
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് യഥാസമയം ലഭിക്കാതിരിക്കുന്നതും അകാരണമായ കാലതാമസം വരുത്തുന്നതും പതിവാണ്. വൈകി അനുവദിക്കുന്ന തുക പലപ്പോഴും സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ തുക തിരിമറി നടത്തുന്നതും ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്.
സമീപകാലത്ത് പാലക്കാട്ട് ഒരു കോളേജിൽ വിദ്യാർഥികൾക്കായി അനുവദിച്ച തുക ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തിയത് പിടിക്കപ്പെട്ടിരുന്നു!
പല സ്ഥാപനങ്ങളും; വിശേഷിച്ച്, സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങൾ പല പേരുകളിൽ അന്യായമായ പണപ്പിരിവ് നടത്തുകയും, വകുപ്പിൽ നിന്ന് അനുവദിക്കുന്ന തുക വിദ്യാർത്ഥികൾക്ക് നൽകാതിരിക്കുന്നതും ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്. അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും എന്തോ വലിയ അപരാധം എന്ന നിലയിലാണ് ബന്ധപ്പെട്ടവർ കാണുന്നത്. ഇക്കാര്യത്തിൽ വകുപ്പിന്റെ ഭാഗത്തും സ്ഥാപനങ്ങളുടെ ഭാഗത്തും ഗുരുതരമായ വീഴ്ച സംഭവിക്കുന്നുണ്ട്. കൃത്യമായ പരിശോധനയോ ഓഡിറ്റോ നടക്കുന്നില്ല എന്നതാണ് വസ്തുത.
മാസങ്ങൾക്കു മുമ്പ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ഏതാനും സ്ഥാപനങ്ങളിൽ നിന്നു മാത്രം കെട്ടിക്കിടന്ന 50 കോടിയോളം രൂപ കണ്ടുപിടിച്ചതായി അറിയുന്നുണ്ട്.
പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ വിദ്യാഭ്യാസ സഹായങ്ങൾ വീഴ്ച കൂടാതെ സമയബന്ധിതമായി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക്
അർഹമായ തുകയും, അനുവദിച്ച തുകയും, കുടിശ്ശികയും സംബന്ധിച്ച വ്യക്തമായ കണക്ക് പരസ്യപ്പെടുത്തണം. ഓരോ സ്ഥാപനത്തിലും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന തുകയും ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന തുകയും സംബന്ധിച്ച വിവരങ്ങളും പുറത്തുവിടണം. ഇതു സംബന്ധിച്ച് സ്വതന്ത്ര ഓഡിറ്റിംഗ് ഏജൻസികളെക്കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് പുറത്തുവിടണം.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഫണ്ട് തികയാതെ വരുന്ന സാഹചര്യമുണ്ടെങ്കിൽ പദ്ധതി വിഹിതത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന തുക കുറവുചെയ്ത് വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കായി വകയിരുത്തണം. സ്വാശ്രയ പ്രൊഫഷണൽ കോഴ്സുകളിൽ നേരിട്ട് പണം സ്വീകരിക്കുന്ന നടപടി അവസാനിപ്പിക്കണം. ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യണം.
ഗുണഭോക്താക്കളായ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തങ്ങൾക്ക് അർഹമായ തുകയെ സംബന്ധിച്ചും അത് ലഭിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും മനസിലാക്കാൻ തയ്യാറാവണം. സമുദായ സംഘടനകളും നേതാക്കളും മറ്റ് ആവശ്യങ്ങൾക്കുള്ള പോരാട്ടങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളെയും സ്ഥാപന മേധാവികളെയും സമീപിച്ച് ആവശ്യമായ പ്രത്യേക നടപടികൾക്ക് രൂപം നൽകുകയും വേണം.
(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ. 94472 75809)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |