SignIn
Kerala Kaumudi Online
Monday, 14 September 2026 1.14 AM IST

ഹൈക്കോടതി ഇടപെടലിൽ ടി.ഡി.എസ് ഒഴിവായി: ദേശീയപാത സ്ഥലമേറ്റെടുപ്പ് പുനരാരംഭിച്ചു

road

ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നൽകുന്ന നഷ്ടപരിഹാരത്തുകയ്ക്ക് ആദായ നികുതി അടയ്ക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് ആദായനികുതി വകുപ്പ് പിൻമാറി. ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നാണ് നടപടി. 2013ലെ കേന്ദ്ര നിയമം അനുസരിച്ച് പൊതു ആവശ്യങ്ങൾക്കുള്ള നിർബന്ധിത സ്ഥലം ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകുമ്പോൾ ആദായ നികുതി ഒഴിവാക്കിയിട്ടുള്ള വിവരം ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി മുഹമ്മദ് സലാഹുദ്ദീൻ, കൊല്ലം സ്വദേശികളായ ഫെലിക്സ് ബാബു, ലാസറസ് അലേഷ്യസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കോടതി വിശദീകരണം തേടിയതോടെ, നഷ്ടപരിഹാരത്തുകയ്ക്ക് ടി.ഡി.എസ് നൽകേണ്ടതില്ലെന്ന് ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഇതോടെ ഒരുമാസമായി മുടങ്ങി കിടന്ന സ്ഥലമേറ്റെടുപ്പ് ജോലികൾ പുനരാരംഭിച്ചു. നൽകുന്ന തുകയ്ക്ക് ടി.ഡി.എസ് പിടിക്കണമെന്ന് ആദായനികുതി വകുപ്പ് സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നഷ്ടപരിഹാരവിതരണം നിറുത്തിവച്ചിരുന്നത്. ടി.ഡി.എസ് വിഷയത്തിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടിയുടെ കേന്ദ്ര ഓഫീസിൽ സ്ഥലംഏറ്റെടുക്കൽ വിഭാഗം കത്ത് നൽകിയിരുന്നു.

രണ്ടുമാസം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാനാണ് എൽ.എ വിഭാഗം ലക്ഷ്യമിട്ടിരുന്നത്. ജില്ലയിൽ ദേശീയപാതയുടെ തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയാക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്.

സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവും

 രേഖകൾ ഹാജരാക്കിയ 760 പേരുടെ 14.4ഹെക്ടറിന് 272 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്

നഷ്ടപരിഹാരമായി 49 കോടി രൂപയുടെ ചെക്ക് സ്ഥലം ഉടമകൾക്ക് നൽകി നാല് ഹെക്ടർ സ്ഥലം ഏറ്റെടുത്ത് ദേശീയപാത അതോറിട്ടിക്ക് കൈമാറി

 ഏറ്റെടുക്കേണ്ട 10.4ഹെക്ടർ സ്ഥലത്തിനുള്ള 223 കോടി രൂപയുടെ ചെക്ക് അടുത്തയാഴ്ച വിതരണം ചെയ്യും

"ടി.ഡി.എസ് പിടിക്കേണ്ടെന്ന് ആദായനികുതി വകുപ്പ് കോടതിയിൽ അറിയിച്ച സാഹചര്യത്തിൽ വിധിയുടെ പകർപ്പ് ഉൾപ്പെടുത്തി നഷ്ടപരിഹാരത്തുക വിതരണത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി. നിശ്ചിത സമയത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ താൽക്കാലിക ജീവനക്കാരെ നിയമിച്ച് അവധി ദിവസങ്ങളിലും ജോലികൾ മുടങ്ങാതെ നടത്തുന്നു.

ഡെപ്യൂട്ടി കളക്ടർ, എൽ.എ വിഭാഗം, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL