പരിവാരത്തിനകത്ത് വൈരുദ്ധ്യങ്ങൾ രൂപപ്പെടുക. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്റെ തെളിവാണ് കേരളത്തിലുടനീളം സംഘപരിവാര ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിക്കാൻ നൂറ് കണക്കിന് ആളുകൾ മുന്നോട്ട് വന്ന് തെളിയിക്കുന്നത്.


മേൽ പറഞ്ഞ ചർച്ചയ്ക്ക് ശേഷവും കണ്ണൂർ ജില്ലയിൽ സിപിഐഎം- ആർഎസ്.എസ് സംഘർഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് സി.പി.ഐ.എം പ്രവർത്തകരെയാണ് ആർ.എസ്.എസുകാർ കൊലപ്പെടുത്തിയത്. അതിനാൽ തന്നെ സിപിഐഎമ്മിനോടുളള ആർഎസ്എസ് നിലപാട് വ്യക്തമാണ്. സംഘർഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുകയല്ല, ആശയ സമരത്തിലൂടെ സംഘപരിവാരിന്റെ പിന്നിൽ അണിനിരന്ന സാധാരണക്കാരെപ്പോലും പാർട്ടിയുടെ ഭാഗമാക്കാനാണ് പരിശ്രമിക്കേണ്ടത്.


നാടിന്റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാർട്ടി നിലപാടിനെ സിപിഐഎം-ആർ.എസ്.എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങളെ നഖശിഖാന്തം എതിർക്കാൻ സിപിഐഎം ആണ് മുന്നിലെന്നത് ആർക്കാണ് നിഷേധിക്കാനാവുക? ആർ.എസ്.എസ് ആക്രമണങ്ങളിൽ ജീവാർപ്പണം ചെയ്ത കേരളത്തിലെ ഇരുന്നൂറിലധികം സിപിഐഎം പ്രവർത്തകരുടെ രക്ത സാക്ഷിത്വമാണ് ഇവർക്കുളള മറുപടി. അതേ സമയം ആർ.എസ്.എസിനോട് മൃദു സമീപനം സ്വീകരിച്ച്, ഗോഡ്‌സെയ്‌ക്ക് സ്മാരകമായി അമ്പലം പണിത ബാബുലാൽ ചൗരസ്യയെ പോലും കെട്ടിപുണർന്ന കോൺഗ്രസ്സിന് എതിരായി ജമാഅത്തും, പോപ്പുലർ ഫ്രണ്ടും ഒന്നും മിണ്ടുന്നില്ല എന്നതാണ് ചിന്തിക്കേണ്ട വിഷയം'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P JAYARAJAN, RSS, CPIM, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA