
കുട്ടികൾക്ക് നേരെയുള്ള വിവിധ തരം ക്രൂരതകൾ വർദ്ധിക്കുകയാണ്. കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും അത് പലപ്പോഴും കൊലപാതകങ്ങളിൽ കലാശിക്കുകയും ചെയ്യുന്ന വാർത്തകളും പുറത്തുവരുന്നു. എങ്ങനെയാണ് ഒരു പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ഒരു മനുഷ്യന് സാധിക്കുക? എന്തുതരം വൈരാഗ്യമാണ് അതിന് പിന്നിൽ? ആ വ്യക്തിയുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നങ്ങളാണോ ഇതിലേക്ക് നയിക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ മാനസികാവസ്ഥ അറിഞ്ഞിരിക്കുകയാണ് പ്രധാനം.
ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് മറ്റുള്ളവരുടെ വൈകാരിക അവസ്ഥകൾ കൃത്യമായി തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും മറ്റുള്ളവരുടെ വേദനകളെ മനസിലാക്കി അനുതാപത്തോടെ പെരുമാറാനുമുള്ള കഴിവുകളാണ്. ഈ അനുതാപം എന്ന കഴിവിന്റെ അടിസ്ഥാനം നമ്മുടെ തലച്ചോറിൽ നിലനിൽക്കുന്ന ദർപ്പണ നാഡീവ്യൂഹങ്ങൾ (മിറർ ന്യൂറോൺസ്) എന്ന നാഡീകോശങ്ങളാണ്.
ഉദാഹരണത്തിന്, നമുക്ക് ഐസ്‌ക്രീം ഇഷ്ടമാണ് എന്നിരിക്കട്ടെ. ഐസ്‌ക്രീമിന്റെ ഒരു കപ്പ് എടുത്ത് നാം കഴിക്കുമ്പോൾ തലച്ചോറിലെ ചില കോശങ്ങൾ ഉത്തേജിതമാകുന്നു. ഐസ്‌ക്രീം അവർ വളരെയധികം ആസ്വദിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. അരമണിക്കൂർ കഴിയുമ്പോൾ നമ്മളുടെ ഒരു സുഹൃത്ത് ആ മുറിയിലേക്ക് വന്ന് ഐസ്‌ക്രീമിന്റെ മറ്റൊരു കപ്പ് എടുത്ത് കഴിക്കാൻ തുടങ്ങുകയും, നമ്മൾ അത് കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. സുഹൃത്ത് ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ നാം ഐസ്‌ക്രീം കഴിച്ചപ്പോൾ നമ്മുടെ തലച്ചോറിൽ ഉത്തേജിപ്പിച്ച അതേ നാഡീവ്യൂഹങ്ങൾ തന്നെ വീണ്ടും ഉത്തേജിതമാകുന്നു.
അതിന്റെ അർത്ഥം നമ്മൾ എത്രത്തോളം ആസ്വദിച്ചാണോ ഐസ്‌ക്രീം കഴിച്ചത്, അതേ അളവിൽ തന്നെ നമ്മുടെ സുഹൃത്ത് ഐസ്‌ക്രീം കഴിക്കുന്നത് കാണുന്നതിനെ ആസ്വദിക്കാനും നമുക്ക് സാധിക്കുന്നു എന്നുള്ളതാണ്. ഈ നാഡീകോശങ്ങളെയാണ് ദർപ്പണ നാഡീവ്യൂഹങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ചില വ്യക്തികൾ ജന്മനാൽ തന്നെ ദർപ്പണ നാഡീവ്യൂഹങ്ങളാൽ അനുഗ്രഹീതരാണ്. വളരെ ചെറുപ്രായത്തിൽ ദയ, കാരുണ്യം, പരോപകാരം എന്നിവ അവരുടെ സ്വഭാവത്തിൽ അന്തർലീനമായിരിക്കും.
മറ്റ് ചില വ്യക്തികൾക്ക് ദർപ്പണ നാഡീവ്യൂഹങ്ങൾ ചെറിയ തോതിലെങ്കിലും വികസിച്ചിട്ടുണ്ടാകും. നിരന്തരമായ പരിശീലനങ്ങളും ജീവിതാനുഭവങ്ങളും സാഹചര്യങ്ങളും വഴി അവ കൂടുതൽ ശക്തിപ്രാപിക്കും. കൗമാരപ്രായത്തിൽ കുട്ടികൾക്ക് നൽകുന്ന ജീവിത നിപുണത വിദ്യാഭ്യാസം ദർപ്പണ നാഡീവ്യൂഹങ്ങൾ വികസിപ്പിക്കാനും അതുവഴി അനുതാപം എന്ന ഗുണവിശേഷം വളർത്തിയെടുക്കാനും സഹായിക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചെറിയൊരു ശതമാനം ആളുകൾക്ക് തലച്ചോറിൽ ദർപ്പണ നാഡീവ്യൂഹങ്ങൾ ഉണ്ടാകണമെന്നില്ല. ഇത്തരം വ്യക്തികൾക്ക് മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും.
എന്നാൽ, കോൺടാക്ട് ഡിസോർഡർ (സ്വഭാവ ദൂഷ്യ രോഗം) എന്ന അവസ്ഥയുള്ളവരിൽ ദർപ്പണ നാഡീവ്യൂഹ വ്യവസ്ഥ താറുമാറായിരിക്കുമെന്ന് പഠനങ്ങളുണ്ട്. ഇത്തരം കോൺടാക്ട് ഡിസോർഡറുള്ളവർ വളരെ ചെറുപ്രായത്തിൽ തന്നെ അനുസരണക്കേട് പ്രകടിപ്പിച്ച് തുടങ്ങും. മൃഗങ്ങളോടും മനുഷ്യരോടുമുള്ള ക്രൂരതയാണ് കോൺടാക്ട് ഡിസോർഡറുള്ള വ്യക്തികളുടെ മറ്റൊരു പ്രത്യേകത. ചെറിയ ജീവികളെ പോലും വളരെയധികം മൃഗീയമായി കൊല്ലുന്നത് പോലും ഇവർക്ക് ഗൂഢമായ ഒരു ആഹ്ലാദം നൽകും.
സാധാരണ രണ്ടുപേർ തമ്മിൽ വഴക്കിടുമ്പോൾ അടിപിടി ഉണ്ടായാൽ തന്നെ ഏതെങ്കിലും ഒരാൾ നിലത്ത് വീണാൽ അല്ലെങ്കിൽ തോൽവി സമ്മതിച്ചാൽ ആ വഴക്കവിടെ തീരാറുണ്ട്. പക്ഷേ, കോൺടാക്ട് ഡിസോർഡറുള്ള ഒരു വ്യക്തിയാണ് ഈ വഴക്കിടുന്ന വ്യക്തികളിൽ ഒരാളെങ്കിൽ മറുഭാഗത്തുള്ളയാളെ ക്രൂരമായി മർദ്ദിച്ച് തറയിലിട്ട ശേഷം അയാളുടെ പുറത്ത് കയറി അയാളുടെ എല്ലുകൾ ഒടിയുന്ന രീതിയിൽ ചിലപ്പോൾ കാലിലോ കൈയിലോ നിരന്തരമായി ചവിട്ടിക്കൊണ്ടിരിക്കാനുള്ള സാദ്ധ്യതയുണ്ട്.
ഇതാണ് കോൺടാക്ട് ഡിസോർഡർ എന്ന അവസ്ഥയെ മറ്റു ദേഷ്യ അവസ്ഥകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പലപ്പോഴും ഇവരുടെ പെരുമാറ്റ രീതികൾ കുടുംബാംഗങ്ങൾക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത്ര ക്രൂരമായിരിക്കും.
കോൺടാക്ട് ഡിസോർഡർ
രണ്ട് തരം
രണ്ട് തരത്തിലുള്ള കോൺടാക്ട് ഡിസോർഡർ സമൂഹത്തിൽ കണ്ടുവരാറുണ്ട്. ഒന്ന്, സാമൂഹിക വത്കരിക്കപ്പെട്ട കോൺടാക്ട് ഡിസോർഡർ (സോഷ്യലൈസ്ഡ് കോൺടാക്ട് ഡിസോർഡർ). ഇത്തരക്കാർക്ക് ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളോട് അഭിമുഖ്യമുണ്ടാകും. അവർ പറഞ്ഞത് കേൾക്കാനുള്ള താല്പര്യവും ഉണ്ടാകും. പക്ഷേ, മറ്റുള്ളവരോടൊക്കെ ഇവർക്ക് വെറുപ്പും വൈരാഗ്യവും ശത്രുതയുമൊക്കെയായിരിക്കും.
രണ്ടാമത്തെ വിഭാഗം, സാമൂഹികവത്കരിക്കപ്പെടാത്ത കോൺടാക്ട് ഡിസോർഡർ അഥവാ അൺസോഷ്യലൈസ്ഡ് കോൺടാക്ട് ഡിസോർഡർ. ഈ പ്രശ്നമുള്ള വ്യക്തികൾക്ക് ആരോടും മാനസികമായി ഒരു അടുപ്പവും ഉണ്ടാകില്ല. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപാഠികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും അകന്ന് ഒറ്റയാനെ പോലെ സഞ്ചരിക്കാനുള്ള പ്രവണതയായിരിക്കും ഇവർക്ക്.
വളരെ ചെറുപ്രായത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും പരിശീലനവും നൽകണം. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങളുള്ളതിനാൽ അത് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾക്ക് ഇവരുടെ പെരുമാറ്റമുണ്ടാകുന്ന ദേഷ്യത്തെയും അക്രമത്തെയും നിയന്ത്രിക്കാനാകും. തലച്ചോറിലെ രാസവസ്തുക്കളുടെ അളവിനെ ക്രമീകരിക്കുന്ന മരുന്നുകൾവഴി ഇവരുടെ മനസിലെ വൈകാരിക അവസ്ഥ ക്രമീകരിച്ചുകൊണ്ടു വരാനാകും. തുടർന്ന് ആത്മനിയന്ത്രണം വർദ്ധിപ്പിക്കാനുള്ള മാനസിക പരിശീലനങ്ങളും ചിന്തകളിലെ വൈകല്യങ്ങൾ പരിഹരിക്കാനുള്ള പെരുമാറ്റ ചികിത്സാ രീതികളും ഉപയോഗിക്കാം.
ഇവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കൃത്യമായി വീട്ടുകാരെ ബോധപ്പെടുത്താൻ സഹായിക്കുന്ന രക്ഷാകർതൃ പരിശീലനവും ഏറെ പ്രാധാന്യമർഹിക്കുന്നു. മരുന്നുകളും മാനസിക ചികിത്സകളും രക്ഷിതാക്കൾക്കുള്ള പരിശീലനവും ഒരുമിച്ച് കൊണ്ടുപോയാൽ ക്രമേണ ഈ പെരുമാറ്റ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാം. ഇവർക്കുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് ആ മേഖലകളിൽ ഇവർക്ക് ആവശ്യമായ പരിശീലനം നൽകിയാൽ ഭാവിയിൽ ആ കഴിവുകൾ ഉപയോഗിച്ച് ഉപജീവനം കഴിക്കുന്ന അവസ്ഥയിലേക്ക് ഇവരെ എത്തിക്കാനും സാധിക്കും. അതിലൂടെ സാമൂഹിക അംഗീകാരം കിട്ടുകയും ചെയ്യുന്നതോടെ അക്രമ പ്രവൃത്തികൾ കാണിക്കാനുള്ള താല്പര്യം കുറയുകയും ചെയ്യും.
ചെറുപ്രായത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ കോൺടാക്ട് ഡിസോർഡർ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കാറുണ്ട്. എന്നാൽ ചികിത്സിക്കപ്പെടാതെ പോകുന്ന കോൺടാക്ട് ഡിസോർഡർ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിൽ കലാശിക്കുകയും ചെയ്യും.
(തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |