SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.47 AM IST

വേണം കൂടുതൽ ജാഗ്രത! രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

v

തിരുവനന്തപുരം:കൂടുതൽ കരുതൽ വേണം.വീട്ടിനകത്തും പുറത്തും രോഗ പ്രതിരോധത്തിൽ ശ്രദ്ധവേണം. പ്രതിരോധത്തിൽ ഒരു വീഴ്ചയും പാടില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ തലസ്ഥാനത്തും പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്.

ജില്ലയിൽ ഇന്നലെ 2,272പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസത്തേക്കാൾ ഇരുനൂറിലധികം പേരുടെ വർദ്ധനയാണ് ഇന്നലെയുണ്ടായത്.തുടർച്ചായി അഞ്ചാം ദിവസവും രണ്ടായിരത്തിനുമേൽ രോഗബാധ ഉണ്ടായിട്ടും കാര്യമായ രോഗമുക്തി ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ 806പേർക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്.16,677പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,934പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 6പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 3,951പേരെക്കൂടി ഇന്നലെ നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 51,054പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്.

12 പ്രദേശങ്ങളിൽക്കൂടി നിരോധനാജ്ഞ

ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി സി.ആർ.പി.സി 144 പ്രകാരമുള്ള നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും കോട്ടുകാൽ,തൊളിക്കോട്, മംഗലപുരം, വെള്ളറട, മാറനല്ലൂർ, ചെങ്കൽ, പള്ളിച്ചൽ, മലയിൻകീഴ്, വിളവൂർക്കൽ, വെള്ളനാട്, വക്കം പഞ്ചായത്തുകളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി.
പൂവച്ചൽ,ബാലരാമപുരം,അരുവിക്കര, അമ്പൂരി, കാരോട്,പെരുങ്കടവിള, കാട്ടാക്കട,അണ്ടൂർക്കോണം,കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് പഞ്ചായത്തുകളിൽ നേരത്തേ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അഞ്ചു പേരിൽക്കൂടുതൽ കൂടാൻ പാടില്ല. വിവാഹങ്ങളിലും പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുരുത്. പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളിൽ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്സൽ സർവീസുകളാകാം.

ആംബുലൻസ് ഉറപ്പാക്കാൻ താലൂക്ക്തലത്തിൽ 24 മണിക്കൂറും പ്രത്യേക സംഘം

കൊവിഡ് ചികിത്സാ സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ടീമിനെ നിയോഗിച്ചതായി കളക്ടർ അറിയിച്ചു.ഇതിന്റെ ഭാഗമായി ആംബുലൻസുകളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുമെന്നും ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷീൽഡ് ടാക്‌സികൾ സെക്കൻഡറി ആംബുലൻസുകളായി ഉപയോഗിക്കുമെന്നും കളക്ടർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത റവന്യൂ ഓഫീസർ,മെഡിക്കൽ ഓഫിസർ,ഹെൽത്ത് ഇൻസ്‌പെക്ടർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ, മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ എന്നിവരാണ് ടീമിലുമുണ്ടാകുക. നെയ്യാറ്റിൻകര,കാട്ടാക്കട താലൂക്കുകൾക്കും ചിറയിൻകീഴ്,വർക്കല താലൂക്കുകൾക്കും ഓരോ ടീമുകളാകും ഉണ്ടാവുക. നെടുമങ്ങാട്,തിരുവനന്തപുരം താലൂക്കുകൾക്ക് പ്രത്യേക ടീമുകളുണ്ടാകും.ഓരോ താലൂക്കിലും പ്രത്യേക ആംബുലൻസ് ബേസ് സജ്ജമാക്കും.കൃത്യമായ അണുനശീകരണം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL