SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.01 PM IST

സർക്കാർ ആക്രമണത്തിനിരയായ നടിയ്ക്കൊപ്പം, വിസ്മയയ്ക്കും ജിഷയ്ക്കും ലഭിച്ച നീതി നടിയ്ക്കും ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ എൽഡിഎഫും സർക്കാരും നടിയ്ക്കൊപ്പമാണെന്നും വിസ്മയയ്ക്കും ജിഷയ്ക്കും ലഭിച്ച നീതി ആക്രമണത്തിനിരയായ നടിയ്ക്കും ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്നതിനാലാണ് പ്രതികളെ അറസ്‌റ്റ് ചെയ്തതെന്നും യുഡിഎഫ് ആയിരുന്നെങ്കിൽ അറസ്‌റ്റ് നടക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എല്ലാകാലത്തും പ്രതികൾക്കൊപ്പം മാത്രമാണ് നിന്നിട്ടുള്ളതെന്നും പിണറായി വിജയൻ ആരോപിച്ചു.

കേസിൽ അറസ്റ്റ് നടന്നത് അതിവേഗമാണെന്നും പ്രതികളെ പിടിക്കൂടുന്നതിന് പൊലീസിന് യാതൊരുവിധ തടസവുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് കൈവിറയൽ ഇല്ലെന്നും ഏത് ഉന്നതന്റെ അടുത്തേക്കും പോകാമെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും സർക്കാർ നടിയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. കേസിലെ തുടരന്വേഷണം ഭരണ - രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക് റിപ്പോർട്ടിൽ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് ആരോപണം.

മെമ്മറി കാർഡിലെ ഫയൽ ആരെങ്കിലും കാണുകയോ പകർത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവിൽ മാറ്റം വരൂ. ഗൗരവമേറിയ വിഷയം വിചാരണക്കോടതി രഹസ്യമാക്കിവച്ചു. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാൻ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നടപടിയെടുത്തില്ല. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവർ ഹർജിയിൽ വ്യക്തമാക്കി.

എന്നാൽ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജി ഇന്ന് പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കരുതെന്ന് നടി കഴിഞ്ഞ ദിവസം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിക്കാനെടുക്കവെയാണ് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS, ATTACK, CASE, PINARAYI VIJAYAN, KERALA, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA