SignIn
Kerala Kaumudi Online
Thursday, 01 October 2026 4.48 AM IST

മത്സ്യബന്ധന തുറമുഖത്തെ സീവേർഡ് ബ്രേക്ക് വാട്ടർ പദ്ധതിക്ക് എസ്റ്റിമേറ്റായി

വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്തെ പ്രധാന പുലിമുട്ടായ സീവേർഡ് ബ്രേക്ക് വാട്ടർ പദ്ധതിക്ക് (പുലിമുട്ട് നീളം കൂട്ടൽ)എസ്റ്റിമേറ്റായി. നിലവിലുള്ള പുലിമുട്ട് നീളം കൂട്ടുന്നതിനായി 70 കോടിയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കി നൽകിയത്. ഈ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതി ലഭിച്ചാലുടൻ പണി ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ വർഷം തന്നെ ഭരണാനുമതി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വർഷകാലത്തു തുടർച്ചയായി തിരയടിച്ച് വാർഫും ചുറ്റുപാടുകളും തകരുന്നത് തടയുന്നതിനായാണ് പുതിയ പദ്ധതി തയാറാക്കുന്നത്. ഇതിനായി പൂനെ കേന്ദ്രമായ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷന്റെ നേതൃത്വത്തിൽ പഠനവും സർവേയും നടത്തിയിരുന്നു. ഇവരുടെ പഠന റിപ്പോർട്ടിലെ ശുപാർശയനുസരിച്ചാണ് പുതിയ പദ്ധതിക്കായി എസ്റ്റിമേറ്റ് തയാറാക്കിയത്. വർഷകാലത്തുൾപ്പെടെ മത്സ്യബന്ധന തുറമുഖത്തേക്ക് ശക്തമായ തിരയടി ഉണ്ടാകാറുണ്ട്. ഇതു വള്ളങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തിരയടി ശക്തമാകുമ്പോൾ വള്ളങ്ങൾക്ക് ഹാർബർ പ്രവേശന മൗത്ത് വഴി പോകാനും വരാനും ബുദ്ധിമുട്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. മൗത്തിൽ വലിയ തോതിൽ മണ്ണടിയുന്നതു കാരണം ഈ ഭാഗത്ത് പതിവായി അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസിൽ) നേതൃത്വത്തിൽ കേന്ദ്ര ഏജൻസി പഠനം നടത്തിയത്. സീവേർഡ് ബാക് വാട്ടർ 45 ഡിഗ്രി ചരിവിൽ 270 മീറ്റർ നീളം കൂട്ടുന്നതിനായാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

എസ്റ്റിമേറ്റ് തുക........... 70 കോടി


പഴയവാർഫ് ബലപ്പെടുത്തി

കടൽക്ഷോഭത്തിൽ തകർന്ന പഴയ വാർഫിനു സമീപത്തെ ചുറ്റുമതിൽ ഉൾപ്പെടെ ബലപ്പെടുത്തി. ഓഖിയിലും കടൽക്ഷോഭത്തിലും തകർന്ന വർഫാണ് പുനരുദ്ധരിച്ചത്. വാർഫ് ടെട്രാപോഡുകൾ നിക്ഷേപിച്ച് ബലപ്പെടുത്തി. തുടർന്ന് തകർന്ന ചുറ്റുമതിൽ പുനർനിർമിച്ചു.കസ്റ്റംസ് ഓഫീസും തുറമുഖ വകുപ്പിന്റെ കീഴിലുള്ള പോർട്ട് ഓഫീസും സ്ഥിതിചെയ്യുന്നതിന് പിറകിലെ പഴയ വാർഫിന്റെ മതിൽ എട്ടുവർഷങ്ങൾക്ക് മുൻപ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ചതാണ്. എന്നാൽ ഇത് തകർന്നതോടെ ഇതുവഴി ആർക്കും കടന്നുകയറാമെന്ന അവസ്ഥയായിരുന്നു. ഏതാനും വർഷം മുൻപ് പോർട്ട് ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം വരെ ഉണ്ടായി. രാത്രിയിൽ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നതായും പരാതിയുണ്ട്. കൂടാതെ വലിയ കടപ്പുറത്തിനു സമീപത്തെ മതിലിന്റെ ഭാഗങ്ങളും തകർന്നു. ചുറ്റുമതിൽ നിർമ്മിച്ചിരുന്നെങ്കിലും ഗേറ്റ് പൂട്ടാറില്ലായിരുന്നു. വാർഫിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.


സഞ്ചാരികൾ അടുക്കുന്ന തീരം

വിനോദ സഞ്ചാരികളുമായി കപ്പലുകൾ അടുക്കുന്നത് ഈ വാർഫിലാണ്. തീരസൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേല്ക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷവും സുരക്ഷയില്ലായ്മയുമാണ്. മാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുന്നതും ഈ വാർഫിൽ നിന്നാണ്. ഇവിടെ എമിഗ്രേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നപടികൾ അവസാന ഘട്ടത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, BREAKWATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL