SignIn
Kerala Kaumudi Online
Sunday, 30 August 2026 8.37 AM IST

ഒരു ലക്ഷം രൂപയുടെ വെന്റിലേറ്ററുമായി വി.എസ്.എസ്‌.സി

prana

തിരുവനന്തപുരം: രാജ്യത്ത് വെന്റിലേറ്റർ ക്ഷാമം രൂക്ഷമായിരിക്കെ കുറഞ്ഞ വിലയ്ക്ക് വെന്റിലേറ്ററുകൾ വികസിപ്പിച്ച് വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്‌.സി). പൊതുവിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന വെന്റിലേറ്റർ ഒരുലക്ഷം രൂപയ്ക്ക് വിൽക്കാമെന്നാണ് വാഗ്ദാനം.

നടപടികൾ പൂർത്തിയാക്കി സാങ്കേതികവിദ്യ വാണിജ്യ ഉത്പാദനത്തിനായി കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കൊവിഡ് കാലം പരിഗണിച്ച് ഉടനടി കൈമാറ്റം നടക്കുമെന്നാണ് അറിയുന്നത്. കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് തിരുവനന്തപുരത്തെ വി.എസ്.എസ്.സി കേന്ദ്രത്തിൽ വെന്റിലേറ്റർ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ശ്രമം തുടങ്ങിയത്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഐ.എസ്.ആർ.ഒ എൻജിനിയർമാരും അടങ്ങുന്ന മൂന്ന് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സെപ്തംബറിൽ പദ്ധതി വിജയിച്ചെങ്കിലും കൊവിഡ് വ്യാപനം കുറഞ്ഞതോടെ പദ്ധതി നിറുത്തിവച്ചു.എന്നാൽ രണ്ടാം വ്യാപനം രൂക്ഷമായതോടെയാണ് പദ്ധതി അടിയന്തരമായി പൂർത്തിയാക്കിയത്.

ഗുരുതരാവസ്ഥയിലുള്ള രോഗിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഉപയോഗിക്കാൻ കഴിയുന്നവ, ആശുപത്രികളിലെ പ്രൊഫഷണൽ വെന്റിലേറ്റർ, വൈദ്യുതിയുടെ സഹായമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നവ എന്നീ മൂന്നു തരത്തിലുള്ള വെന്റിലേറ്ററുകളാണ് വി.എസ്.എസ്.സി വികസിപ്പിച്ചത്. വൈദ്യുതി ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്പേസ് വെന്റിലേറ്റർ എയ്ഡഡ് സിസ്റ്റം ഫോർ ട്രോമ അസിസ്റ്റന്റ്സ് (സ്വസ്ത), ആംബു ബാഗിൽ നിന്ന് ശ്വാസവായു നൽകുന്ന പ്രോഗ്രാമബിൾ റെസ്പിറേറ്ററി അസിസ്റ്റന്റ്സ് ഫോർ ദ് നീഡി എയ്ഡ് (പ്രാണ), മെഡിക്കൽ ഓക്സിജൻ ഇല്ലാതെ വരുന്ന ഘട്ടത്തിൽ അന്തരീക്ഷവായു ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചെലവു കുറഞ്ഞ വെന്റിലേഷൻ അസിസ്റ്റ് യൂണിറ്റ് (വായു) എന്നിവയാണ് വികസിപ്പിച്ചത്.

സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് സൗജന്യമായി കൈമാറും

-വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VSSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA