SignIn
Kerala Kaumudi Online
Sunday, 30 August 2026 12.22 PM IST

ചികിത്സയ്‌ക്കെത്തിച്ച വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

arrest

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട വിചാരണത്തടവുകാരനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പത്തനംതിട്ട തിരുവല്ല പെരിങ്ങര സ്വദേശി ജോസഫ് ഡാനിയേൽ (68) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. തിരുവല്ലയിൽ പോക്‌സോ കേസിൽ 2021ൽ അറസ്റ്റിലായ ജോസഫിനെ 2022 ഏപ്രിലിലാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. കണ്ണാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് ജോസഫ് ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടത്. 17 തടവുകാരെയാണ് ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് കൊണ്ടുവന്നത്. ഇവരോടൊപ്പം നാല് ജയിൽ ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. പ്രതി രക്ഷപ്പെട്ടതറിഞ്ഞ് ജയിലധികൃതർ ആശുപത്രിയിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. ഇതിൽ ജോസഫ് ഓട്ടോയിൽ കയറിപ്പോയതായി കണ്ടെത്തി. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ കണ്ടെത്തി പൊലീസ് വിളിച്ചു. പ്രതിക്ക് സംശയം തോന്നാതെ വാഹനം തങ്ങൾ പറയുന്ന സ്ഥലത്തെത്തിക്കാൻ നിർദ്ദേശിച്ചു. വെഞ്ഞാറമൂട്ടിലേക്ക് പോകണമെന്നായിരുന്നു ജോസഫ് ആദ്യം ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. എന്നാൽ പിന്നീട് പത്തനംതിട്ടയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പ്രതിക്ക് സംശയം തോന്നാതെ ഓട്ടോ വെഞ്ഞാറമൂട്ടിൽ ജയിൽ ഉദ്യോഗസ്ഥർ നിർദ്ദേശിച്ച സ്ഥലത്ത് ഡ്രൈവർ എത്തിക്കുകയായിരുന്നു. ഇവിടെ കാത്തുനിൽക്കുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശികളായ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി. വഞ്ചിയൂർ പൊലീസിൽ ജയിൽ അധികൃതർ പരാതി നൽകി. ആവശ്യത്തിന് ജീവനക്കാരും വാഹനങ്ങളുമില്ലാത്തത് ജയിൽ സുരക്ഷയെ ബാധിക്കുന്നുണ്ടെന്ന് നേരത്തെതന്നെ പരാതി ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA