SignIn
Kerala Kaumudi Online
Saturday, 01 August 2026 3.00 AM IST

നവജാതശിശുവിന്റെ വിൽപ്പന: തൊടുപുഴയിലെ കേസിൽ നാല് പ്രതികൾ  വ്യാജരേഖ ചമച്ചു, ആൾമാറാട്ടം നടത്തി

1

തൊടുപുഴ: നവജാത ശിശുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ നടന്ന സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ തൊടുപുഴ പൊലീസ് നാലു പേരെ പ്രതിയാക്കി കേസെടുത്തു. തമിഴ്നാട് സ്വദേശി മുപ്പിലിരാജ ഒന്നാം പ്രതിയും കുഞ്ഞിനെ ഏറ്റുവാങ്ങിയ കൊല്ലം സ്വദേശിനി കൃഷ്ണശ്രീ നാലാം പ്രതിയുമാണ്. മുപ്പിലിരാജയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭാര്യയെന്ന് കരുതുന്ന സ്ത്രീയെ രണ്ടാം പ്രതിയാക്കിയും പ്രസവിച്ച യുവതിയുടെ മാതാവിനെ മൂന്നാം പ്രതിയാക്കിയുമായാണ് കേസ്. മലയാളവും തമിഴും സംസാരിക്കുന്ന പ്രസവിച്ച യുവതിയെയും മാതാവിനെയുക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കുട്ടിയെ വിൽക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയ സി.ഐ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആശുപത്രിരേഖകൾ ശേഖരിച്ചെങ്കിലും സി.സി.ടി.വിക്ക് ബാക്കപ്പ് ഇല്ലാത്തതിനാൽ സംഭവം നടന്ന ദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനായില്ല. പ്രസവിച്ച യുവതിയുടെ മേൽവിലാസമായി രണ്ടാം പ്രതി കൃഷ്ണശ്രീയുടെ ആധാറും മേൽവിലാസവും ആശുപത്രിയിൽ തെറ്റായി നൽകിയായിരുന്നു തട്ടിപ്പ്. പ്രസവത്തിന്റെ ചെലവുകൾ വഹിച്ചത് കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടൻ ചോദ്യം ചെയ്യും. ശിശുക്കളുടെ വിൽപ്പനയെന്ന് കാട്ടി അസം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പൊലീസെടുത്ത രണ്ടാമത്തെ കേസാണിത്. ആദ്യകേസ് ഈരാറ്റുപേട്ട പൊലീസാണ് അന്വേഷിക്കുന്നത്. ഈ കേസിൽ നേരത്തെ പിടിയിലായ ഒന്നാംപ്രതി മുപ്പിലിരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് പുതിയ കേസെടുത്തത്. ഇയാളുടെ മൊബൈലിൽ നിന്നാണ് തൊടുപുഴയിലെ പ്രസവം സംബന്ധിച്ച് ഈരാറ്റുപേട്ട പൊലീസിന് നിർണായകവിവരങ്ങൾ ലഭിച്ചത്. തുടർന്ന് കേസ് വ്യാഴാഴ്ച തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രസവത്തിനായി 22ന് ആശുപത്രിയിലെത്തിയ സംഘം 24നാണ് ഡിസ്ചാർജ്ജായത്. സംഭവത്തിൽ ഇന്ന് തൊടുപുഴ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. നേരത്തെ അറസ്റ്റിലായ പ്രതികൾക്കായി കസ്റ്റഡി അപേക്ഷയും സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY