
സി.പി.ഐയും സി.പി.എമ്മും അനിയൻബാബവയും ചേട്ടൻബാവയുമൊക്കെയാണെന്നത് സത്യം. എന്നാൽ ഇടയ്ക്കിടെ ഇരുവരും ഒന്നുരസും.പല വിഷയങ്ങളിലും കൊമ്പുകോർക്കും. രണ്ട് കൂട്ടരും വലിയ വാശിക്കാരുമാണ്. എല്ലാ കാര്യങ്ങളിലും കടുംപിടുത്തത്തിനുള്ള അവകാശം സി.പി.ഐയ്ക്കും ജയിക്കാനുള്ള അവകാശം സി.പി.എമ്മിനുമാണ്. തോൽക്കാൻ വേണ്ടി സി.പി.എമ്മുമായി മത്സരിക്കുന്നത് സി.പി.ഐയ്ക്ക് ഒരു ശീലവുമായി.
കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിലുള്ളപ്പോൾ പി.എംശ്രീപദ്ധതി ഒപ്പുവച്ചതുമായി ബന്ധപ്പെട്ടായിരുന്നു വലിയ പോര്. മുന്നണിയിൽ സി.പി.ഐ തുടരുമോ എന്നുപോലും ഒരു ഘട്ടത്തിൽ സംശയിച്ചെങ്കിലും ഒടുവിൽ ഒന്നും സംഭവിച്ചില്ല. അനുസരണയുള്ള കുട്ടിയെ പോലെ സി.പി.ഐ വഴിക്കു വന്നു. ഭരണം അതിന്റെ വഴിക്ക് പോയതിനാൽ പ്രതിപക്ഷ ഉപനേതാവ് പദവിയെപ്പറ്റിയാണ് ഇപ്പോഴത്തെ കൊമ്പുകോർക്കൽ.
വെളിയം ഭാർഗവനും സി.കെ.ചന്ദ്രപ്പനുമൊക്കെ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിമാരായിരിക്കുമ്പോൾ സി.പി.എമ്മിന്റെ വലിയ കണ്ണുരുട്ടലൊന്നും വിലപ്പോയിരുന്നില്ല. കാനം രാജേന്ദ്രൻ നേതൃത്വത്തിൽ വന്ന ശേഷം അൽപ്പം കടുംപിടുത്തമൊക്കെ കാട്ടിയിരുന്നെങ്കിലും വാശി പിടിക്കുക, വഴങ്ങിക്കൊടുക്കുക എന്ന മാനസികാവസ്ഥയിലേക്ക് മാറി. പക്ഷെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തീർത്തും വ്യത്യസ്തനാണ്. 'മൃദുഭാവേ ദൃഢകൃത്യേ ' എന്ന കേരള പൊലീസിന്റെ ആപ്തവാക്യത്തിലാണ് അദ്ദേഹത്തിന് വിശ്വാസം. ഇതിൽ ആദ്യഭാഗം അച്ചെട്ടായി പാലിക്കുന്നുണ്ടെങ്കിലും പ്രവർത്തനത്തിൽ ദൃഢതയുണ്ടോ എന്നതിലാണ് സാധാരണ പ്രവർത്തകർക്കൊരു സംശയം. പ്രതിപക്ഷത്തായിപ്പോയ സ്ഥിതിക്ക് ഒരു ഉപനേതാവ് പദവിയെങ്കിലും കിട്ടിയില്ലെങ്കിൽ ഒരു ഗുമ്മില്ലെന്നത് സി.പി.ഐയ്ക്ക് നന്നായി അറിയാം. പ്രതിപക്ഷ നേതാവും ഉപനേതാവും തന്റെ പാർട്ടി തന്നെയാവണമെന്ന കടുത്ത വാശി പിണറായി വിജയനാണ്. അല്ലെങ്കിലും സി.പി.ഐയെ ഇടയ്ക്കിടെ കുത്തിനോവിക്കുന്നതും പരിഹസിക്കുന്നതും പിണറായിക്കൊരു രസമാണ്. അല്ലെങ്കിൽ പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ എം.വി ഗോവിന്ദനും ടി.പി രാമകൃഷ്ണനുമൊക്കെ വാതുറക്കും മുമ്പ് പിണറായി കയറി ഏകപക്ഷീയമായി അഭിപ്രായം പറയുമോ.
പാവം മുൻമന്ത്രി പദവി മാത്രമുള്ള കെ.രാജൻ പ്രതിപക്ഷ ഉപനേതാവാകാനുള്ള കായിക പരിശീലനം നേരത്തെ തന്നെ തുടങ്ങിയതാണ്. നിയമസഭ ചേരുമ്പോൾ നല്ല നാല് വാക്ക് തള്ളിപ്പറയണമെങ്കിൽ ഉപനേതാവാകാതെ പറ്റുമോ. പാവം രാജന്റെ ആത്മാർത്ഥത തിരിച്ചറിയാനുള്ള മനുഷ്യത്വം പിണറായിക്ക് ഇല്ലാതെ പോയി.കെ.എൻ.ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവിന്റെ കുപ്പായം അണിയിക്കാനാണ് പിണറായിയുടെ പിടിവാശി.
ഉപനേതാവ് പദവി വിവാദത്തിൽ
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യം എന്ന് പറയുംപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 'സംപൂജ്യരായി' തൊപ്പിയിട്ടിരിക്കുന്ന കേരളാ കോൺഗ്രസ് മാണി പക്ഷവും തർക്കം അവസാനിപ്പിക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നു. കാര്യം അവർക്ക് പോലും സഹിക്കുന്നില്ല കമ്യൂണിസ്റ്റ് പാർട്ടികളുടെ ഈ തർക്കം. രണ്ട് പാർട്ടികളുടെയും യുവജന സംഘടനാ നേതാക്കൾ സോഷ്യൽ മീഡിയ വഴി തർക്കം തുടങ്ങിയതോടെ ഉപനേതാവ് പദവി കൂടുതൽ വിവാദത്തിലേക്കെത്തി. സർക്കാർ അധികാരത്തിലെത്തി നൂറ് ദിനങ്ങൾ പിന്നിടുമ്പോഴും കൃത്യമായ ഇടവേളകളിലെ എൽ.ഡി.എഫ് യോഗം പോലും ചേരാനാവാത്ത അവസ്ഥയാണ്. യോഗം ചേർന്നു പോയാൽ സി.പി.ഐ ഉപനേതാവ് പദവി എടുത്തിടും.
പുരകത്തുമ്പോൾ വാഴ വെട്ടുന്നു
ഇതിനിടെയാണ് പുരകത്തുമ്പോൾ വാഴ വെട്ടുന്ന തന്ത്രം മുസ്ലീം ലീഗ് കാട്ടിയത്.പണ്ട് കോൺഗ്രസ് തണലിൽ രണ്ട് കൂട്ടരുമായി തോർത്ത് കൊണ്ട് പുഴമീൻ പിടിച്ച കഥയൊക്കെ ഓർമ്മിപ്പിച്ചാണ് സി.പി.ഐയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്. എത്ര സ്നേഹത്തോടെയാണ് അവരുടെക്ഷണം. സാധാരണ രണ്ട് ദിവസം മൂക്ക് വീർപ്പിച്ചിരുന്നിട്ട് മൂന്നാം ദിനം ചിരിച്ചുകൊണ്ടുവരുന്ന സി.പി.ഐ പക്ഷെ ഇക്കുറി കുറേക്കൂടി കടുപ്പിച്ചതോടെയാണ് സി.പി.എമ്മിനും പന്തികേട് തോന്നിതുടങ്ങിയത്. പക്ഷെ എന്തുചെയ്യാൻ മുന്നോട്ടു വച്ച കാൽ ഇനി പിറകോട്ടെടുത്താൽ വിപ്ളവ പാർട്ടിക്ക് വലിയ ക്ഷീണമാവുകയും ചെയ്യും. കെ.രാജനാണെങ്കിൽ ഉപനേതാവ് പദവിയില്ലാതെ ഉണ്ണാനും ഉറങ്ങാനുമാവാത്ത സ്ഥിതിയിലുമാണ്.
കൂടിയാലോചനയില്ലാതെ, ഉപനേതാവ് പദവി സി.പി.എമ്മിനായിരിക്കുമെന്നും താൻ കത്തുകൊടുക്കേണ്ട താമസമേ ഉള്ളു എന്നും മറ്റും പിണറായി പരസ്യപ്രസ്താവന നടത്തിയതിൽ സി.പി.എമ്മിനുള്ളിലും ചില്ലറ മുറുമുറുപ്പുണ്ട്.ഒന്നുമില്ലെങ്കിലും ഒരു കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന പാർട്ടികളല്ലെ. കാര്യങ്ങൾ കൈവിടുമെന്നു തോന്നിച്ചിട്ടോ എന്തോ ഇപ്പോൾ ചില ഒത്തുതീർപ്പ് ഫോർമുലകൾ തയ്യാറാക്കുന്നതായിട്ടാണ് അറിയുന്നത്. എനിക്കില്ലെങ്കിലും അവന് കിട്ടേണ്ടെന്ന പോലൊരു ഒത്തുതീർപ്പ്. പ്രതിപക്ഷ ഉപനേതാവ് പദവി തത്കാലം ഒഴിച്ചിടാമെന്ന്. പദവി ആർക്കും വേണ്ടെന്ന നിർദ്ദേശം സി.പി.ഐയ്ക്ക് മുന്നിൽ വയ്ക്കുക. പക്ഷെ അമ്പും പടച്ചട്ടയും നഷ്ടപ്പെട്ട മാതിരി നിൽക്കുന്ന സി.പി.ഐ , ഈ ഉപാധി സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്. മാത്രമല്ല, ഈ നിർദ്ദേശം അംഗീകരിച്ചാൽ ബിനോയ് വിശ്വത്തിന് എങ്ങനെ കെ.രാജന്റെ മുഖത്ത് നോക്കാൻ സാധിക്കും. അങ്ങനങ്ങു കീഴടങ്ങരുതെന്ന് മുസ്ലീം ലീഗ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ലേഖനമെഴുതിയുമൊക്കെ സി.പി.ഐ യെ ഉപദേശിക്കുന്നുണ്ട്. തങ്ങളുടെ തന്ത്രം ഫലിക്കുമോ എന്നതാണ് അവരുടെ ആശങ്ക.തങ്ങളെ വെയിലത്ത് നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് ബിനോയ് വിശ്വം വഴങ്ങിയാലും സി.പി.ഐയിലെ പോരാളികളായ മറ്റു നേതാക്കൾ അതു സമ്മതിക്കുമോ എന്നതും മറ്റൊരു വിഷയം.
ഇതു കൂടി കേൾക്കണേ
ലീഗിന്റെ പ്രലോഭനം കേട്ട് യു.ഡി.എഫിലേക്ക് എത്തിയാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫിലെ രണ്ടാം സ്ഥാനക്കാർക്ക് യു.ഡി.എഫിലെ മൂന്നാം സ്ഥാനക്കാരാവേണ്ടി വരുമെന്നതും പ്രശ്നമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |