SignIn
Kerala Kaumudi Online
Sunday, 02 August 2026 1.58 PM IST

ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക്; വിഴിഞ്ഞത്ത് ഭീകര കലാപത്തിന് മുൻ പോപ്പുലർ ഫ്രണ്ട് സംഘം

kaumudi

 മുൻ പോപ്പുലർ ഫ്രണ്ടുകാർ സമരത്തിൽ നുഴഞ്ഞുകയറി

ഗൂഢാലോചന വൈദികന്റെ നേതൃത്വത്തിൽ

തിരുവനന്തപുരം: വിഴ‌ിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തി പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും അതിന്റെ തുടർച്ചയായി ആസൂത്രിതമായി വൻ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) മുൻ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. വിദേശബന്ധമുള്ള ഒരു മുതിർന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ മുൻ അംഗങ്ങളാണ് സമരത്തിൽ നുഴഞ്ഞുകയറി കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകൾ, മാവോയിസ്റ്റ് ഫ്രോണ്ടിയർ ഓർഗനൈസേഷൻ, തീവ്ര ഇസ്ലാമിക ചിന്താഗതിക്കാർ തുടങ്ങിയവരുമുണ്ട്.

പൊലീസുകാരെ വരെ ക്രൂരമായി ആക്രമിച്ച കലാപത്തിന് ആസൂത്രിത സ്വഭാവം ഉണ്ടായതും ഇതിന്റെ ഭാഗമാണ്. തുറമുഖ നിർമ്മാണം മുടക്കാൻ ക്വാറികൾ കേന്ദ്രീകരിച്ച് സമരം നടത്തി പാറ കിട്ടാത്ത സാഹചര്യം ഉണ്ടാക്കാൻ ഇവർ രൂപരേഖ തയ്യാറാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

പശ്‌ചിമഘട്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച് പുതിയ സമരപരമ്പരയ്‌ക്ക് രൂപം നൽകാനും പദ്ധതിയിട്ടു. ഈ ഗുരുതര സാഹചര്യം മനസിലാക്കിയാണ് വിഴിഞ്ഞം സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ഡി.ഐ.ജി നിശാന്തിനിക്ക് ചുമതല നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡി.ജി.പിയോടും നിർദ്ദേശിച്ചു.

പി.എഫ്.ഐ മുൻ പ്രവർത്തകർ സ്ഥിരമായി വിഴിഞ്ഞത്തും സമരപ്പന്തലിലും എത്തുന്ന വിവരം ഇന്റലിജൻസ് ശേഖരിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും പെട്ടെന്ന് പ്രകോപനം ഉണ്ടായാൽ വീണ്ടും സംഘർഷം ഉണ്ടാകുമെന്നും സ്ഥിതി വഷളാകുമെന്നും മുന്നറിയിപ്പുണ്ട്.

സമരത്തിന് നേതൃത്വം നൽകുന്നവരുടെ സാമ്പത്തിക ഇടപാടുകൾ ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. സമരസമിതിക്ക് പിന്തുണ നൽകുന്ന സന്നദ്ധസംഘടനകൾക്ക് വിദേശഫണ്ട് ലഭിക്കുന്ന വിവരം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.

സമരത്തിൽ നുഴഞ്ഞു കയറിയവർ

1. മുൻ പോപ്പലുർ ഫ്രണ്ട് പ്രവർത്തകർ

2. ഇടതുപക്ഷ വിരുദ്ധരായ പരിസ്ഥിതി സംഘടനകൾ

3.മാവോയിസ്റ്റ് ഫ്രോണ്ടിയൻ ഓർഗനൈസേഷൻ

3. തീവ്ര ഇസ്ലാമിക ചിന്താഗതിക്കാർ

4. ഇവരുടെ സ്ഥിരം സാന്നിദ്ധ്യം വിഴിഞ്ഞത്ത്

വൈദികന് വിദേശബന്ധം

വൈദികന്റെ സംഘത്തിന് വിദേശ സംഘടനകളുമായി ബന്ധമുണ്ട്. ഈ വൈദികൻ ഡൽഹിയിൽ പോയി വന്നതിന് ശേഷമാണ് തീവ്ര പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് ശംഖുംമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഒക്‌ടോബർ 29ന് ജനറൽ ആശുപത്രിയ്‌ക്ക് സമീപമുള്ള ഐക്കഫിൽ യോഗം ചേർന്ന് മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസൈ പാക്യത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരുത്താനും പദ്ധതിയിട്ടു. വൈകാരികത സൃഷ്‌ടിച്ച് തീരജനതയെ ഇളക്കിവിടുകയാണ് ലക്ഷ്യം. എന്നാൽ ഈ നീക്കത്തെ ആർച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോയും മറ്റ് മുതിർന്ന വൈദികരും എതിർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA