SignIn
Kerala Kaumudi Online
Tuesday, 15 September 2026 5.55 AM IST

പാടം നിറഞ്ഞ് കർഷകന്റെ കണ്ണീർ

d

വിഴിഞ്ഞം: വെള്ളായണി കായൽ വികസനത്തിനായി 96 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച സർക്കാർ, വർഷങ്ങൾക്ക് മുമ്പ് കായലിന് സമീപം അധികൃതരെ വിശ്വസിച്ച് പുഞ്ചക്കൃഷിക്കിറങ്ങിയ കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കർഷകരുടെ കൈവശഭൂമിയും വെള്ളായണി കാർഷിക കോളജിന്റെ അധീനതയിലുള്ള 400 ഏക്കർ ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലത്ത് കൃഷിക്കിറക്കിയിരുന്ന കർഷകരാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ഓഫീസുകൾ കയറിയിറങ്ങുന്നത്.

കായൽ കേന്ദ്രീകരിച്ച് നിരവധി കുടിവെള്ള പദ്ധതികൾ ആരംഭിച്ചതോടെ വെള്ളംവറ്റിച്ച് കൃഷി ചെയ്യാൻ സാധിക്കാതായതാണ് കർഷകർക്ക് തിരിച്ചടിയായത്. ഇതോടെ സർക്കാർ ഭൂമിക്കൊപ്പം കർഷകരുടെ പട്ടയഭൂമിയും വെള്ളത്തിനടിയിലായി. ഭൂമി നഷ്ടത്തിനൊപ്പം വരുമാന നഷ്ടവും നേരിട്ടതോടെ പുഞ്ചകർഷകരും വസ്തു ഉടമകളും വെള്ളായണി പാടശേഖര - കായൽ സംരക്ഷണ സമിതി രൂപീകരിച്ചു. വെള്ളംകയറിയ പട്ടയഭൂമികൾ സർക്കാർ ഏറ്റെടുത്ത് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധങ്ങൾക്കൊടുവിൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർനടപടികൾ പാളി.

ഉത്തരവ് ഇറങ്ങിയത് 2017ൽ

വെള്ളായണി പാടശേഖര - കായൽ സംരക്ഷണ സമിതിയുടെ നിവേദനങ്ങൾക്കൊടുവിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2017ൽ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ എന്നിവരുടെ സംയുക്തയോഗം വിളിച്ചിരുന്നു. കർഷകർക്ക് ന്യായമായ വില നൽകി ഭൂമി ഏറ്റെടുക്കുവാനായിരുന്നു അന്നത്തെ തീരുമാനം. ഇതാണ് നടപടിയാകാതെ കിടക്കുന്നത്.

നടപടികൾ എവിടെ?

626പേരുടെ ഉടമസ്ഥതയിലുള്ള 87.19 ഹെക്ടർ കൃഷിഭൂമിയാണ് വെള്ളത്തിനടിയിലായതെന്ന് 2017ലെ യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഈ ഭൂമിയിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ സർവേ നടത്തി ശേഖരിക്കാനും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി വേലികെട്ടി അതിരുകൾ അടയാളപ്പെടുത്താനും കളക്ടറെ യോഗം ചുമതലപ്പെടുത്തി. ന്യായമായ സ്ഥലവില നിശ്ചയിക്കുന്നതിനും പട്ടയഭൂമി അക്വിസിഷനായി വേണ്ടിവരുന്ന തുക ഭരണ വകുപ്പ് ധനകാര്യ വകുപ്പുമായി ആലോചിച്ച് കണ്ടെത്താനും തീരുമാനിച്ചിരുന്നു. ഭൂമി നഷ്ടപ്പെട്ട കർഷകരുടെ ലിസ്റ്റ് അധികൃതർ തയ്യാറാക്കിയെങ്കിലും മറ്റ് നടപടികൾ ഇപ്പോഴും കടലാസിലാണ്.

ലിസ്റ്റിലും ഉൾപ്പെടാതെ 50ഓളം പേർ

ഭൂമി നഷ്ടമായവരുടെ ലിസ്റ്റ് തയ്യാറാക്കിയതിൽ കല്ലിയൂർ പഞ്ചായത്തിലെ 50ഓളം കർഷകർ ഒഴിവാക്കപ്പെട്ടതായും ആക്ഷേപമുണ്ട്. 27-ാം നമ്പർ ബ്ലോക്കിലെ കർഷകരാണ് ലിസ്റ്റിന് പുറത്തായത്. ഇതിൽ പ്രതിഷേധിച്ച്

ഇന്നലെ പാടശേഖര - കായൽ സംരക്ഷണ സമിതി പ്രവർത്തകർ യോഗം ചേർന്നു.

വെള്ളായണിക്കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയെ സ്വാഗതം ചെയ്യുന്നു. ഇതോടൊപ്പം പുഞ്ചക്കൃഷിക്ക് ഭൂമി വിട്ടുനൽകിയ കർഷകരുടെ ദുരിതവും പരിഹരിക്കപ്പെടണം. മുഖ്യമന്ത്രിയുടെ ഉത്തരവ് ഉണ്ടായിട്ടും നഷ്ടപരിഹാരം വിതരണം ചെയ്യാത്ത് ഉദ്യോഗസ്ഥരുടെ അലംഭാവമാണ്. ഭൂമി നഷ്ടപ്പെട്ട കർകരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകും."

കോളിയൂർ ഗോപി

കൺവീനർ, പാടശേഖര - കായൽ

സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, VELLAYANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL