
ഇത്തവണ സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്ന് കൂടുതൽ മോടിയാടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉത്സവ സംസ്‌കാരവും കലകളും ഒത്തുചേരുന്ന ഒരാഴ്ചക്കാലത്തെ ആഘോഷം പൊതുജനങ്ങൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് തീർച്ച. കേരളത്തിന്റെ സാംസ്‌കാരികമായ സവിശേഷതകളെയും പാരമ്പര്യ കലകളെയും കലാരംഗത്തെ പുതിയ പ്രവണതകളെയും ഒരുപോലെ പരിഗണിച്ചു കൊണ്ടാണ് ഓണം വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
...............................................
ഭൂപടം നോക്കിയാൽ മാത്രം ഒരു നാടിനെ തൊട്ടറിയാൻ നമുക്ക് കഴിയില്ല; ആ നാടിന്റെ മനുഷ്യരെ അറിയണം, അവരുടെ ജീവിതം കാണണം, അവരുടെ പാട്ടുകൾ കേൾക്കണം, അവരുടെ ഭക്ഷണത്തിന്റെ രുചിയറിയണം, അവരുടെ ആഘോഷങ്ങളിൽ ഒപ്പം ചേരണം.
മലകളാലും കായലുകളാലും കടൽത്തീരങ്ങളാലും സമ്പന്നമായ കേരളത്തിന്റെ പ്രകൃതിഭംഗി ലോകത്തിന് പരിചയപ്പെടുത്തുമ്പോൾ, ഉത്സവങ്ങളും കലകളും രുചികളും മനുഷ്യബന്ധങ്ങളും ഇഴചേർന്ന ഒരു നാടിന്റെ ആത്മാവിനെയാണ് പരിചയപ്പെടുത്തുന്നത്. ആ ആത്മാവിനെ ഏറ്റവും സമഗ്രമായി അനുഭവിച്ചറിയാൻ കഴിയുന്ന കാലമാണ് ഓണം.
നമ്മുടെ പൂക്കളത്തിൽ പൂക്കൾ മാത്രമല്ല, നമ്മുടെ നാടിന്റെ സൗന്ദര്യബോധം കൂടിയാണ് വിരിയുന്നത്. ഓണസദ്യയിൽ വിഭവങ്ങൾ മാത്രമല്ല, പങ്കുവയ്ക്കലിന്റെ സംസ്‌കാരം കൂടിയാണ് വിളമ്പുന്നത്. ചെണ്ടമേളത്തിൽ താളം മാത്രമല്ല, തലമുറകളിലൂടെ കൈമാറിയ ഒരു പൈതൃകത്തിന്റെ സ്പന്ദനമാണ് കേൾക്കുന്നത്. നാടൻ കലാവതരണത്തിൽ കലാകാരന്റെ കഴിവിനൊപ്പം സമൂഹത്തിന്റെ ഓർമ്മകളും ജീവിതാനുഭവങ്ങളുമാണ് വേദിയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഓണം ഒരു ആഘോഷം മാത്രമല്ല; കേരളത്തെ അനുഭവിച്ചറിയാനുള്ള ഒരു സഞ്ചാരവഴി കൂടിയാണ്.
ഈ കാഴ്ചപ്പാടിലാണ് ഓണക്കാലത്തെ സാംസ്‌കാരിക ടൂറിസത്തിന്റെ വലിയ സാദ്ധ്യതകളായി സർക്കാർ കാണുന്നത്. ഒരു വിനോദ സഞ്ചാരി കേരളത്തിലേക്ക് വരുമ്പോൾ ഇവിടെ എന്തുണ്ട് എന്നതിലുപരി, ഇവിടെ എങ്ങനെ ജീവിക്കാം, എങ്ങനെ ആഘോഷിക്കാം, എങ്ങനെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാകാം എന്ന അനുഭവമാകും ഇനി തേടുന്നത്. ആ മാറ്റത്തെ തിരിച്ചറിയുന്നിടത്താണ് ഓണം കേരള ടൂറിസത്തിന്റെ ഒരു വലിയ സാംസ്‌കാരിക വാതായനമായി മാറുന്നത്.
ഇത്തവണ സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്ന് കൂടുതൽ മോടിയാടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉത്സവ സംസ്‌കാരവും കലകളും ഒത്തുചേരുന്ന ഒരാഴ്ചക്കാലത്തെ ആഘോഷം പൊതുജനങ്ങൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് തീർച്ച. കേരളത്തിന്റെ സാംസ്‌കാരികമായ സവിശേഷതകളെയും പാരമ്പര്യ കലകളെയും കലാരംഗത്തെ പുതിയ പ്രവണതകളെയും ഒരുപോലെ പരിഗണിച്ചു കൊണ്ടാണ് ഓണം വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഓണാഘോഷത്തിനുള്ള പരിപാടികളിൽ നാടൻ കലകൾക്കും പ്രാദേശിക കലാകാരൻമാർക്കും വേദി ഒരുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഓണം ഘോഷയാത്രയിലും പരമ്പരാഗത, നാടൻ കലാരൂപങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. വേദികളുടെ എണ്ണം കൂടിയതോടെ കൂടുതൽ കലാകാരൻമാർക്ക് അവസരം ലഭ്യമാക്കാനുളള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. പാരമ്പര്യ, നാടൻ, ഗോത്ര കലാരൂപങ്ങളെ സംരക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന കലാകാരൻമാർക്ക് അവസരം നൽകുന്നതിലും ശ്രദ്ധിച്ചു. അതുപോലെ തന്നെ ജനപ്രിയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കലാവതരണങ്ങളുടെയും കലാകാരൻമാരുടെയും പ്രാതിനിദ്ധ്യവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ഉത്സവ സംസ്‌കാരവും
ആചാരത്തനിമയും
കേരളത്തിന്റെ ഉത്സവ സംസ്‌കാരവും ആചാരത്തനിമയും കലകളുമായി വിനോദ സഞ്ചാരികൾക്ക് അടുത്തറിയാൻ കഴിയുന്ന മികച്ച അവസരമാണ് ഓണാഘോഷം. ഇത്തവണ ഓണാഘോഷത്തിന് കേരളത്തിന്റെ പാരമ്പര്യ, നാടൻ കലകളുടെ അവതരണം ആസ്വദിക്കുന്നതിനൊപ്പം കലാകാരൻമാരുമായി സംവദിക്കുകയും ചെയ്യാം. കേരളത്തിന്റെ കലാപൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന ലൈവ് സെഷനുകൾ ഇത്തവണത്തെ പ്രത്യേകതയാണ്. തോൽപ്പാവക്കൂത്ത്, കഥകളി ചമയം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളെയും അവയുടെ പിന്നിലെ കലാപ്രക്രിയകളെയും നേരിട്ട് പരിചയപ്പെടാൻ ഇതിലൂടെ അവസരം ലഭിക്കും.
കേരളത്തിന്റെ തനത് സംസ്‌കാരവും പ്രത്യേകതയും തിരിച്ചറിഞ്ഞെത്തുന്ന വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് ഓണാഘോഷ പരിപാടികൾ മുഖ്യ ആകർഷണമാകും. ഓണക്കാലം നിരവധി സഞ്ചാരികൾ കേരളത്തിലേക്കെത്തുന്ന വേളയാണ്. ഗ്രാമപ്രദേശങ്ങളിലെ ഓണാഘോഷങ്ങളിൽ പങ്കുചേരാനും ഓണക്കളികളും സവിശേഷമായ ആചാരവിശേഷങ്ങളും നേരിട്ടറിയാനും ഓണക്കാലം സഞ്ചാരികൾക്ക് അവസരമൊരുക്കും.
ടൂറിസം പ്രവർത്തനങ്ങൾ
ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ഓണാഘോഷ പരിപാടികൾക്ക് വിപുലമായ പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഓണാഘോഷം ആഗോള ടൂറിസം വിപണിയിൽ എത്തിക്കാനാകും. ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തിൽ സജീവ സാന്നിദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ എക്കാലവും കേരളം മുൻപന്തിയിലാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ആനുപാതികമായ വർദ്ധനവുണ്ട്. ഈ തരംഗം സജീവമായി നിലനിറുത്തേണ്ടത് കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ടൂറിസത്തിന് വ്യവസായ പദവി നൽകിയ സർക്കാർ തീരുമാനത്തിന് ടൂറിസം പങ്കാളികളിൽ നിന്നും വിനോദ സഞ്ചാരികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് വലിയ പ്രോത്സാഹനമാണ് ഇത് നൽകുന്നത്.
യാത്ര ചെയ്യാനുള്ള താത്പര്യം ആളുകളിൽ വർദ്ധിച്ചു വരുന്ന പ്രവണതയാണുള്ളത്. യാത്ര ചെയ്യുകയും പുതിയ സ്ഥലങ്ങൾ പര്യവേഷണം ചെയ്യുകയും ചെയ്യുന്ന ഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള ടൂറിസം പ്രവർത്തനങ്ങളാണ് ഓണക്കാലത്ത് ഉൾപ്പെടെ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |