62 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവും പിടികൂടി
ചിറയിൻകീഴ്: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി അഞ്ച് യുവാക്കളെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചിറയിൻകീഴ് പൊലീസും അറസ്റ്റുചെയ്തു. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുന്ന 62 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി.
മുടപുരം എൻ.ഇ.എസ് ബ്ലോക്കിൽ അക്ഷരം വീട്ടിൽ സജീവ് മുന്ന (28), മുടപുരം ഡീസന്റ്മുക്കിൽ തൗഫീഖ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന മുബാറക്ക് (28), മുടപുരം ഡീസന്റ്മുക്ക് കാട്ടിൽ വിളവീട്ടിൽ നിയാസ് (24), മുടപുരം ഡീസന്റ്മുക്ക് കൊല്ലംവിളാകത്ത് വീട്ടിൽ ഗോകുൽ എന്ന കണ്ണൻ (23), വെട്ടുകാട് സീ പാലസിൽ അഖിൽ ഫെർണാണ്ടസ് (23) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കാർ മാർഗമാണ് ഇവർ ലഹരിവസ്തുക്കൾ കൊണ്ടുവന്നത്.
ഇവർ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മാസ വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സംഘങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരിവസ്തുക്കളെത്തിക്കുന്നത്. നിരവധി തവണ ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ലഹരി മാഫിയ സംഘങ്ങൾക്കിടയിൽ "എം" എന്ന് രഹസ്യകോഡായി അറിയപ്പെടുന്ന എം.ഡി.എം.എ ക്രിസ്റ്റൽ രൂപത്തിലുള്ള മാരകമായ സിന്തറ്റിക് ലഹരി പദാർത്ഥമാണ്. ഉപരി പഠനത്തിനും ജോലിക്കുമെന്ന വ്യാജേന ബംഗളൂരുവിൽ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കളെത്തിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
പിടിയിലായവർ വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെയും കഞ്ചാവ് കടത്ത് കേസുകളിലെയും പ്രതികളാണ്. കഴിഞ്ഞ ആറുമാസമായി ഇവർ ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം അഡീഷണൽ എസ്.പി ഇ.എസ്. ബിജുമോൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു, നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി വി.എസ്. ദിനരാജ് എന്നിവരുടെ നേതൃത്വത്തിൽ ലഹരിമാഫിയയെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുറച്ചുദിവസം മുമ്പ് മംഗലപുരത്തും ചിറയിൻകീഴിലും കഞ്ചാവുമായി യുവാക്കൾ പിടിയിലായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരവും മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലാക്കുമെന്നും സ്കൂൾ പി.ടി.എ, സാമൂഹ്യ സംഘടനകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു അറിയിച്ചു. ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷ്, ആറ്റിങ്ങൽ സി.ഐ ഡി. മിഥുൻ, ചിറയിൻകീഴ് എസ്.ഐ വി.എസ്. വിനീഷ്, എ.എസ്.ഐ സിനിലാൽ, ഷജീർ എസ്, സി.പി.ഒമാരായ ഹാഷിം, സന്തോഷ്, തിരുവനന്തപുരം റൂറൽ ഡാൻസാഫ് എസ്.ഐ എം. ഫിറോസ്ഖാൻ, എ.എസ്.ഐ ബി. ദിലീപ്, ആർ. ബിജുകുമാർ സി.പി.ഒമാരായ ഷിജു, സുനിൽരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |