
സെൻസെക്സ് കുതിച്ചുയർന്നു
കൊച്ചി: ദീപാവലി ആഘോഷത്തിന് ആവേശകരമായ തുടക്കമിട്ട് ഇന്ത്യൻ ഓഹരി വിപണി. റിലയൻസ് ഇൻഡസ്ട്രീസിന്റെ മികച്ച രണ്ടാം പാദ ഫലവും ക്രൂഡോയിൽ വിലയിടിവും വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ചേർന്നതോടെ തിങ്കളാഴ്ച സെൻസെക്സ് 1,233 പോയിന്റ് നേട്ടവുമായി 75,692.78ലും നിഫ്റ്റി 387.7 പോയിന്റ് ഉയർന്ന് 23,440.80ലും അവസാനിച്ചു.തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടമുണ്ടാക്കുന്നത്. രണ്ടാം പാദത്തിൽ റെക്കാഡ് ലാഭം രേഖപ്പെടുത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന നേട്ടം കൈവരിച്ചു. കമ്പനിയുടെ അറ്റാദായം 33.8 ശതമാനം ഉയർന്ന് 29,550 കോടി രൂപയിലെത്തി. വരുമാനം 28 ശതമാനം ഉയർന്ന് 3.62 ലക്ഷം കോടി രൂപയായി. എണ്ണശുദ്ധീകരണ, പെട്രോകെമിക്കൽ ബിസിനസുകളിലെ ശക്തമായ പ്രകടനമാണ് നേട്ടത്തിന് പ്രധാന കാരണം. ഒക്ടോബറിൽ ആഭ്യന്തര ജി.എസ്,.ടി വരുമാനം 15 ശതമാനത്തിലധികം വളർച്ച നേടിയതും സാമ്പത്തിക മേഖലയിലെ മികച്ച ഉണർവായി വിലയിരുത്തുന്നു.
വാഹന വിപണി ടോപ്പ് ഗിയറിൽ
ഒക്ടോബറിലെ വാഹന വിൽപ്പന കണക്കുകളും വാഹന ഓഹരികൾക്ക് കരുത്തായി. മാരുതി സുസുക്കി ഉൾപ്പെടെയുള്ള കമ്പനികളുടെ വിൽപ്പനയിലെ മുന്നേറ്റം ഉത്സവകാല ആവശ്യകത ശക്തമാണെന്ന സൂചന നൽകി. റിലയൻസ്, ടാറ്റ സ്റ്റീൽ, ശ്രിറാം ഫിനാൻസ് എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടക്കാരായി. അതേസമയം, ഇൻഫോസിസ്, സൺ ഫാർമ, ആക്സിസ് ബാങ്ക് ഓഹരികൾ സമ്മർദത്തിലായി.
ക്രൂഡ് വില താഴേക്ക്
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ സൂചനകൾ ക്രൂഡോയിൽ വിലയിൽ പ്രതിഫലിച്ചു. ബാരലിന് 118 ഡോളറിൽ നിന്നും ബ്രെന്റ് ക്രൂഡ് വില 110 ഡോളറിലേക്ക് താഴ്ന്നു. ക്രൂഡോയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വിലയിടിവ് ആശ്വാസമാണ്. പണപ്പെരുപ്പ സമ്മർദവും കമ്പനികളുടെ ചെലവും കുറയുമെന്ന പ്രതീക്ഷയും വിപണിയെ പിന്തുണച്ചു.
ആവേശമുയർത്തുന്നത്
1. രണ്ടാം പാദത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ലാഭത്തിലെ കുതിപ്പ്
2. ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിലേക്ക് താഴ്ന്നു
3. വാഹന വിൽപ്പനയിലെയും ജി.എസ്.ടി വരുമാനത്തിലെയും ഉണർവ്
4. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും വിപണിയിൽ സജീവമാകുന്നു
നിക്ഷേപരുടെ ആസ്തിയിലെ വർദ്ധന
8 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |