SignIn
Kerala Kaumudi Online
Thursday, 10 September 2026 6.16 PM IST

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചു

v-d-satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പൊലീസ് സുരക്ഷ ഇസഡ് കാറ്റഗറിയിൽ നിന്ന് വൈ പ്ലസിലേക്ക് മാറ്റി. ഇതോടെ അഞ്ച് ഗൺമാന്മാരുണ്ടായിരുന്നത് രണ്ടാക്കി കുറച്ചു. അധോലോക നായകൻ രവിപൂജാരിയുടെ വധഭീഷണിയെത്തുടർന്നാണ് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇത് പുനഃപരിശോധിച്ചത്. ചെന്നിത്തലയ്ക്കും വൈ-പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്.

വൈ കാറ്റഗറി സുരക്ഷയിൽ 12 മുതൽ 17 വരെ പൊലീസുകാർ മഫ്തിയിലും യൂണിഫോമിലുമായുണ്ടാവും. സായുധരായ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ മാത്രമേയുണ്ടാവൂ. ഗവർണർക്കും മുഖ്യമന്ത്രിക്കും 28 കമാൻഡോകളുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. കൊച്ചി മെട്രോ എം.ഡി ലോക്നാഥ്ബെഹ്റയ്‌ക്ക് വൈ-കാറ്റഗറി സുരക്ഷയുണ്ട്. ബെഹ്റ ഡി.ജി.പിയായിരിക്കുമ്പോഴുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുടെ പേരിലാണിത്. വധഭീഷണിയുണ്ടായതിനെത്തുടർന്ന് കണ്ണൂരിലെ സി.പി.എം നേതാവ് പി. ജയരാജന് വൈ-പ്ലസ് സുരക്ഷയേർപ്പെടുത്തിയിരുന്നു.

മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, മുൻമുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിക്കും വി.എസ്.അച്യുതാനന്ദൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്. മന്ത്രിമാർക്കും സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും എ കാറ്റഗറി സുരക്ഷയാണുള്ളത്.
കേന്ദ്രമന്ത്രി വി. മുരളീധരന് വൈ കാറ്റഗറി സുരക്ഷയാണ്.

എം.പിമാരായ ഡോ.ശശിതരൂർ, കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ, പി.സി.ജോർജ്ജ്, കെ.എം.ഷാജി, എ.പി.അബ്ദുള്ളക്കുട്ടി, ബിജെപി നേതാക്കളായ എം.ടി.രമേശ്, സി.കെ പദ്മനാഭൻ, എം.എൽ.എമാരായ എ.എൻ.ഷംസീർ, പി.വി.അൻവർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർക്ക് എക്സ് കാറ്റഗറി സുരക്ഷയുണ്ട്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വൈ കാറ്റഗറിയും എസ്കോർട്ടും ജഡ്ജിമാർക്ക് വൈ കാറ്റഗറിയുമാണ് സുരക്ഷ. അഡ്വക്കേറ്റ് ജനറലിനും ജില്ലാ കളക്ടർമാർക്കും ചീഫ് ഇലക്ട്രൽ ഓഫീസർക്കും എക്സ് കാറ്റഗറി സുരക്ഷയാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA