SignIn
Kerala Kaumudi Online
Monday, 29 June 2026 4.03 AM IST

പിടിച്ചുവാങ്ങിയ റൂട്ടുകളിൽ പിന്നോട്ടോടി ആനവണ്ടി

t

 സ്വകാര്യ ബസുകളെ പുകച്ചു ചാടിച്ച റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവീസുമില്ല

കൊല്ലം: 'വെടക്കാക്കി തനിക്കാക്കി'യ ഒട്ടുമിക്ക റൂട്ടുകളും കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചതോടെ ഇവിടങ്ങളിലെല്ലാം യാത്രാക്ളേശം രൂക്ഷമായി. സ്വകാര്യ ബസുകൾ നിറഞ്ഞുനിന്നിരുന്ന റൂട്ടുകളിൽ ഇടിച്ചുകയറി ആധിപത്യം സ്ഥാപിച്ച ആനവണ്ടികൾ വരുമാന നഷ്ടത്തിന്റെ പേരിൽ പതിയെ 'റിവേഴ്സ്'പോവുകയും മുമ്പ് സർവീസ് നടത്തിയിരുന്ന 500 സ്വകാര്യ ബസുകൾ അപ്രത്യക്ഷമാവുകയും ചെയ്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

കൊവിഡിനു മുമ്പാണ് സ്വകാര്യ ബസുകാരുമായി മത്സരിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ റൂട്ടുകളിൽ സർവീസുകൾ തുടങ്ങിയത്. സ്വകാര്യൻമാർ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ഭാഗങ്ങളിലൊക്കെ പതിയെ ആധിപത്യം സ്ഥാപിച്ചുതുടങ്ങി. എന്നാൽ ഇന്ധനവില വർദ്ധനവും പതിവ് പ്രതിസന്ധികളും സർവീസുകൾ പലതും വെട്ടിക്കുറയ്ക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിച്ചു. ഇത് യാത്രക്കാർക്കാണ് തലവേദനയായത്.

 കണ്ണിപൊട്ടി ചെയിൻ സർവീസ്

കൊട്ടിയം- അഞ്ചൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ചത് മൂന്നു വർഷം മുൻപാണ്. 32 സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ നിലവിൽ ഒരു സ്വകാര്യബസ് മാത്രമാണുള്ളത്. ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽ നിന്നായി 14 കെ.എസ്.ആർ.ടി.സി ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കഷ്ടിച്ച് 10 എണ്ണമാണ് ഓടുന്നത്. വിദ്യാർത്ഥികൾക്ക് ഈ റൂട്ടിൽ കൺസെഷൻ ഇതുവരെ അനുവദിച്ചിട്ടില്ല. അഞ്ചൽ ചെയിൻ സർവീസിന് കൃത്യതയില്ലാത്തതിനെ തുടർന്ന് ഗതാഗത മന്ത്രിക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും അടുത്തിടെയുണ്ടായിരുന്നു. കൊല്ലം- കുളത്തൂപ്പുഴ, കൊല്ലം- ചെങ്ങന്നൂർ, കൊല്ലം- പത്തനംത്തിട്ട, പാരിപ്പള്ളി- കൊട്ടാരക്കര, പരവൂർ- കൊട്ടാരക്കര എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്.

 ഓർഡിനറി ഒന്നുപോലുമില്ല

തിരക്കേറിയ അഞ്ചാലുംമൂട് റൂട്ടിൽ നേരത്തെ ലിമിറ്റഡ് സോപ്പ് ഒഴികെ ഇരുപതിലധികം കെ.എസ്.ആർ.ടി.സി ബസുകളാണ് ഓർഡിനറി സർവീസ് നടത്തിയിരുന്നത്. ഒന്നുപോലും ഇപ്പോഴില്ല. പ്രാക്കുളത്തേക്ക് അഞ്ചും അഷ്ടമുടിയിലേക്ക് മൂന്നും കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടായിരുന്നു. ഇതോടെ ഈ രണ്ടിടത്ത് മാത്രം ആറ് സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചു. നിലവിൽ ഇരുകൂട്ടരും ഇല്ലാത്ത അവസ്ഥയാണ്. കൊല്ലം- ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസ് മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഇതേ റൂട്ടിൽ ഒരു ഫാസ്റ്റ് പാസഞ്ചറുമുണ്ട്.

 ഉദ്ഘാടനത്തിൽ ഒതുങ്ങി

ബൈപ്പാസ് തുറന്നദിവസം തന്നെ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം നടത്തിയതാണ് കരുനാഗപ്പള്ളി-പാരിപ്പള്ളി ചെയിൻ സർവീസ്. ഇരുപത് മിനിട്ട് ഇടവേളകളിൽ സർവീസ് നടത്തുകയും ചെയ്തു. ബൈപ്പാസ് വഴി സ്വകാര്യബസുകളുടെ കടന്നുകയറ്റം തടയുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ അഞ്ചിൽ താഴെ ബസുകൾ മാത്രമാണ് ബൈപ്പാസിൽ സർവീസ് നടത്തുന്നത്.

............................

 ജില്ലയിൽ സ്വകാര്യ ബസ് പെർമിറ്റുകൾ: 1100

 നിലവിൽ സർവീസുകൾ: 600

 മൂന്ന് വർഷത്തിനിടെ പെർമിറ്റ് സറണ്ടർ ചെയ്തത്: 400ൽ ഏറെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENARAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL