മുഖത്ത് വെട്ടേറ്റതിന്റെ പാടുകൾ
നാഗർകോവിൽ: കുഴിത്തുറ താമ്രപർണി നദിയുടെ സമീപത്ത് മലയാളിയായ ശിവസേന നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മാർത്താണ്ഡം പൊലീസ്. പളുകലിൽ താമസിക്കുന്ന ചെങ്കവിള സ്വദേശിയും തമിഴ്നാട് ശിവസേന പാർട്ടിയുടെ കേരള അദ്ധ്യക്ഷനുമായ അതുലാണ് (32) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
അതുലിന്റെ സുഹൃത്തുക്കളായ നാലുപേരാണ് കൊലപാതകത്തിന് പിന്നിലെന്നും കന്യാകുമാരി സ്വദേശികളായ പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. സി.സി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവിൽപ്പോയ പ്രതികളെ കണ്ടെത്തുന്നതിനായി കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. കഴിഞ്ഞ ദിവസം രാവിലെ കണ്ണക്കോട് താമ്രപർണി നദിയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചിതറാൽ മലൈകോവിലിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയ അതുലിന്റെ കാറിൽ രക്തക്കറ ഉണ്ടായിരുന്നു. കാറിന്റെ പിറകുവശത്ത് ശിവസേന കേരള ഘടകം പ്രസിഡന്റ് എന്ന് എഴുതിയിരുന്നത് പ്രതികൾ കല്ലുകൊണ്ട് ഉരച്ചെന്നും നമ്പർ പ്ലേറ്റ് ഊരി മാറ്റിയെന്നും പൊലീസ് സ്ഥിരീകരിച്ചു. ദേഹത്ത് മലയാളത്തിൽ പച്ച കുത്തിയത് കണ്ടാണ് സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞത്. ചെങ്കവിള സി.കെ.സദനത്തിൽ പരേതനായ സുധീശന്റെയും ഷൈലജയുടെയും മകനാണ്. സഹോദരങ്ങൾ: അതുല്യ,പരേതനായ അഖിൽ.
പിറന്നാൾ ആഘോഷത്തിനിടെ കൊലപാതകമെന്ന് പൊലീസ്
അതുലിന്റെ സുഹൃത്ത് അജിത്തിന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷമാണ് ചിതറാൽ മലൈകോവിലിൽ നടന്നത്. ആഘോഷത്തിനിടെ എല്ലാവരും മദ്യപിച്ചിരുന്നു. വാക്കുതർക്കത്തിനിടെ പ്രതികൾ അതുലിനെ കൊലപ്പെടുത്തി നദിയിൽ വലിച്ചെറിഞ്ഞതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെ ഇൻക്വസ്റ്റ് നടത്തി.
മുഖത്ത് കത്തി, കമ്പി എന്നിവ കൊണ്ട് കുത്തിയതും ഇടിച്ചതുമായിട്ടുള്ള പാടുകൾ കണ്ടെത്തി. പ്രതികളെ അറസ്റ്റുചെയ്താൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അതുലിനെതിരെ പൂവാർ, പാറശാല പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതികളെ പിടികൂടി ചോദ്യം ചെയ്‌ത ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |