SignIn
Kerala Kaumudi Online
Sunday, 21 June 2026 6.41 AM IST

ഒരു പെൺകുട്ടി സാനിറ്ററി പാഡുകൾക്കായി ചെലവാക്കുന്നത് ഒരു ലക്ഷം രൂപ, ഉപയോഗിക്കാം ഒരു മെൻസ്ട്രൽ കപ്പ് അഞ്ചുവർഷം വരെ

menstrual-cup

കൊച്ചി: ഒറ്റദിവസം കൊണ്ട് ഒരുലക്ഷം മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ഹൈബി ഈഡൻ എം.പി. ഒന്നര കോടി രൂപ ചെലവുള്ള കപ്പ് ഒഫ് ലൈഫ് പദ്ധതിആഗസ്റ്റ് 30ന് വൈകിട്ട് ആരംഭിച്ച് 31ന് വൈകിട്ട് സമാപിക്കും. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 100 വേദികളിലാണ് വിതരണം. ആർത്തവ ശുചിത്വരംഗത്തെ വിപ്ളവമാണ് ലക്ഷ്യം.

രണ്ടുമാസം നീളുന്ന ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കേണ്ട വിധം വിശദീകരിക്കും. മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യപ്രതിബദ്ധതാ (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടവും സഹകരിക്കുന്നുണ്ട്.

 പൈലറ്റ് പദ്ധതി കുമ്പളങ്ങിയിൽ

കുമ്പളങ്ങി പഞ്ചായത്തിലെ 17 വാർഡുകളിലും പൈലറ്റ് പദ്ധതിയായി 4,000 കപ്പുകൾ വിതരണം ചെയ്തിരുന്നു. സാനിറ്ററി പാഡുകൾക്കായി ഒരുലക്ഷം രൂപയോളമാണ് ഒരു സ്ത്രീ ജീവിതത്തിലുടനീളം ചെലവഴിക്കേണ്ടി വരിക. 3,000 ദിവസങ്ങളിൽ ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നേരിടുന്നു. ഒരു കപ്പ് അഞ്ചുവർഷം വരെ ഉപയോഗിക്കാം.

പാഡുകളുടെ സംസ്‌കരണം പാരിസ്ഥിതിക പ്രശ്‌നമാണ്. ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ജാഫർ മാലിക്, മുത്തൂറ്റ് ഫിനാൻസ് എം.ഡി അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, കപ്പ് ഒഫ് ലൈഫ് ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഡോ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, വൈസ് പ്രസിഡന്റ് ഡോ. എം.എം. ഹനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 മെൻസ്ട്രൽ കപ്പ് വിതരണത്തിനപ്പുറം സാംസ്കാരികമാറ്റം കൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളും കന്യകാത്വത്തെ സംബന്ധിച്ച പൊതുസമൂഹത്തിന്റെ ബോദ്ധ്യങ്ങളും പൊതുചർച്ചയ്ക്ക് വഴി തുറക്കാൻ പദ്ധതിയിലൂടെ സാധിക്കും.

ഹൈബി ഈഡൻ എം.പി.

 സന്നദ്ധ, സേവന പ്രവർത്തനങ്ങൾക്ക് പുറമേ സ്ത്രീ ശാക്തീകരണ രംഗത്തേക്ക് കൂടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.

അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ്
മാനേജിംഗ് ഡയറക്ടർ

മൂത്തൂറ്റ് ഫിനാൻസ്

 ഏറ്റവും ഗുണമേന്മയുള്ള കപ്പുകളാണ് വിതരണം ചെയ്യുന്നത്. ഇവ ഉപയോഗിക്കുന്നതിന് സ്ത്രീകൾക്ക് പരിശീലനവും നൽകും.

ഡോ. മരിയ വർഗീസ്

പ്രസിഡന്റ്

ഐ.എം.എ കൊച്ചി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MENSTRUAL CUP, CUP, MENSUS, SHE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA