SignIn
Kerala Kaumudi Online
Thursday, 28 May 2026 4.36 AM IST

വയോജനക്ഷേമ വകുപ്പ്;പുതിയൊരു സാമൂഹ്യദർശനം

a

കേരളത്തിൽ അധികാരമേറ്റ ഐക്യജനാധിപത്യ മുന്നണി സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിൽ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് പ്രഖ്യാപിച്ചത് ദീർഘവീക്ഷണത്തോടെയുള്ള ചരിത്രപരമായ തീരുമാനമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ മുതിർന്ന പൗരന്മാർക്കായി വകുപ്പ് രൂപീകരിക്കുന്നതെന്ന സവിശേഷതയും ഇതിനുണ്ട്.

ജനസംഖ്യാപരമായി വയോജനങ്ങൾ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നിലവിൽ കേരളത്തിലെ ജനസംഖ്യയിൽ ഏകദേശം 16.5 മുതൽ 18.7 ശതമാനം വരെയുള്ളവർ അറുപത് വയസിന് മുകളിലുള്ളവരാണ്. ദേശീയ ശരാശരി 9-10 ശതമാനം മാത്രമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ അവസ്ഥ വളരെ കൂടുതലാണ്.

1961ൽ 5.1ശതമാനമായിരുന്ന സംസ്ഥാനത്തെ വയോജന ജനസംഖ്യ, 2001ൽ 10.5 ശതമാനമായും 2011ൽ 12.6 ശതമാനമായും 2021ൽ ഏകദേശം 16.5 ശതമാനമായും ഉയർന്നു. 2031ഓടെ ഈ നിരക്ക് 20 ശതമാനം കടക്കുമെന്നും അടുത്ത ദശകത്തിൽ ഓരോ നാല് കേരളീയരിലും ഒരാൾ മുതിർന്ന പൗരനായി മാറുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒപ്പം, സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ കൂടുതലാണെന്നത് മറ്റൊരു സവിശേഷതയാണ്. 'വാർദ്ധക്യത്തിന്റെ സ്‌ത്രൈണവത്കരണം' എന്നാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. 80 വയസിന് മുകളിലുള്ളവരിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ വളരെ കൂടുതലാണ്.

വിധവകളായും ഏകാന്തമായും കഴിയുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ജനനനിരക്ക്, കാര്യക്ഷമമായ ആരോഗ്യപരിപാലനം, യുവജനങ്ങളുടെ ആഗോള കുടിയേറ്റം തുടങ്ങിയ സാമൂഹിക ഘടകങ്ങളുടെ സംയുക്ത ഫലമായാണ് കേരളം ഇന്ന് വാർദ്ധക്യ സമൂഹമെന്ന അവസ്ഥയിലേക്ക് പരിണമിച്ചത്.

കേരളത്തിന്റെ ഉയർന്ന വയോജന നിരക്ക്, ആരോഗ്യസംരക്ഷണം, പെൻഷൻ, പൊതുധനകാര്യങ്ങൾ, പരിചരണ സംവിധാനങ്ങൾ എന്നീ മേഖലകളിൽ ഭീമമായ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുന്നറിയിപ്പുണ്ട്. അതിനാൽ കേരളം, ഇന്ത്യയുടെ ജനസംഖ്യാഭാവിയുടെ പരീക്ഷണശാലയായി മാറുകയാണ്.

ഇവിടത്തെ വയോജനങ്ങൾ പൊതുവേ അഭിമുഖീകരിക്കുന്ന ഏകാന്തത, വിഷാദം, മറവിരോഗം, ദീർഘകാല പരിചരണത്തിന്റെ അഭാവം, കുടുംബത്തിൽ നിന്നുള്ള സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങൾ അടുത്ത ദശകങ്ങളിൽ ഇന്ത്യ മുഴുവൻ നേരിടേണ്ടിവരും. ഈ പശ്ചാത്തലത്തിൽ, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഒരു സാധാരണ ക്ഷേമനടപടി മാത്രമല്ല. മറിച്ച്, വയോജനങ്ങളുടെ ഭാവിയെ മുൻനിറുത്തിയുള്ള പുതിയൊരു സാമൂഹ്യദർശനവും രാഷ്ട്രീയ ഭാവനയുമാണ്.

സാമൂഹിക, ആത്മബന്ധം

വയോജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രായവിവേചനമാണ്. ഇവരെ 'ഉത്പാദനശേഷിയില്ലാത്തവർ', 'അനാവശ്യഭാരം', 'സാമൂഹികമായി പ്രസക്തിയില്ലാത്തവർ' എന്ന നിലയിൽ കാണുന്ന പ്രവണത കുടുംബങ്ങളിലും സ്ഥാപനങ്ങളിലും പൊതുസാംസ്‌കാരിക മണ്ഡലത്തിലും വ്യാപകമാവുകയാണ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹിക ഒറ്റപ്പെടൽ, മാനസികമായ തിരസ്‌കാരം, ഉപേക്ഷിക്കപ്പെടൽ, ഏകാന്തത എന്നിവ അവരുടെ നിലനില്പിനെത്തന്നെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു.

വയോജനങ്ങളുടെ പ്രധാന പ്രശ്‌നം രോഗമോ ദാരിദ്ര്യമോ മാത്രമല്ല; മറിച്ച്, സ്‌നേഹബന്ധങ്ങളുടെ അഭാവം, മാനസിക സുരക്ഷിതത്വക്കുറവ്, സാമൂഹിക അംഗീകാരമില്ലായ്മ എന്നിവയാണെന്ന് കേരളത്തിൽ ഈയിടെ നടന്നിട്ടുള്ള വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കുടിവെള്ളം, ആഹാരം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കടുത്ത ദുരിതത്തിൽ കഴിയുന്ന നിരവധി വയോജനങ്ങളുണ്ട്.

എന്നിരുന്നാലും, ഭൂരിഭാഗം വയോജനങ്ങളും സ്വന്തം വീടും നാടും വിട്ട് വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനപരിചരണ കേന്ദ്രങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. കാരണം, വാർദ്ധക്യകാലത്ത് അവർ ഏറ്റവും കൂടുതൽ കൊതിക്കുന്നത് തങ്ങളുടെ പരിചിതമായ സാമൂഹികബന്ധങ്ങളും ആത്മബന്ധങ്ങളും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവുമാണ്.

കുടുംബവും സമൂഹവും

പങ്കാളികളാകണം
വയോജനങ്ങളുടെ മാനസികാരോഗ്യത്തിനും വൈകാരിക സുരക്ഷിതത്വത്തിനും കുടുംബബന്ധങ്ങൾ നിർണായകമാണ്. മറ്റേതൊരു സംവിധാനത്തിനും കുടുംബസ്‌നേഹത്തിനും ആത്മബന്ധങ്ങൾക്കും പകരമാകാനാവില്ല. എന്നാൽ കുടിയേറ്റവും അണുകുടുംബവത്കരണവും വർദ്ധിക്കുന്ന സമകാലീന സാഹചര്യത്തിൽ പരിചരണത്തിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.

വയോജനപരിചരണം ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമാകരുത്. മറിച്ച് അത് കുടുംബം, സമൂഹം, സർക്കാർ, സന്നദ്ധസംഘടനകൾ, ആരോഗ്യസ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, വയോജനങ്ങൾ തന്നെയും ഉൾപ്പെടുന്ന ഒരു സംയുക്ത ഉത്തരവാദിത്വമാകണം. ഈ രീതിയിൽ പര്യാലോചിച്ചാൽ, പുതിയ വയോജന വകുപ്പ് എന്നത് കേവലം ഒരു ഭരണപരമായ മുന്നേറ്റം മാത്രമല്ല, അത് കേരളത്തിന്റെ വികസനസങ്കൽപ്പത്തെത്തന്നെ പുനർനിർവചിക്കാനുള്ള സുവർണാവസരമാണ്.

സമൂഹത്തിനു മുന്നിലുള്ള അടിസ്ഥാന ചോദ്യം മനുഷ്യർ എത്രകാലം ജീവിക്കുന്നു എന്നതല്ല മറിച്ച് അവർ ജീവിതത്തിന്റെ അവസാനഘട്ടം എങ്ങനെയാണ് ജീവിക്കുന്നത് എന്നതാണ്. അന്തസും ആത്മാഭിമാനവുമില്ലാത്ത ദീർഘായുസ് നിശബ്ദ ദുരന്തമായി മാറാം. സുരക്ഷിതത്വത്തോടെയും ആത്മാഭിമാനത്തോടെയും സ്‌നേഹത്തോടെയും പങ്കാളിത്തത്തോടെയും ജീവിക്കാനുള്ള അവസരം ഉറപ്പാക്കുന്ന സമൂഹങ്ങളാണ് യഥാർത്ഥത്തിൽ സംസ്‌കൃത സമൂഹങ്ങൾ.

...........................

ബോക്സ്

............................

ജപ്പാനിൽ നിന്ന് പഠിക്കേണ്ടത്
ലോകത്തിൽ ഏറ്റവും വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന രാജ്യങ്ങളിലൊന്നായ ജപ്പാൻ, വയോജനപരിചരണത്തിൽ സമഗ്രവും സാങ്കേതിക പിന്തുണയുള്ളതുമായ സമൂഹകേന്ദ്രിത മാതൃക വികസിപ്പിച്ചിട്ടുണ്ട്. 2000ൽ ജപ്പാൻ നടപ്പിലാക്കിയ 'ദീർഘകാല പരിചരണ ഇൻഷ്വറൻസ്' സംവിധാനം ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബങ്ങളും സമൂഹവും സ്വകാര്യ മേഖലയുമൊക്കെ ചേർന്ന് വയോജനപരിചരണത്തിന്റെ ഉത്തരവാദിത്വം പങ്കിടുന്ന മാതൃകയാണ്.

ഹോം കെയർ, ഡിമെൻഷ്യ പരിചരണം, ഡേ കെയർ സെന്ററുകൾ, പുനരധിവാസം, സമൂഹകേന്ദ്രികൃത പിന്തുണ എന്നിവയ്ക്ക് സ്ഥാപനപരമായ സഹായം ഇത് ഉറപ്പാക്കുന്നു. സാങ്കേതികവിദ്യകളെയും ജപ്പാൻ വലിയ രീതിയിൽ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ടെലിമെഡിസിൻ, റോബോട്ടിക്‌സ്, അടിയന്തര പ്രതികരണ സംവിധാനങ്ങൾ, സ്മാർട്ട് ഹൗസിംഗ്, വയോജന സൗഹൃദ നഗരാസൂത്രണം എന്നിവ അതിന്റെ ഭാഗമാണ്.

കേരളത്തിന് ജപ്പാനെ യാന്ത്രികമായി അനുകരിക്കാനാവില്ല. പഞ്ചായത്ത്-മുനിസിപ്പൽ തലങ്ങളിൽതന്നെ വയോജനപരിചരണം ഏകോപിപ്പിക്കാനും ഹോം കെയർ, സമൂഹപിന്തുണ, മാനസികാരോഗ്യ സംരക്ഷണം, പോഷകാഹാരം, സാമൂഹിക പങ്കാളിത്തം എന്നിവ ഉറപ്പാക്കാനും നമുക്ക് കഴിയണം.

(കേരള സർവകലാശാല സോഷ്യോളജി വകുപ്പ് മുൻ മേധാവിയും. അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വേൾഡ് സയൻസ് പ്രോജക്ടിന്റെ ഇന്ത്യ കോ-ഓർഡിനേറ്ററുമാണ് ലേഖകൻ)

ഫോൺ: 9447739189

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY