
സിനിമയിൽ പ്രധാനമായും നാലു വിഭാഗക്കാരാണുള്ളത്. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ദ്ധർ, നിർമ്മാണ/വിതരണക്കാർ, തിയറ്റർ ഉടമകൾ. ഇതിൽ നിർമ്മാണ/വിതരണക്കാർക്കും തിയറ്റർ ഉടമകൾക്കും പണ്ടുമുതലേ ശക്തമായ കൂട്ടായ്മകൾ ഉണ്ടായിരുന്നു. ഫിലിം ചേംബർ എന്ന വാണിജ്യ വേദിയും ഇവർക്കായി നിലകൊണ്ടു. കലാകാരന്മാരായ അഭിനേതാക്കളും ടെക്നീഷ്യന്മാരും അസംഘടിതരായിരുന്നതിനാൽ അതിന്റേതായ പ്രശ്നങ്ങളുണ്ടായിരുന്നു. സിനിമയുടെ നിലനില്പ് ടീം വർക്കിലെന്ന കാര്യം മറന്ന് പല ഈഗോ ക്ലാഷുകളും ഉടലെടുത്തു. അവശ കലാകാരന്മാർ ദാരിദ്ര്യത്തിലും വിസ്മൃതിയിലുമാകുന്ന സ്ഥിതിയുമുണ്ടായിരുന്നു. അങ്ങനെ അംഗങ്ങളുടെ കൂട്ടായ്മയും ക്ഷേമവും കണക്കിലെടുത്താണ് പിൽക്കാലത്ത് ചലച്ചിത്ര കലാകാരന്മാർക്കും സംഘടനകളുണ്ടായത്.
1994ലാണ് 'അമ്മ" എന്ന അസോസിയേഷൻ ഒഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ് എന്ന താരസംഘടനയുടെ പിറവി. അംഗങ്ങൾക്ക് സംരക്ഷണവും കരുതലും എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഇത് പ്രതിഫലിപ്പിക്കുന്ന പേര് നൽകിയത് ഭരത് മുരളിയാണ്.
സിനിമയിലെ കാരണവരായ നടൻ മധുവിന്റെ ആശീർവാദവും നേതൃത്വവുമായി സംഘടന മാതൃകാപരമായി മുന്നോട്ടുപോയി. അവശകലാകാരന്മാർക്ക് കൈനീട്ടമെന്ന പേരിൽ പ്രതിമാസ ധനസഹായം നൽകിയത് ഉദാഹരണം. എന്നാൽ പടലപ്പിണക്കങ്ങൾ തുടങ്ങാൻ അധികനാൾ വേണ്ടിവന്നില്ല. സംഘടനയുടെ തലപ്പത്തുള്ളവർ സിനിമകളുടെ താരനിർണയമടക്കം നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. തിലകനെപ്പോലെ മഹാനടന്മാർ വിലക്കു നേരിടുകയും പുറത്തുപോവുകയും ചെയ്തത് കയ്പേറിയ ചരിത്രമായി. പുത്തൻകൂറ്റ് നായകന്മാർ പ്രായമോ പാരമ്പര്യമോ നോക്കാതെ എതിരാളികളെ വിമർശിച്ചു. കടയോടെ വെട്ടി. ചലച്ചിത്ര നിർമ്മാണം ഉൾപ്പെടെ സമസ്ത മേഖലകളും ചില താരങ്ങളുടെ വരുതിയിലായി.
നിർമ്മാതാക്കളോ അഭിനേതാക്കളോ വലുതെന്ന ചോദ്യം മറ്റൊരു ഘട്ടത്തിലുണ്ടായി. താരങ്ങൾ ഇക്കാര്യത്തിൽ ചേരിതിരിഞ്ഞത് വ്യവസായത്തിൽ പ്രതിസന്ധിയുണ്ടാക്കി. 'അമ്മ" തന്നെ സിനിമ നിർമ്മിച്ച് താക്കീത് നൽകി. പിന്നീട് ശീതസമരം അവസാനിപ്പിച്ച്, കോംപ്രമൈസ് സ്ഥാനാർത്ഥികളായി ഇന്നസെന്റും ഇടവേള ബാബുവും സംഘടനയുടെ തലപ്പത്തെത്തി. ദീർഘനാൾ വലിയ പൊട്ടിത്തെറികളില്ലാതെ ഭരിച്ചു.
അതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് പ്രതിയാകുന്നതും 'അമ്മ"യിൽ കോളിളക്കമായതും. സിനിമയുടെ സാമ്പത്തിക വശം ചെലുത്തിയ സമ്മർദ്ദം കൊണ്ട് ഭാരവാഹികളും മുതിർന്ന നടന്മാരും പരോക്ഷമായി ദിലീപിനൊപ്പം നിന്നു. ഇരയായ നടിയും ചില യുവ നായകരും വിരലിലെണ്ണാവുന്ന താരങ്ങളും ഇതിനോട് വിയോജിച്ചു പിരിഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് എന്ന തിരുത്തൽ ശക്തി ഉദയം ചെയ്തു. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തിവയ്പിക്കാനും ഈ ലോബിക്കു സാധിച്ചു. ഒടുവിൽ റിപ്പോർട്ടിലെ വിവരങ്ങളും തെളിവുള്ളതും ഇല്ലാത്തതുമായ പീഡന പരാതികളും പുറത്തുവന്നതോടെ തലപ്പത്തുള്ളവരടക്കം കേസിൽ കുടുങ്ങി. ഇതോടെ 'അമ്മ" വല്ലാതെ വിരണ്ടു. 2024ൽ ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ച് ഭരണം അഡ്‌ഹോക് കമ്മിറ്റിക്ക് കൈമാറി. തുടർന്ന് മാസങ്ങൾക്ക് ശേഷം ചേർന്ന ജനറൽ ബോഡിയിലാണ് വനിതകൾ ഭാരവാഹികളായ സമിതിയെ തിരഞ്ഞെടുത്തത്. ശ്വേത മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി. ലക്ഷ്മിപ്രിയ, അൻസിബ, നീന കുറുപ്പ്, സരയൂ തുടങ്ങി വനിതാ പ്രാതിനിധ്യം ആവോളമായി. ഇത് വിപ്ലവകരമായ തീരുമാനമായി കൊട്ടിഘോഷിക്കപ്പെട്ടു. സിനിമയിൽ അടിച്ചമർത്തൽ നേരിട്ടിരുന്ന വനിതാ സമൂഹം ഇവരിൽ പ്രതീക്ഷയർപ്പിച്ചു. എന്നാൽ കുത്തിത്തിരിപ്പും പരദൂഷണവും മാത്രമാണ് 'അമ്മ" ഭരണസമിതിയിൽ നടന്നിരുന്നതെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. ശ്വേതയും കുക്കുവും രണ്ട് ധ്രുവങ്ങളിലായിരുന്നുവെന്നും.
'അമ്മ"യിലെ ആശ്വാസ്യകരമല്ലാത്ത അണിയറക്കഥകളുടെ കെട്ടഴിച്ചത് ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച നടി അൻസിബ ഹസനാണ്. ഭരണസമിതിയിലുള്ള നടൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കുമെതിരേ അൻസിബ മാദ്ധ്യമങ്ങളിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ടിനി ടോം അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും തന്നെ മതപരിവർത്തനത്തിന്റെ ഏജന്റായ ജിഹാദിയായി ചിത്രീകരിച്ചുവെന്നുമാണ് അൻസിബയുടെ ആരോപണം. ലക്ഷ്മി അവരുടെ കുടുംബപ്രശ്നത്തിൽ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റി. ''ടിനി ടോമിന്റെ ഡ്രൈവറെയടക്കം താൻ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് പറഞ്ഞു നടക്കുന്നത്. അവിഹിത കഥകൾ ടിനി പ്രചരിപ്പിക്കുന്നതായി നീന കുറുപ്പാണ് തന്നോട് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റുകളിൽ സഹപ്രവർത്തകരും ചോദിച്ചുതുടങ്ങി. ഇതിനിടെ സഹപ്രവർത്തകയുടെ കുടുംബ പ്രശ്നത്തിൽ കരുവാക്കി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂർ 'ഹറാസ്" ചെയ്യുന്ന സ്ഥിതിയുണ്ടായി. താൻ അയച്ച ഒരു മെസേജ് അവരുടെ ഭർത്താവിന് സംശയത്തിനിടയാക്കിയെന്നാണ് പരാതിപ്പെട്ടത്. നിർബന്ധിച്ച് ഖേദപ്രകടനം എഴുതി വാങ്ങിയ ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നും അൻസിബ വെളിപ്പെടുത്തി. ഇതേക്കുറിച്ച് ശ്വേതയോട് പറഞ്ഞപ്പോൾ സംഘടയ്ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നാണ് പറഞ്ഞത്. ഇത്തരം ഊള കാര്യങ്ങൾ കമ്മിറ്റി പരിഗണിക്കില്ലെന്നാണ് ടിനി പ്രതികരിച്ചത്. വ്യക്തിഹത്യയുടെ പരിധി വിട്ടതിനാലാണ് പ്രതികരിക്കുന്നത്."" എന്നെല്ലാമാണ് അൻസിബ പറഞ്ഞത്. എന്നാൽ അൻസിബ ആരോപിക്കുന്ന പോലെ മോശം പ്രവർത്തനം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ടിനി പറഞ്ഞു. മറ്റാരോ പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും പറഞ്ഞു. അൻസിബയുടെ മെസേജ് കണ്ട് ഭർത്താവ് പ്രകോപിതനായപ്പോൾ പൊലീസ് മുഖേന ഒത്തുതീർപ്പിന് ശ്രമിക്കുക മാത്രമാണുണ്ടായതെന്ന് ലക്ഷ്മിപ്രിയയും വിശദീകരിച്ചു. 'അമ്മ"യിലെ ഗ്രൂപ്പിസവും ഫണ്ട് ദുരുപയോഗവും അപവാദ പ്രചരണവും സംബന്ധിച്ച് ഓഫീസ് ജീവനക്കാരിയും അടുത്തിടെ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ആരോപിച്ചിരുന്നു.
ഫെബ്രുവരിയിൽ നടന്ന കുടുംബസംഗമവുമായി ബന്ധപ്പെട്ടാണ് സ്ഥിതി വഷളായത്. ടൈറ്റിൽ സ്പോൺസറായി ഒരു ക്ഷേത്രസമിതി വന്നതിനെ അൻസിബയും മറ്റും എതിർത്തു. മതപരമായ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പ് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ എല്ലാ നിയമവശങ്ങളും തേടിയ ശേഷമാണ് ക്ഷേത്രസമിതിയെ സ്പോൺസറാക്കിയതെന്നാണ് ശ്വേത മേനോൻ അറിയിച്ചത്. ഏതായാലും ഇത്തരം പുകമറകൾ നിലനിൽക്കുന്നത് താരങ്ങൾക്ക് മാത്രമല്ല സിനിമയ്ക്കും സിനിമാസ്വാദകർക്കുമെല്ലാം ദോഷകരമാണ്. ജൂൺ മൂന്നാം വാരം നടക്കുന്ന 'അമ്മ"യുടെ ജനറൽ ബോഡിയിൽ എല്ലാം ശുഭാന്ത്യമാകുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |