
ലൊക്കേഷനിൽ നിന്ന്ഒാടിവരാൻ കഴിയുന്നദൂരമാണെങ്കിൽസ്വാസികയുടെ ഒാണം വീട്ടിൽ
പത്തുദിവസത്തെ ഓണ വെക്കേഷനിൽ ചങ്ങാതിമാരുമൊത്ത് സ്വാസിക അത്തപ്പൂക്കളത്തിൽ പൂക്കൾ നിറയ്ക്കാനുള്ള ഓട്ടത്തിലാവും. പല നിറത്തിലുള്ള പൂക്കൾ കൊണ്ട് അനിയനും അമ്മയുമായി വലിയ അത്തപ്പൂക്കളം ഒരുക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വാസികയ്ക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് വീട്ടിലെയോണമാണ് . 'ഞങ്ങളുടേത് കൂട്ടുകുടുംബമാണ്.ഓണക്കോടിയും ഓണം സദ്യയുമെല്ലാം സ്പെഷ്യലാണ്. മിക്കപ്പോഴും ഓണത്തിന് സിനിമകളുടെ സെറ്റിലോ അല്ലെങ്കിൽ വല്ല സ്റ്റേജ് ഷോകളിലോയായിരിക്കും. തിരുവോണത്തിനായി ഒറ്റ ദിവസത്തിന് വേണ്ടി വീട്ടിലേക്ക് ഓടി വരാൻ കഴിയുന്ന ദൂരമാണെങ്കിൽ വീട്ടിലെത്തും. പുത്തൻ മണമുള്ള കോടിയെല്ലാം ഉടുത്ത് സന്തോഷായിരിക്കും."
ഈ ഓണം ലൊക്കേഷനിലാണ്
കൊവിഡും ലോക് ഡൗണും കാരണം കഴിഞ്ഞ വർഷത്തെ ഓണം വീട്ടിലായിരുന്നു, സിനിമകളുടെ തിരക്കുകളോ പ്രോഗ്രാമുകളുടെ തിരക്കുകളോ ഒന്നുമില്ലാതെ വീട്ടിലിരുന്ന് ഓണം ആഘോഷിച്ചു. ഇത്തവണ പത്മകുമാർ സാർ സംവിധാനം ചെയ്യുന്ന പത്താംമൈൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരിക്കും. സുരാജ് ചേട്ടനും ഇന്ദ്രജിത്ത് ചേട്ടനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ്. വീട്ടിലല്ലെങ്കിലും ലൊക്കേഷനിലെ ഓണവും സ്പെഷ്യലാണ്.
കാത്തിരിക്കുന്ന ചിത്രങ്ങൾ
ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ഒരു സിനിമ റിലീസാവാനുണ്ട്. കൃഷ്ണ ശങ്കറും , ദുർഗകൃഷ്ണയും സിനിമയിലുണ്ട്. 2025 നടക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ഈ ഒരു ടീമിന്റെ കൂടെ തുടരും എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു. രണ്ടു എപ്പിസോഡ് റിലീസ് ചെയ്തിട്ടുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരവും പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ്. ത്രില്ലിംഗായ കഥാപാത്രമാണ്. അതുപോലെ ബി. ഉണ്ണി ക്കൃഷ്ണൻ സാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടിലും അഭിനയിച്ചിട്ടുണ്ട്.ദിലീപ് ഏട്ടൻ അഭിനയിച്ച കേശു ഈ വീടിന്റെ നാഥനിലും അഭിനയിച്ചു. ഈ സിനിമകളെല്ലാം തിയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. തിയേറ്റർ തുറക്കാൻ വൈകിയാൽ ഒ ടി ടി റിലീസാവാനും സാധ്യതയുണ്ട്.

വാസന്തി തന്ന ഭാഗ്യം
സിനിമ ജീവിതത്തിൽ എന്നെ തേടിയെത്തിയ ഏറ്റവും വലിയ സന്തോഷം മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരമാണ്. ഇരുപത് വയസുകാരിയായ വാസന്തിയായി വേഷപ്പകർച്ച നടത്തിയപ്പോൾ ഒരിക്കലും അതിനെത്തേടി അവാർഡ് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
സിനിമയിലെ വഴിത്തിരിവ്
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ്. തേപ്പുകാരിയായി മാറിയ ചിത്രം.പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയ ചിത്രം.
പൂജ വിജയൻ അങ്ങനെസ്വാസികയായി
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബം. അച്ഛൻ വിജയ കുമാർ അമ്മ ഗിരിജ. സഹോദരൻ ആകാശ്.എറണാകുളം ജില്ലയിൽ പെരുമ്പാവൂരാണ് ജനിച്ചത്.ആറാം ക്ലാസിൽ പഠിക്കുമ്പോൾ യാദൃശ്ചികമായി കൂട്ടുക്കാരുമൊത്ത് നാടകത്തിൽ അഭിനയിച്ചു. മികച്ച നടിക്കുള്ള സമ്മാനം കിട്ടി.അന്ന് എന്നിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞു. തുടർച്ചയായ എല്ലാ കലോത്സവത്തിലും മികച്ച നടിയായി.സിനിമ സ്വപ്നം കണ്ടുതുടങ്ങി. വെള്ളിത്തിര വിദൂരമായ സ്വപ്നമാണെന്നുപോലും ചിന്തിക്കാനുള്ള ബുദ്ധി അന്നുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സിലായിരുന്നു വൈഗൈ എന്ന തമിഴ് സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്. പ്രണയ ചിത്രമായിരുന്നു. പൂജ വിജയൻ എന്ന എന്റെ യഥാർത്ഥ പേര് തമിഴ് സിനിമയ്ക്ക് വേണ്ടി സ്വാസികയെന്നാക്കുകയായിരുന്നു .

ആദ്യ സിനിമ കാണാൻ ചെന്നൈയിലേക്ക്
വൈഗൈ കാണാൻ ഞങ്ങൾ കുടുംബമായി വണ്ടിയെല്ലാം പിടിച്ചു ചെന്നൈയിലേക്ക് പോയത് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് . ചെന്നൈയിൽ എത്തിയപ്പോൾ വലിയ പോസ്റ്ററിൽ എന്റെ മുഖം. ബിഗ് സ്ക്രീനിൽ എന്നെ ആദ്യമായി കണ്ടപ്പോൾ അന്ന് അനുഭവിച്ച ഫീൽ അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല.
മിനിസ്ക്രീനിലും തിളങ്ങി
അവതാരകയായും ഷോർട്ട് ഫിലിം നായികയായും സീരിയൽ നടിയായും തിരക്കിലായി പല വേഷപ്പകർച്ചകൾ നടത്തി.മിനിസ്ക്രീൻ തന്നെയാണ് എന്നെ കൂടുതൽ പ്രശസ്തിയിലെത്തിച്ചത്. കൗമുദി ചാനൽ ഉൾപ്പെടെ മിക്ക ചാനലുകളും എന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോഴും മിനിസ്ക്രീനിൽ ഒരുപാട് നല്ല പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ബിഗ് സ്ക്രീനാണോ മിനി സ്ക്രീനാണോ എന്റെ ഇടമെന്നു പോലും എനിക്ക് നിശ്ചയമില്ല. എനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം ഞാൻ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |