
2026 ഓഗസ്റ്റ് 7ന് മക്കയിൽ സൗദി അറേബ്യ,തുർക്കി,പാകിസ്ഥാൻ എന്നി രാജ്യങ്ങൾ ഒപ്പുവച്ച മക്ക ജോയിന്റ് ഡിറ്ററൻസ് എഗ്രിമെന്റ് (എം.ജെ.ഡി.എ) അടുത്തകാലത്ത്,പ്രത്യേകിച്ച് ഏഷ്യൻ തന്ത്രപ്രധാന വൃത്തങ്ങളിൽ,ഏറെ ചർച്ച ചെയ്യപ്പെട്ട സഖ്യങ്ങളിലൊന്നാണ്.ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷത്തിന്റെയും പശ്ചിമേഷ്യയിലെ മാറിവരുന്ന സുരക്ഷാ ഘടനയുടെയും പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ,സൗദി അറേബ്യ,തുർക്കി എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഈ കരാർ രൂപപ്പെട്ടത്. ഇന്ത്യയുമായി ഇതിന് നേരിട്ടുള്ള ബന്ധമില്ലെങ്കിലും, സുരക്ഷാ കാഴ്ചപ്പാടിൽ ഇന്ത്യയെ ഇത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ചർച്ചകൾ ശക്തമാണ്.പ്രത്യേകിച്ച്, ഇതിനെ ഇന്ത്യക്കെതിരായ ഒരു 'ഇസ്ലാമിക് നാറ്റോ' സഖ്യമായി വ്യാഖ്യാനിക്കുന്നതും ശ്രദ്ധേയമാണ്.
# പഴയതിലെ പുതുമ
മക്കാ ഉടമ്പടി,ഔദ്യോഗികമായി പാകിസ്ഥാൻ,സൗദി അറേബ്യ,തുർക്കി എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രികക്ഷി പ്രതിരോധ സഹകരണമാണ്.ഒരു അംഗരാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്നു രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് പ്രധാനതത്വം. ഇത് നാറ്റോയുടെ അഞ്ചാം അനുച്ഛേദത്തോട് സാമ്യമുള്ളതാണെങ്കിലും, നാറ്റോ മാതൃകയിൽ അംഗരാജ്യങ്ങളെ സ്വമേധയാ സൈനികമായി ഇടപെടാൻ നിർബന്ധിക്കുന്ന ഒരു സഖ്യമല്ല. പ്രതിരോധനയം, രഹസ്യാന്വേഷണം,സംയുക്ത സൈനികാഭ്യാസങ്ങൾ,പ്രതിരോധ സാങ്കേതികവിദ്യ,സൈബർ സുരക്ഷ,സംയുക്ത പ്രതിരോധ ഉത്പാദനം എന്നിവയിൽ സഹകരണം ലക്ഷ്യമിടുന്നു.
എന്നാൽ ഈ കരാർ സ്ഥാപനപരമായി പുതിയതാണെങ്കിലും തന്ത്രപരമായി പൂർണമായും പുതുമയുള്ളതല്ല.
#ഇന്ത്യയ്ക്കുള്ള പ്രത്യാഘാതങ്ങൾ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്ക പാകിസ്ഥാന്റെ വർദ്ധിക്കുന്ന തന്ത്രപരമായ സ്ഥാനം തന്നെയാണ്. കശ്മീർ വിഷയത്തിൽ നയതന്ത്ര പിന്തുണ നേടാൻ പാകിസ്ഥാൻ ചരിത്രപരമായി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യ–സൗദി ബന്ധം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും സൗദിക്ക് പാകിസ്ഥാനുമായി ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്. 1965,1971 യുദ്ധകാലങ്ങളിൽ സൗദി പാകിസ്ഥാനെ പിന്തുണച്ചതും ഇതിന്റെ പശ്ചാത്തലമാണ്.
ഇതിന്റെ പ്രത്യാഘാതം കടൽസുരക്ഷയിലും ആണവസ്ഥിരതയിലും പ്രകടമാകാം. പാകിസ്ഥാന്റെ അറബിക്കടൽ തീരം, ഇന്ത്യൻ മഹാസമുദ്രത്തിലെ തുർക്കിയുടെ വളരുന്ന നാവിക അഭിലാഷങ്ങൾ,ഗൾഫ്–ചെങ്കടൽ സമുദ്രപാതകൾക്ക് സമീപമുള്ള സൗദിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്രപരിധിയിൽ തന്ത്രപരമായ സമ്മർദ്ദവലയം സൃഷ്ടിക്കാനുള്ള സാദ്ധ്യത ഉയർത്തുന്നു. ഭാവിയിൽ ഗൾഫ്–പാകിസ്ഥാൻ ആണവ സഹകരണം വർദ്ധിച്ചാൽ ഇത് കൂടുതൽ സങ്കീർണമാകും.
അതേസമയം, തുർക്കിയുടെ പാകിസ്ഥാൻ അനുകൂല നിലപാടും ബംഗ്ലാദേശുമായുള്ള വർധിച്ച ഇടപെടലും ഇന്ത്യയ്ക്ക് പടിഞ്ഞാറും കിഴക്കും ഒരേസമയം വെല്ലുവിളിയാകുന്നു. ഇതിനെ ചൈന–പാകിസ്ഥാൻ പങ്കാളിത്തത്തോടൊപ്പം കാണുമ്പോൾ, ചൈനയുടെ പിന്തുണ,തുർക്കിയുടെ പ്രതിരോധ സാങ്കേതികവിദ്യ,സൗദിയുടെ സാമ്പത്തികതന്ത്രപരമായ പിന്തുണ എന്നിവ പാകിസ്ഥാന് കൂടുതൽ തന്ത്രപരമായ ഇടം നൽകാം.
ഇന്ത്യ എങ്ങനെ പ്രതികരിക്കണം?
മക്കാ ഉടമ്പടിയോടുള്ള ഇന്ത്യയുടെ പ്രതികരണം ഒരു പ്രതിസഖ്യം രൂപീകരിക്കുന്നതിലാകരുത്. പകരം, നയതന്ത്ര ശക്തി, സാമ്പത്തിക ശേഷി, തദ്ദേശീയ പ്രതിരോധശേഷി, തന്ത്രപരമായ നിരീക്ഷണം എന്നിവ സംയോജിപ്പിച്ച സമതുലിതമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്.
ഒന്നാമതായി, സൗദി അറേബ്യയുമായുള്ള പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ഇന്ത്യ കൂടുതൽ ആഴത്തിലാക്കണം. അതോടൊപ്പം യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവരുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തണം. ഇന്ത്യ–യു.എ.ഇ ബന്ധത്തിലെ പ്രതിരോധ, സമുദ്രസുരക്ഷാ സഹകരണം ഇതിന് മികച്ച മാതൃകയാണ്.
രണ്ടാമതായി, ഇന്ത്യ തദ്ദേശീയ പ്രതിരോധശേഷിയും സൈനിക ആധുനികവൽക്കരണവും കൂടുതൽ ശക്തിപ്പെടുത്തണം. വ്യോമപ്രതിരോധം, ഡ്രോണുകൾ, സൈബർ യുദ്ധം, ബഹിരാകാശം,ഇന്റലിജൻസ്, ഇലക്ട്രോണിക് യുദ്ധം,സമുദ്രസുരക്ഷ, പ്രതിരോധ ഉത്പാദനം തുടങ്ങിയ നിർണായക മേഖലകളിൽ സ്വയംപര്യാപ്തമായ ശേഷി വികസിപ്പിക്കേണ്ടതുണ്ട്.
മൂന്നാമതായി, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കണക്ടിവിറ്റി എന്നിവയിലൂടെ ഗൾഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക പരസ്‌പരാശ്രിതത്വം ഇന്ത്യ കൂടുതൽ ആഴത്തിലാക്കണം. ഇത് ദീർഘകാല സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്ത്രപരമായ ബന്ധങ്ങൾക്ക് കൂടുതൽ സ്ഥിരതയും നൽകും.
നാലാമതായി, എം.ജെ.ഡി.എയുടെ സ്ഥാപനപരമായ വളർച്ച ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കണം. സംയുക്ത സൈനികാഭ്യാസങ്ങൾ, രഹസ്യാന്വേഷണ സഹകരണം, പ്രതിരോധ ഉത്പാദനം, സ്ഥിരമായ സൈനിക ഏകോപന സംവിധാനങ്ങൾ എന്നിവയിലൂടെ ഈ കൂട്ടായ്മയുടെ ശേഷിയും വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ജാഗ്രത പുലർത്തണം.
അതായത് മക്കാ ഉടമ്പടി ഇസ്ലാമിക നാറ്റോയുടെ തുടക്കമോ ഇന്ത്യയ്ക്ക് അസ്തിത്വപരമായ ഭീഷണിയോ അല്ല. സ്വന്തം വ്യത്യസ്ത തന്ത്രപരമായ ആശങ്കകൾ കൈകാര്യം ചെയ്യുന്ന മൂന്നു രാജ്യങ്ങൾ സ്വീകരിച്ച ഒരു സമതുലന തന്ത്രം ആയി ഇതിനെ കാണുന്നതാണ് ഉചിതം. എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് തന്ത്രപരമായ കൂട്ടുകെട്ടുകളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും ആയിരിക്കണം ഇന്ത്യയുടെ ലക്ഷ്യം.
(ജോസുകുട്ടി സി. എ. കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറാണ്. മാഹി ആർ. അതേ വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിയാണ്.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |