SignIn
Kerala Kaumudi Online
Saturday, 19 September 2026 5.21 AM IST

കണ്ടുപിടുത്തങ്ങളുടെ ശ്രദ്ധേയൻ ഷാജഹാന്റെ ഇ ചൂൽ വമ്പൻ ഹിറ്റ്

shajahaan
ഷാജഹാൻ ഹാം റേഡിയോയിലൂടെ സന്ദേശങ്ങൾ നൽകുന്നു

മാള: പ്രളയകാലത്ത് 4600 ഓളം സന്ദേശങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഹാം റേഡിയോയിലൂടെ കൈമാറി ശ്രദ്ധേയനായ ഷാജഹാന്റെ പുതിയ കണ്ടുപിടിത്തമായ മുറ്റമടിക്കാനുള്ള ഇ ചൂലാണ് ഇപ്പോഴത്തെ താരം. നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തലുകൾ നടത്തിയിട്ടുള്ള പുത്തൻചിറ പിണ്ടാണി സ്വദേശിയായ മരയ്ക്കാപ്പറമ്പിൽ 62 കാരനായ ഷാജഹാൻ ഭാര്യയെ സഹായിക്കാൻ വേണ്ടിയാണ് ഇലക്ട്രിക് ചൂൽ നിർമ്മിച്ചതെങ്കിലും ഇപ്പോൾ വമ്പൻ ഹിറ്റായിരിക്കുകയാണ്. വീടിന് മുറ്റം കൂടുതലുള്ളതിനാൽ ഭാര്യക്ക് അതൊരു വല്ലാത്ത പണിയായി മാറിയപ്പോഴാണ് ഷാജഹാൻ ഇത്തരത്തിലൊരു ചൂലിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ആശയം മനസിൽ നാല് മാസം മുൻപ് കൊണ്ടുനടന്ന് പാകപ്പെടുത്തി രണ്ട് മാസമായപ്പോഴാണ് നിർമ്മാണത്തിലെത്തിയത്.

ഇലക്ട്രിക് ചൂൽ ഹിറ്റായതോടെ കാണാനും ആവശ്യക്കാരുമായി നിരവധി പേരാണ് സമീപിക്കുന്നത്. നിവർന്ന് നിന്ന് ചപ്പുചവറുകൾ അനായാസം നീക്കം ചെയ്യാൻ കഴിയും. ഇലക്ട്രോണിക്സിൽ ഡിപ്ലോമ പാസായ കാലം മുതൽ കണ്ടുപിടുത്തങ്ങളിൽ തത്പരനായിരുന്നു. ബിൽഡിംഗ് ഡിസൈനറായി നാട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഇലക്ട്രോണിക് രംഗത്തെ വൈഭവം പ്രകടമാക്കാനും ശ്രമിച്ചു. 1982 മുതൽ തുടങ്ങിയ ശ്രമത്തിനൊടുവിൽ 84 ആയപ്പോഴേക്കും സ്വന്തമായി ഇ.എസ്.ഇ.ബി നിർമ്മിച്ചു. നിലവിൽ ഇല്ലാത്ത വസ്തുക്കൾ നിർമ്മിക്കുന്നതായിരുന്നു പ്രധാന താൽപ്പര്യം.1989-90 കാലഘട്ടത്തിൽ ഇൻവെർട്ടർ നിർമ്മിച്ചു.1989 ൽ 1500 രൂപ മുടക്കി അഞ്ച് വാട്സ് ശേഷിയുള്ള ഹാം റേഡിയോ നിർമ്മിച്ചു. തുടർന്ന് ജനറൽ കാറ്റഗറി വിഭാഗത്തിൽ പരീക്ഷ പാസായി മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് ലൈസൻസ് നേടി.

പ്രളയകാലത്ത് സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയ 4600 സന്ദേശങ്ങളാണ് കൈമാറിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായത് ഈ ഹാം റേഡിയോ സംവിധാനമായിരുന്നു. കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഷാജഹാൻ പ്രളയം അടക്കമുള്ളവ പ്രവചിച്ചിരുന്നു. സാറ്റലൈറ്റ് സംവിധാനവും പ്രകൃതി നിരീക്ഷണവും നടത്തിയാണ് പ്രവചനം നടത്തുന്നത്. 2000 മുതൽ ഇതുവരെ ഓരോ ദിവസവും തന്റെ വീട്ടിൽ പെയ്ത മഴയുടെ അളവും ഷാജഹാൻ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കൾ വഴി കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മഴയുടെ അളവും രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. വീട്ടിലെ മഴയുടെ അളവ്‌ രേഖപ്പെടുത്താൻ ആദ്യ കാലത്തിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സജ്ജീകരണവും സ്വന്തമായി നിർമ്മിച്ചെടുത്തതാണ്. മഴയുടെ അളവ് സ്വന്തം മുറിയിലെ സംവിധാനത്തിൽ തെളിയും. എല്ലാ ദിവസവും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മഴയുടെ അളവ് ശേഖരിക്കും.

ഇ ചൂലിനായി

മോട്ടോർ, റോട്ടർ, നൈലോൺ കൊണ്ടുള്ള ബ്രഷ്, പി.വി.സി പൈപ്പ്, 12 വോൾട്ട് റീചാർജ്ജബിൾ ബാറ്ററി, ഇലക്ട്രോണിക് വസ്തുക്കൾ

ഇ ചൂൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് താൽപ്പര്യമില്ല. ഈ പ്രായത്തിൽ അത്തരത്തിലൊരു സാഹസത്തിന് മുതിരുന്നില്ല. അതേസമയം ഈ ഉപകരണത്തിന് പേറ്റന്റ് എടുത്ത് സ്വന്തം പേരിൽ മറ്റേതെങ്കിലും സ്ഥാപനത്തിന് കൈമാറും. ഭാര്യക്ക് മുറ്റമടിക്കുന്നതിനായി നിർമ്മിച്ച ഇ ചൂൽ കാണാൻ നിരവധി പേരാണ് എത്തുന്നത്. നല്ല ബാറ്ററി അടക്കം ഇത് നിർമ്മിക്കുന്നതിന് പരമാവധി ചെലവ് വരുന്നത് 5000 രൂപയാണ്.

- ഷാജഹാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL