SignIn
Kerala Kaumudi Online
Saturday, 30 May 2026 12.36 PM IST

വീണ്ടും ഒരു ബാങ്ക് തട്ടിപ്പ്

photo

ബാങ്കിൽ പണം നിക്ഷേപിച്ചാൽ അതു സുരക്ഷിതമായിരിക്കുമെന്ന വിശ്വാസമാണ് ബാങ്കിംഗിന്റെ അടിസ്ഥാനമായി നിലനിൽക്കുന്നത്. എന്നാൽ പലരീതിയിലുള്ള ബാങ്ക് തട്ടിപ്പുകളും നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. ശതകോടികൾ തട്ടിച്ചിട്ട് രാജ്യം വിട്ടുപോയ വമ്പന്മാരും കുറവല്ല. ബാങ്ക് ഉദ്യോഗസ്ഥരും നിരവധി തവണ തട്ടിപ്പിന് പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ തടയാൻ അപ്പപ്പോൾ പരിഹാരമാർഗങ്ങളും എടുക്കാറുണ്ട്. സാങ്കേതികത വളരെ വികസിച്ചതിനാൽ ബാങ്കിൽ എത്ര നീക്കിയിരുപ്പുണ്ടെന്ന് അറിയാൻ ആർക്കും ബാങ്കിൽ പോകേണ്ട കാര്യം പോലുമില്ല. മൊബൈലിലും ലാപ്ടോപ്പിലുമൊക്കെ നോക്കി അറിയാവുന്നതേയുള്ളൂ. ഇത്രയും സംവിധാനങ്ങളൊക്കെ ഉണ്ടായിട്ടും തട്ടിപ്പുകൾ ആവർത്തിക്കുന്നതാണ് അത്ഭുതമുളവാക്കുന്നത്.

കോഴിക്കോട് കോർപ്പറേഷന്റെ ഫണ്ടിൽനിന്നും പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാനേജർ 15 കോടിയാണ് വെട്ടിച്ചതെന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന വിവരം. ആദ്യം 98 ലക്ഷം പോയെന്നായിരുന്നു വാർത്ത. പിന്നീടിത് രണ്ട് കോടിയിലേറെയായി. ഇപ്പോൾ കുടുംബശ്രീയിലെ അക്കൗണ്ടിലെ 10.81 കോടി ഉൾപ്പെടെ 15 കോടിയോളം കാണാതായിരിക്കുകയാണ്. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിൽ കുടുംബശ്രീയുടെ ഉൾപ്പെടെ കോർപ്പറേഷന് 15 അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. പണം നഷ്ടമായ വിവരം കോർപ്പറേഷൻ അറിഞ്ഞത് അഞ്ച് മാസങ്ങൾക്ക് ശേഷമാണെന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന വസ്തുത. കോഴിക്കോട് കോർപ്പറേഷൻ എത്ര നിരുത്തരവാദപരമായാണ് അവരുടെ അക്കൗണ്ടുകളും മറ്റും കൈകാര്യം ചെയ്യുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഈ തട്ടിപ്പ്. ബാങ്ക് മാനേജർ ഒറ്റയ്ക്കാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ബാങ്ക് മാനേജർ ഒളിവിലാണ്. തട്ടിപ്പ് നടത്തിയ പണം അയാൾ ഓൺലൈൻ ചൂതുകളിക്ക് ഉപയോഗിച്ചതായാണ് സംശയിക്കുന്നത്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് 15. 24 കോടി രൂപ തിരിമറി നടത്തിയതായാണ് മേയർ ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മൂന്ന് ദിവസത്തിനകം പണം തിരികെ നൽകാമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ ഉൾപ്പെടെ കൃത്രിമം നടത്തിയിട്ടുണ്ട്. കോർപ്പറേഷന് നൽകിയ സ്റ്റേറ്റ്‌മെന്റും ബാങ്കിലുള്ളതും രണ്ടാണെന്നും തട്ടിപ്പ് കണ്ടെത്തിയത് കോർപ്പറേഷനാണെന്നും മേയർ അവകാശപ്പെടുന്നു.

കോർപ്പറേഷന്റെ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതലയുള്ള കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്കും ഇതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. കൂടുതൽപേർ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടോ എന്നും വിശദമായി അന്വേഷിക്കേണ്ടതാണ്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിൽ തിരിമറി കണ്ടുപിടിച്ചതായാണ് ബാങ്ക് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഈ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ മറ്റ് കോർപ്പറേഷനുകളും അവരുടെ അക്കൗണ്ടുകളുടെ നിജസ്ഥിതിയെക്കുറിച്ചും അന്വേഷിച്ച് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നതും നല്ലതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKKODU CORPORATION FUND FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY