SignIn
Kerala Kaumudi Online
Thursday, 19 February 2026 1.55 AM IST

ഉണർവോടെ സമ്പദ്‌രംഗം; കുതിച്ചുയർന്ന് ജി.ഡി.പി

Increase Font Size Decrease Font Size Print Page
gdp

കൊച്ചി: കൊവിഡിൽ കൂപ്പുകുത്തിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നടപ്പുവർഷം രണ്ടാംപാദത്തിലെ 8.4 ശതമാനം ജി.ഡി.പി വളർച്ച. തുടർച്ചയായ നാലാംപാദത്തിലാണ് വളർച്ചാനിരക്ക് പോസിറ്റീവാകുന്നത്.

കഴിഞ്ഞ സമ്പദ്‌വർഷത്തെ ആദ്യരണ്ടുപാദങ്ങളിലും -തുടർച്ചയായി- നെഗറ്റീവ് വളർച്ചകുറിച്ച് ഇന്ത്യ, 'സാങ്കേതിക സാമ്പത്തിക മാന്ദ്യ"ത്തിൽ അകപ്പെട്ടിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതും വാക്‌സിനേഷൻ ഉഷാറായതും വഴി പിന്നീട് സമ്പദ്‌പ്രവർത്തനങ്ങൾ സാധാരണനിലയിലായത് ജി.ഡി.പിയുടെ കുതിപ്പിന് വഴിയൊരുക്കി.

ഉഷാറായി തിരിച്ചുകയറ്റം

(ജി.ഡി.പി വളർച്ച കഴിഞ്ഞപാദങ്ങളിൽ)

2020-21

ഏപ്രിൽ-ജൂൺ : -24.4%

ജൂലായ് - സെപ്‌തം : -7.4%

ഒക്‌ടോ-ഡിസം : 0.4%

ജനുവരി - മാർച്ച് : 1.6%

2021-22

ഏപ്രിൽ-ജൂൺ : 20.1%

ജൂലായ്-സെപ്തം : 8.4%

₹35.73 ലക്ഷം കോടി

ഇക്കുറി ജൂലായ്-സെപ്‌തംബറിൽ ജി.ഡി.പി മൂല്യം 35.73 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേപാദത്തിലെ 32.96 ലക്ഷം കോടി രൂപയേക്കാൾ 8.4 ശതമാനം അധികം.

തളരാതെ കൃഷി,

മുന്നേറി മാനുഫാക്ചറിംഗ്

കൃഷി, മാനുഫാക്‌ചറിംഗ്, ഖനനം, നിർമ്മാണ മേഖലകളാണ് കഴിഞ്ഞപാദ ജി.ഡി.പിക്കുതിപ്പ് നേതൃത്വം കൊടുത്തത്. വളർച്ചാക്കണക്ക്:

 കാർഷികം : 4.5%

 മാനുഫാക്‌ചറിംഗ് : 5.5%

 നിർമ്മാണം : 7.5%

 ഖനനം : 15.4%

 വൈദ്യുതി : 8.9%

 സ്വകാര്യ ഉപഭോഗം : 8.6%

 വ്യാപാരം : 8.2%

 ധനകാര്യം : 7.8%

 പൊതുഭരണം : 17.4%

 സർക്കാർ ചെലവ് : 8.7%

 നിക്ഷേപങ്ങൾ : 11%

തിളക്കത്തോടെ ഇന്ത്യ

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിറുത്തി. കണക്കുകൾ:

ഇന്ത്യ : 8.4%

ചൈന : 4.9%

ഫ്രാൻസ് : 3%

ജർമ്മനി : 1.8%

അമേരിക്ക : 2.1%

ബ്രിട്ടൻ : 1.3%

ജപ്പാൻ : -0.8%

ഇറ്റലി : 2.6%

ധനക്കമ്മി 36.3%

5.47 ലക്ഷം കോടി രൂപയാണ് നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ കേന്ദ്ര ധനക്കമ്മി. നടപ്പുവർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യമായ 15.06 ലക്ഷം കോടി രൂപയുടെ (ജി.ഡി.പിയുടെ 6.8 ശതമാനം) 36.3 ശതമാനമാണ്.

മുഖ്യ വ്യവസായത്തിലും മുന്നേറ്റം

ഇന്ത്യയുടെ മുഖ്യ വ്യവസായരംഗം ഒക്‌ടോബറിൽ 7.5 ശതമാനം വളർന്നു. സെപ്‌തംബറിൽ 4.5 ശതമാനവും 2020 ഒക്‌ടോബറിൽ നെഗറ്റീവ് 0.5 ശതമാനവുമായിരുന്നു. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, വളം, വൈദ്യുതി, സിമന്റ്, സ്‌റ്റീൽ, റിഫൈനറി ഉത്‌പന്നങ്ങൾ എന്നീ മേഖലകളാണ് മുഖ്യ വ്യവസായത്തിലുള്ളത്.

ആശങ്കയായി ഒമിക്രോൺ

കൊവിഡ് ആശങ്ക ഒഴിഞ്ഞതിന്റെ കരുത്തിലാണ് കഴിഞ്ഞപാദങ്ങളിൽ ഇന്ത്യൻ ജി.ഡി.പി നേട്ടത്തിലേറിയത്. വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തിയാൽ സമ്പദ്‌വളർച്ചയുടെ കരകയറ്റം വൈകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

TAGS: BUSINESS, INDIA GDP, GDP GROWTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY