SignIn
Kerala Kaumudi Online
Sunday, 02 August 2026 11.10 AM IST

ഗൃഹനാഥന്റെ മുഖത്ത് കടിച്ച് രക്ഷപ്പെട്ട മോഷ്ടാവ് മറ്റൊരിടത്ത് മരിച്ച നിലയിൽ

a

നെടുങ്കണ്ടം: മോഷണത്തിനിടെ ഉണ്ടായ മൽപ്പിടിത്തത്തിൽ ഗൃഹനാഥന്റെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചശേഷം ഓടിരക്ഷപ്പെട്ട മോഷ്ടാവിനെ മറ്റൊരു വീടിന്റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാറിലാണ് സംഭവം. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിൽ ഇയാൾ കവർച്ചയ്ക്കെത്തിയത്. കഴിഞ്ഞ ദിവസം മകൾക്ക് നൽകാനായി ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടിൽ എത്തിച്ചിരുന്നു. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിലെ അലമാരയിലാണ് അത് സൂക്ഷിച്ചിരുന്നത്.
മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി,​ ചാർജ് ചെയ്യാൻവച്ചിരുന്ന മൊബൈൽ ഫോൺ നിലത്തുവീണു. ഈ ശബ്ദം കേട്ടാണ് രാജേന്ദ്രൻ ഉണർന്നത്. രാജേന്ദ്രൻ എഴുന്നേറ്റതോടെ ജോസഫ് പുറത്തേക്കോടി. പിന്തുടർന്നെത്തിയ രാജേന്ദ്രനും ജോസഫും തമ്മിൽ മൽപ്പിടിത്തമുണ്ടായി. അതിനിടെയാണ് രാജേന്ദ്രന്റെ മുഖത്ത് ജോസഫ് കടിച്ചത്.
ഓടി രക്ഷപെട്ട ജോസഫിനെ 200 മീറ്റർ അകലെയുള്ള വീടിന്റെ പരിസരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മോഷ്ടാവുമായി മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുള്ളതായി പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ ചെരുപ്പും ടോർച്ചും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു. പരിസരവാസികളുടെ മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പ്‌സ്വാമി, ഉടുമ്പൻചോല സി.ഐ ഫിലിപ് സാം, നെടുങ്കണ്ടം സി.ഐ ബി.എസ്.ബിനു, ഇടുക്കി ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY