
പ്രതിപക്ഷ നേതാവായിരിക്കെ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറഞ്ഞ ഖജനാവ് നിറയ്ക്കാൻ മുഖ്യമന്ത്രിയായ വി.ഡി. സതീശൻ എന്ത് പൊടിക്കൈകളാണ് പ്രയോഗിക്കുന്നതെന്നറിയാൻ കൗതുകപൂർവം കാത്തിരിക്കുകയാണ് കേരളം. ഖജനാവിന്റെ കാവൽക്കാരനായ ധനകാര്യമന്ത്രി കൂടിയാണിപ്പോൾ വി.ഡി. സതീശൻ. ചുമതലയേറ്റയുടൻ മുൻ സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ തിരുത്തി ജനപ്രിയനെന്ന പ്രശംസ നേടിയ അദ്ദേഹം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷനിലും പ്രധാനമന്ത്രിയേക്കാൾ ശമ്പളം വാങ്ങുന്ന പി.എസ്.സി അംഗങ്ങളുടെ ഭാരിച്ച ശമ്പളത്തിലും കൈവയ്ക്കാനുള്ള ആർജ്ജവം കാട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ട്രഷറികളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന് കർശന നിയന്ത്രണങ്ങളുള്ളപ്പോഴാണ് രാഷ്ട്രീയ നിയമനത്തിലൂടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളാകുന്നവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്നത്. ലോകത്തൊരിടത്തും കേട്ടുകേൾവി ഇല്ലാത്ത ഈ പെൻഷൻ സമ്പ്രദായത്തിനെതിരെ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയും എ.ജിയും വരെ വിമർശനം ഉന്നയിച്ചതാണ്.
പരീക്ഷ, ഇന്റർവ്യൂ ഇല്ല, പെൻഷൻ ഉറപ്പ്
സർക്കാർ ജോലി ലഭിക്കാൻ പി.എസ്.സി പരീക്ഷ പാസ്സായി ഇന്റർവ്യൂവും കടക്കണം. കാര്യമായ വിദ്യാഭ്യാസ യോഗ്യത പോലുമില്ലാതെ മുന്തിയ ശമ്പളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫാകുന്ന എത്ര മനോഹരമായ ആചാരമെന്ന് വിശേഷിപ്പിക്കാവുന്ന സമ്പ്രദായം രാജ്യത്തെ വേറെ ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര സർക്കാരിലോ കേട്ടു കേൾവി പോലുമില്ലാത്തതാണ്. ഇടത് വലതു മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇരുമുന്നണിയിലും പെട്ട രാഷ്ട്രീയക്കാർ ഗുണഭോക്താക്കളായതിനാൽ ഇത്രയും കടുത്ത അനീതിയും കൊള്ളയും നടന്നിട്ടും അതിനെതിരെ കക്ഷിരാഷ്ട്രീയക്കാരാരും ഇന്നുവരെ പ്രതികരിച്ചിട്ടേയില്ല. 35 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകരുള്ള സംസ്ഥാനമാണ് കേരളം. 2024 നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷൻ പ്രശ്നം ഉയർത്തി അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിസമ്മതിച്ചത് വിവാദമായിരുന്നു.
പേഴ്സണൽ സ്റ്റാഫിന് വെറും രണ്ടര വർഷത്തെ സേവനത്തിനു ശേഷം ഖജനാവിൽ നിന്ന് ജീവിതാന്ത്യം വരെ പെൻഷൻ നൽകുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ ഇടഞ്ഞത്. പെൻഷൻ സമ്പ്രദായം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, പാർട്ടിക്കാർക്ക് പെൻഷൻ നൽകേണ്ടത് സർക്കാർ ഖജനാവിൽ നിന്നല്ലെന്ന് പറഞ്ഞെങ്കിലും അന്നത്തെ പ്രതിപക്ഷം പോലും പ്രതികരിച്ചില്ല. രണ്ടര വർഷം കഴിയുമ്പോൾ ജീവിതാന്ത്യം വരെ പെൻഷൻ നൽകുന്ന 'രക്ഷാപ്രവർത്തനം' ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമടക്കം 23 ക്യാബിനറ്റ് റാങ്കിലുള്ളവരുടെ പേഴ്സണൽ സ്റ്റാഫിൽ ആകെ 559 പേരുള്ളതിൽ 394 പേരുടേതും രാഷ്ട്രീയ നിയമനമായിരുന്നു. ഇവരെല്ലാം രണ്ടര വർഷമാകുമ്പോൾ ആജീവനാന്ത പെൻഷന് അർഹരാകും. തുടർന്ന് അവരെ മാറ്റി പുതിയ ആൾക്കാരെ നിയമിച്ച് അവർക്ക് കൂടി പെൻഷൻ ഉറപ്പാക്കുന്ന രീതിയാണ് തുടർന്നു വരുന്നത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനിൽ കൈവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദീവസം അദ്ദേഹം നടത്തിയ പ്രസ്താവന.
ഇനി മുതൽ പെൻഷന് നാലുവർഷം സർവീസ് നിർബന്ധമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടുവർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ മൂന്ന് വർഷമായി കണക്കാക്കി പെൻഷൻ ഉറപ്പാക്കുന്നതാണ് നിലവിലെ രീതി. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലത്തും സവീസുണ്ടെങ്കിൽ മാത്രം പെൻഷൻ നൽകിയാൽ മതിയെന്നാണ് പുതിയ സർക്കാരിന്റെ തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത്. രണ്ട് വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ട് കൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതി ഒഴിവാകുമെന്നത് നേരിയ ആശ്വാസമാകും. എന്നാൽ പുതിയ നിബന്ധനക്ക് മുൻകാല പ്രാബല്യമില്ല. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് തുടങ്ങിയ പദവികളിലുള്ളവരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്.
1994 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടത്. 2021 ലെ പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം രണ്ട് വർഷവും ഒരു ദിവസവും പൂർത്തിയാക്കിയാൽ മിനിമം പെൻഷനായ 3450 രൂപയ്ക്ക് അർഹരാകും. പേഴ്സണൽ സ്റ്റാഫുകളിൽ ഏറ്റവുമധികം ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. (1,07,800- 1,60,000) പാചകക്കാരനാണ് കുറഞ്ഞ ശമ്പളം (23,000- 50,000) 70,000 രൂപ വരെ ശമ്പളം ഉള്ളവർക്ക് യാത്രയ്ക്ക് ഒന്നാം ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റും 77,000 രൂപയ്ക്ക് മുകളിൽ വിമാനയാത്രാ ടിക്കറ്റും ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി, അഡി. പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലുള്ളവർക്ക് സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്കെയിലും പദവിയുമുണ്ട്. (77,400- 1,15,000) അസി. പ്രൈവറ്റ് സെക്രട്ടറിക്ക് അണ്ടർ സെക്രട്ടറി റാങ്കിലെ ശമ്പളം ലഭിക്കും. ഇതിനാനുപാതികമായാണ് പെൻഷൻ ലഭിക്കുക.
പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നത് അതാത് രാഷ്ട്രീയ കക്ഷികളാണ്. സംസ്ഥാന, കേന്ദ്ര സർക്കാർ ജീവനക്കാർ 56 വയസ്സിലോ 60 ലോ വിരമിച്ച ശേഷമേ പെൻഷൻ ലഭിക്കുകയുള്ളൂ. വിവിധ സാമൂഹിക ക്ഷേമപെൻഷനുകൾക്കും 60 വയസ്സ് കഴിയണം. അതേസമയം 20- 25 വയസ്സിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കയറുന്ന ഒരാൾ രണ്ടോ മൂന്നോ വർഷം സേവനം കഴിഞ്ഞ് പുറത്തിറങ്ങിയാൽ അന്നുമുതൽ മരണം വരെ പെൻഷൻ ഉറപ്പാകും. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെയൊക്കെ പേഴ്സണൽ സ്റ്റാഫിൽ കയറിക്കിട്ടിയാൽ ബംബർ ലോട്ടറി അടിച്ചത് പോലെയാണ്. ഗസറ്റഡ് തസ്തികയിൽ 1.60 ലക്ഷം രൂപ വരെ ശമ്പളം കിട്ടുന്ന ജോലിക്ക് എസ്.എസ്.എൽ.സി യോഗ്യത പോലും വേണമെന്നില്ല. പിണറായി വിജയന്റെ സ്റ്റാഫിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളുടെ യോഗ്യത വെറും പത്താം ക്ലാസാണ്. പിണറായി വിജയന് 27 പേരും പ്രതിപക്ഷ നേതാവിന് 25 പേരുമുണ്ടായിരുന്നു പേഴ്സണൽ സ്റ്റാഫിൽ. കാര്യമായ ഒരു ജോലിയും ഇല്ലാത്ത ചീഫ് വിപ്പിനുമുണ്ടായിരുന്നു 19 പേഴ്സണൽ സ്റ്റാഫ്. കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാർക്ക് 15 പേരെയേ പേഴ്സണൽ സ്റ്റാഫായി നിയമിക്കാനാകൂ. തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. ബാക്കി സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ സ്വന്തം നിലയിൽ വയ്ക്കാം. കേരളത്തിൽ 25 പേരെ വരെ നിയമിക്കാം. അതിൽ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം.
പി.എമ്മിനെക്കാൾ ശമ്പളം പി.എസ്.സി യിൽ
1.60 ലക്ഷം രൂപയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം. രാഷ്ട്രപതിയ്ക്കാണ് ഏറ്റവും കൂടുതൽ ശമ്പളം. 5 ലക്ഷം രൂപ. എന്നാൽ കേരള പി.എസ്.സി ചെയർമാന്റെ ശമ്പളം അടുത്തിടെ പുതുക്കിയ കണക്ക് പ്രകാരം 3. 81 ലക്ഷമാണ്. അംഗങ്ങളുടെ ശമ്പളം 3.73 ലക്ഷം. ചെയർമാന് പെൻഷൻ ലഭിക്കുന്നത് 2.50 ലക്ഷവും അംഗങ്ങൾക്ക് 2.25 ലക്ഷവും. ആനന്ദലബ്ധിക്കിനി എന്തുവേണമെന്ന് ചോദിക്കുമ്പോഴാണ് കേരളത്തിൽ എത്ര ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വഴി നിയമനം ലഭിക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്. ചെയർമാനടക്കം 21 അംഗങ്ങൾക്കുമായി ശമ്പളം നൽകാൻ ഒരു വർഷം 9.48 കോടി രൂപ വേണം. സംസ്ഥാനത്ത് നിലവിൽ ലഭ്യമാകുന്ന എല്ലാ സുഖസൗഭാഗ്യങ്ങളുടെയും ഗുണഭോക്താക്കളാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും. ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങൾക്ക് ശമ്പളത്തിനൊപ്പം
വീട്ടുവാടക, വാഹന ബത്ത, ഓരോ സിറ്റിംഗിനും അലവൻസ്, മെഡിക്കൽ അലവൻസ് എന്നിവയും ലഭിക്കും. 6 വർഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോൾ ആജീവനാന്ത പെൻഷനും. കുടുംബാംഗങ്ങൾക്കടക്കം സൗജന്യ ചികിത്സാ സഹായം പുറമേ. പി.എസ്.സി എന്ന വെള്ളാന ഇപ്പോൾ കേരളത്തിൽ നടത്തുന്ന നിയമനങ്ങൾ വർഷം തോറും താഴോട്ടാണ്. ഒന്നാം പിണറായി സക്കാർ 1,61,268 നിയമന ശുപാർശകൾ നടത്തിയെങ്കിൽ രണ്ടാം പിണറായി സർക്കാർ നടത്തിയത് 1,11,335 ശുപാർശകൾ. ഒരാൾ ഒന്നിലധികം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടാൽ അതെല്ലാം നിയമന ശുപാർശയായി കണക്കാക്കും. ഒരു നിയമനമേ ലഭിക്കൂ. പല റാങ്ക് ലിസ്റ്റുകളും ഒരാളെപ്പോലും നിയമിക്കാതെ കാലഹരണപ്പെടുന്നുമുണ്ട്. ഉപരിപഠനത്തിനും തൊഴിലിനുമായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള യുവാക്കളുടെ ഒഴുക്കിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് പി.എസ്.സി നിയമനങ്ങളിലെ അനിശ്ചിതത്വമാണ്.
അംഗബലം കുറയ്ക്കുമോ ?
21 പേരുമായി രാജ്യത്ത് ഏറ്റവുമധികം അംഗങ്ങളുള്ള ജംബോ പി.എസ്.സിയാണ് കേരളത്തിലേത്. ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തുന്ന രാജസ്ഥാനിൽ വെറും 8 അംഗങ്ങൾ മാത്രമാണുള്ളത്. തമിഴ്നാട്ടിൽ 14 ഉം കർണാടകയിൽ 13 ഉം അംഗങ്ങളുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയിൽ 9 അംഗങ്ങൾ മാത്രം. കേരളത്തിൽ 2600 തസ്തികകളിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്. പി.എസ്.സി ഭരണഘടനാ സ്ഥാപനമായതിനാൽ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളും കേന്ദ്ര ജുഡിഷ്യൽ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും നൽകണമെന്ന ആവശ്യം രണ്ടാം പിണറായി സർക്കാർ അംഗീകരിച്ചാണ് ശമ്പളത്തിലും പെൻഷനിലും ഭീമമായ വർദ്ധന വരുത്തിയത്. ഭീമമായ ശമ്പളം നൽകി ഇത്രയേറെ അംഗങ്ങളെ നിലനിർത്തേണ്ട ബാദ്ധ്യതയുണ്ടോ എന്ന ചോദ്യമാണ് കടത്തിൽ മുങ്ങിയ കേരളം ഇപ്പോൾ നേരിടുന്നത്. ഇക്കാര്യത്തിലും പുതിയ സർക്കാരിന്റെ ക്രിയാത്മക ഇടപെലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |