SignIn
Kerala Kaumudi Online
Thursday, 24 September 2026 10.04 AM IST

ഛിന്ന ഗ്രഹത്തെ ഇടിച്ചോടിക്കാൻ നാസയുടെ ചാട്ടുളി

dart

നാസ:ഭൂമിയെ തകർക്കാൻ ബഹിരാകാശത്തു നിന്ന് പാഞ്ഞു വരുന്ന ഛിന്നഗ്രഹത്തെയും ഉൽക്കയെയും ന്യൂക്ലിയർ ബോംബ് വച്ച് തകർക്കുന്നതാണ് അർമാഗെഡോൺ, ഡീപ് ഇംപാക്ട് എന്നീ ഹോളിവുഡ് സിനിമകളുടെ പ്രമേയം. സിനിമാ ഭാവന യാഥാർത്ഥ്യമാക്കും വിധം, ഭൂമിക്ക് ആപത്തുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ 'ഇടിച്ച്' വഴിതിരിച്ചു വിടുന്ന സാങ്കേതിക വിദ്യ പരീക്ഷിക്കുന്ന 'ഡാർട്ട്' ദൗത്യം നാസ വിക്ഷേപിച്ചു.

കാലിഫോർണിയയിലെ വാൻഡെൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ഇന്നലെ ഫാൽക്കൺ റോക്കറ്റിലാണ് ഡാർട്ട് ( ചാട്ടുളി )​ യാനം വിക്ഷേപിച്ചത്.ദൗത്യത്തിന്റെ ചെലവ് 32.5കോടി ഡോളർ ( 2,​500 കോടി രൂപ )​.

ബഹിരാകാശത്തെ രണ്ട് ഛിന്ന ഗ്രഹങ്ങളെയാണ് ഡാർട്ട് ഉന്നമിടുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ സാദ്ധ്യത ഇല്ലാത്ത ഇവയെ പരീക്ഷണത്തിന് തിരഞ്ഞെടുത്തെന്നു മാത്രം. ഇതിൽ ഡിഡിമോസ് ആണ് വലുത് - 780 മീറ്റർ. ചെറുത് ഡൈമോർഫോസ് - 160 മീറ്റർ. ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന ഡൈമോർഫോസിനെ ഇടിച്ച് ഭ്രമണപഥം മാറ്റുകയാണ് ഡാർട്ടിന്റെ ദൗത്യം.

2022 സെപ്റ്റംബറിൽ

സൂര്യനെ ഭ്രമണം ചെയ്യുന്ന ഡാർട്ട് 2022 സെപ്റ്റംബറിൽ ഡൈമോർഫോസിൽ ഇടിച്ചു കയറും. അപ്പോൾ ഡൈമോർഫോസ് ഭൂമിയിൽ നിന്ന് 108 ലക്ഷം കിലോമീറ്റർ അകലെ. സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗതയിലായിരിക്കും ഡാർട്ട് ഇടിക്കുന്നത്. ആഘാതത്തിൽ ഡൈമോർഫോസിന്റെ വേഗതയിലും ദിശയിലും നേരിയ വ്യത്യാസമേ വരൂ. സെക്കൻഡിൽ ഒരു മില്ലീമീറ്ററിന്റെ ഒരംശം മാത്രം. ഡൈമോർഫോസിന്റെ ഭ്രമണപഥം മാറ്റാൻ അത് മതിയാകും.

ഡ്രാക്കോ എന്ന കാമറയാണ് ഡാർട്ടിന്റെ വഴികാട്ടി. കാമറ രണ്ട് ഛിന്നഗ്രഹങ്ങളുടെയും ചിത്രങ്ങൾ അയയ്ക്കും. ഇടിക്ക് പത്ത് ദിവസം മുമ്പ് ലിസിയ ക്യൂബ് എന്ന ഒരു കുഞ്ഞ് ഉപഗ്രഹത്തെ ഡാർട്ട് പുറത്തേക്ക് വിടും. ഈ ഇറ്റാലിയൻ ഉപഗ്രഹം ഡാർട്ട് ഇടിക്കുന്നതിന്റെയും ആഘാതം സൃഷ്ടിക്കുന്ന പൊടിപടലത്തിന്റെയും ഗർത്തത്തിന്റെയും ചിത്രങ്ങൾ അയയ്‌ക്കും. ഡൈമോർഫോസിന്റെ സഞ്ചാര പഥത്തിലെ മാറ്റം ഭൂമിയിലെ ശക്തമായ ടെലസ്കോപ്പുകൾ രേഖപ്പെടുത്തും. ഇപ്പോൾ 11മണിക്കൂറും 55 മിനിറ്റും എടുത്താണ് ഡൈമോർഫോസ് ഒരു തവണ ഡിഡിമോസിനെ ഭ്രമണം ചെയ്യുന്നത്. ഇതിലുണ്ടാവുന്ന മാറ്റം ഒരു ശതമാനം പോലും ഉണ്ടാവില്ല. പക്ഷേ ഭൂമിയെ ​രക്ഷിക്കാൻ അതു മതിയെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.

കൂട്ടിയിടിച്ചാൽ

ഡൈമോർഫോസിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ ന്യൂക്ലിയർ ബോംബിന്റെ പല മടങ്ങ് ശക്തിയുള്ള സ്ഫോടനം. പതിനായിരങ്ങൾ മരിക്കും.

300 മീറ്ററിൽ കൂടുതൽ വ്യാസമുള്ളവയാണെങ്കിൽ ഒന്നിലേറെ ഭൂഖണ്ഡങ്ങളിൽ നാശം

ഒരു കിലോമീറ്ററിലേറെ വലിപ്പമുള്ളവയാണെങ്കിൽ ലോകം മുഴുവൻ കെടുതികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360