SignIn
Kerala Kaumudi Online
Thursday, 28 May 2026 1.46 AM IST

ഇംഗ്ളീഷ് അദ്ധ്യാപകരെ നിയമിക്കണം

photo

ഇന്റർനെറ്റിന്റെയും ഇ-മെയിലിന്റെയും തുടർന്ന് സോഷ്യൽമീഡിയയുടെയും വരവോടെ ഇംഗ്ളീഷ് ഭാഷയുടെ പ്രാധാന്യം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. മാതൃഭാഷയ്ക്ക് നൽകുന്നതിനൊപ്പമുള്ള പ്രാധാന്യം ഇംഗ്ളീഷിനും നൽകേണ്ടതാണ്. വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോൾ മലയാളത്തേക്കാൾ ഇംഗ്ളീഷാവും ഉപകരിക്കുക. ഹൈസ്‌കൂൾ ക്‌ളാസുകളിൽ ഇംഗ്ളീഷ് പഠിപ്പിക്കുന്നുണ്ടെങ്കിലും ഗ്രാമറിനും എഴുതുന്നതിനുമാണ് നമ്മൾ പ്രാധാന്യം നൽകുന്നത്. ആ പഴയരീതി മാറേണ്ടതാണ്. സംസാരിക്കുന്നതിന് പ്രാധാന്യം നൽകുന്ന സ്‌പോക്കൺ ഇംഗ്ലീഷ് ക്ളാസും വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാക്കേണ്ടതാണ്. ഇംഗ്ളീഷ് പഠിക്കുന്ന പല കുട്ടികൾക്കും അതു സംസാരിക്കാനുള്ള പരിശീലനം സർക്കാർ സ്‌കൂളുകളിൽ ലഭിക്കാറില്ല. അതുകാരണം ബിരുദപഠനം പൂർത്തിയാക്കുന്നവർക്കുപോലും ഇംഗ്ളീഷ് ഉപയോഗിക്കാൻ വേണ്ടവണ്ണം കഴിയുന്നില്ല. ഈ സ്ഥിതി മാറ്റിയെടുത്താൽ അത് അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലിക്ക് പോകുന്ന സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർക്ക് വളരെ പ്രയോജനം ചെയ്യും.

സിദ്ധാന്തപരമായ കാര്യങ്ങൾക്കപ്പുറം പ്രായോഗികമായ കാര്യങ്ങൾക്കാവണം വിദ്യാഭ്യാസത്തിൽ ഇനിയുള്ള കാലം നമ്മൾ ശ്രദ്ധനൽകേണ്ടത്. പ്രത്യേകിച്ചും ലോകം അതിവേഗം പുരോഗമിക്കുമ്പോൾ ഇത് അനിവാര്യമാണ്. എന്നാൽ കേരളത്തിലെ 413 സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ളീഷ് അദ്ധ്യാപകരില്ല. പകരം മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നവരാണ് ഇംഗ്ളീഷും പഠിപ്പിക്കുന്നത്. ഇത് തെറ്റാണെന്നും ഇംഗ്ളീഷ് പഠിപ്പിക്കാൻ ഇംഗ്ളീഷ് പഠിച്ചവരെത്തന്നെ നിയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവുള്ളതാണ്. എച്ച്.എസ്.ടി ഇംഗ്ളീഷ് തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് അവരെ നിയമിക്കാതെ പകരം മറ്റ് വിഷയങ്ങൾ മുഖ്യമായി പഠിച്ച അദ്ധ്യാപകരെക്കൊണ്ട് ഇംഗ്ളീഷും പഠിപ്പിക്കുന്നത്. ഇതിൽ അടിയന്തരമായി വിദ്യാഭ്യാസ വകുപ്പും അതിന്റെ ചുമതല നിർവഹിക്കുന്ന മന്ത്രിയും ഇടപെടേണ്ടതാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് 413 സർക്കാർ ഹൈസ്കൂളിലും ഇംഗ്ളീഷ് അദ്ധ്യാപകരെ നിയമിച്ചാൽ അത്രയും തൊഴിൽരഹിതർക്ക് ജോലിക്ക് വഴിതെളിയുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ഇംഗ്ളീഷ് പഠന നിലവാരവും മെച്ചപ്പെടും. ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസവകുപ്പിൽ പല നല്ല മാറ്റങ്ങൾക്കും തുടക്കം കുറിച്ചിരുന്നു. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് ഇംഗ്ളീഷ് ബിരുദമെടുത്തവർ തന്നെ ഇംഗ്ളീഷ് അദ്ധ്യാപകരാകണമെന്ന ചട്ടം നിലവിൽ വന്നത്. എന്നാൽ പല നല്ല കാര്യങ്ങളും നടക്കാൻ താമസമെടുക്കുന്നതുപോലെ അതും നടപ്പായില്ല. പിന്നീട് നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇംഗ്ളീഷ് ബിരുദധാരികൾ നിവേദനം നൽകിയതിനെത്തുടർന്ന് ഇംഗ്ളീഷിനെ ഭാഷയ്ക്ക് പകരം വിഷയമായി ഉൾപ്പെടുത്തി ഹൈസ്കൂളുകളിൽ എച്ച്.എസ്.എ കേഡർ രൂപീകരിച്ച് സയൻസ് - സോഷ്യൽ - ഗണിതം - ഇംഗ്ളീഷ് എന്നാക്കി. അതിനാൽ സബ‌്‌ജക്ടിൽ നാല് ഒഴിവ് വന്നാലേ ഇംഗ്ളീഷ് അദ്ധ്യാപക നിയമനം നടക്കൂ എന്ന സ്ഥിതിയാണിപ്പോൾ.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇംഗ്ളീഷ് അദ്ധ്യാപകരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞവർഷം സമിതിയെ നിയോഗിച്ചിരുന്നെങ്കിലും തുടർനടപടികൾ പൂർത്തിയായിട്ടില്ല. അത് എത്രയുംവേഗം പൂർത്തിയാക്കി അടിയന്തരമായി ഇംഗ്ളീഷ് അദ്ധ്യാപകരെ നിയമിക്കാനുള്ള നടപടിയുണ്ടാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION