
70-ാം ജന്മദിനത്തിൽ പ്രഖ്യാപനം
കൊച്ചി: ജോയ്ആലുക്കാസ് സ്ഥാപകനും ആഗോള ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനുമായ ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയിൽ 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഭവനനിർമാണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വയോജനക്ഷേമം, നിർധനർക്കുള്ള ചികിത്സാസഹായം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ തുക വിനിയോഗിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്ന പദ്ധതികൾ സുതാര്യമായ സംവിധാനത്തിലൂടെ നടപ്പാക്കുമെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
ഡയാലിസിസ് രോഗികൾക്ക് സാമ്പത്തികസഹായം, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കറുകൾ, മറ്റ് ചികിത്സാസഹായങ്ങൾ എന്നിവ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 550-ലധികം വീടുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കായി 'ജോയ് ഓഫ് ഹോപ്പ്' സ്കോളർഷിപ്പുകളും വനിതകൾക്കായി സംരംഭകത്വ പരിശീലനവും നൽകുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി 'ജോയ് ഫോർ എർത്ത്' പദ്ധതിയും നടപ്പാക്കുന്നുണ്ട്.
കൊച്ചിയിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി ,ദിലീപ്, കുഞ്ചാക്കോ ബോബൻ, നാദിർഷ, വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ് പട്ടാഭിരാമൻ, നവാസ് മീരാൻ, മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമാ തോമസ്, ടി ജെ വിനോദ്, കൊച്ചി മേയർ വി കെ മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |