SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

ഇഴഞ്ഞിഴഞ്ഞ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം വികസനസ്വപ്നം പാളുമോ...

ss

കോഴിക്കോട്: നഗരത്തിന്റെ വികസന ഭൂപടത്തിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതി ഇപ്പോൾ സമയത്തോട് മത്സരിക്കുകയാണ്. 445.95 കോടി രൂപയുടെ വൻപദ്ധതിക്ക് 36 മാസത്തെ കരാർ കാലാവധി അവസാനിക്കാൻ ഇനി പത്ത് മാസം മാത്രം. എന്നാൽ പൂർത്തിയായത് ആകെ പ്രവൃത്തിയുടെ 21 ശതമാനം മാത്രം. ബാക്കിയുള്ള ജോലികളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. നിലവിലെ നിർമാണ സാഹചര്യം കണക്കിലെടുത്താൽ പ്രവൃത്തി തീരാൻ രണ്ട് വർഷമെങ്കിലും ചുരുങ്ങിയതെടുക്കും.എന്നാൽ പദ്ധതിയുടെ മെല്ലേപ്പോക്ക് യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. സ്റ്റേഷനിൽ എത്താനും ട്രെയിനിൽ കയറാനും ഓട്ടോ പിടിക്കാനുമെല്ലാം നെട്ടോട്ടം തന്നെ.

27 മാസം പിന്നിട്ടിട്ടും…

2024 മേയ് 17നാണ് റാങ്ക് പ്രൊജക്ട്സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്–വൈ.എഫ്.സി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭത്തിന് പദ്ധതിയുടെ കരാർ നൽകിയത്. ജൂൺ1ന് നിർമാണം ആരംഭിച്ചു. 36 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ 27 മാസം പിന്നിടുമ്പോഴും നിർമാണം പ്രതീക്ഷിച്ച വേഗത്തിലായിട്ടില്ല. റെയിൽവേ ഹെൽത്ത് യൂണിറ്റിന്റെ ഘടന പൂർത്തിയായെങ്കിലും ഫിനിഷിംഗ് ജോലികൾ തുടരുകയാണ്. ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ അഞ്ച് ബ്ലോക്കുകളിൽ മൂന്ന് ബ്ലോക്കുകളുടെ ഒന്നാം നില സ്ലാബ് പൂർത്തിയായി. മറ്റു ബ്ലോക്കുകളിൽ കോളം, പൈലിംഗ് ജോലികളാണ് നടക്കുന്നത്. പടിഞ്ഞാറുഭാഗത്തെ ബഹുനില വാഹന പാർക്കിംഗ് കേന്ദ്രത്തിന്റെ നാല് നിലകളുടെ സൂപ്പർ സ്ട്രക്ചർ പൂർത്തിയായിട്ടുണ്ട്. കിഴക്കുഭാഗത്തെ പാർക്കിംഗ് കേന്ദ്രത്തിന്റെ മൂന്ന് നിലകളും നാലാം നിലയുടെ പകുതി ജോലികളും പൂർത്തിയായി. കിഴക്ക്,പടിഞ്ഞാറ് ടെർമിനൽ കെട്ടിടങ്ങളുടെ പൈലിംഗ് പൂർത്തിയായെങ്കിലും പടിഞ്ഞാറ് ടെർമിനലിൽ ഇപ്പോഴും പൈൽ ക്യാപ് നിർമാണമാണ് നടക്കുന്നത്. റെയിൽവേ ഓഫീസ് കെട്ടിടത്തിന്റെ പൈലിംഗ് ജോലികളും പുരോഗമിക്കുകയാണ്.

വലിയ പദ്ധതി, ഒച്ചിഴയും വേഗത

പദ്ധതിക്ക് വേണ്ടത്ര വേഗമില്ലെന്ന് റെയിൽവേ വിലയിരുത്തിയിരുന്നു. കരാർ ഏറ്റെടുത്ത കമ്പനികളെ മാറ്റുന്നതടക്കമുള്ള നടപടികൾ ആലോചിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല.

നിർമാണത്തിലെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേ കരാർ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. ആവശ്യത്തിന് തൊഴിലാളികളെ പദ്ധതിപ്രദേശത്ത് വിന്യസിക്കാത്തതും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവുമാണ് വൈകുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഇത്തരം കാരണങ്ങൾ ഒരു ഘട്ടത്തിൽ പരിഹരിക്കാവുന്നതാണ്. എന്നാൽ ഓരോ മാസവും പിന്നിടുമ്പോൾ പദ്ധതി വെെകുന്നത് കൂടുതൽ സമ്മർദത്തിലാകുന്നു.

സ്വപ്ന സ്റ്റേഷൻ കാത്തിരിക്കുന്നു

പദ്ധതി പൂർത്തിയാകുമ്പോൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറും. അഞ്ച് നിലകളിലായി ഉയരുന്ന പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ യാത്രക്കാർക്കായി വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമമുറികളും ഷോപ്പിംഗ് കൗണ്ടറുകളും ഉൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ടാകും.

നിലവിലെ അഞ്ചുമീറ്റർ വീതിയുള്ള ഫൂട്ട് ഓവർബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയുള്ള രണ്ട് ഫൂട്ട് ഓവർബ്രിഡ്ജുകളാണ് വരുന്നത്. പാർക്കിംഗ് കേന്ദ്രങ്ങളിലേക്കും മറ്റു പ്രധാന ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്ന സ്കൈവാക്കുകളും പദ്ധതിയുടെ ഭാഗമാണ്. 24 ലിഫ്റ്റുകളും 17 എസ്കലേറ്ററുകളും യാത്രക്കാർക്ക് ഏറെ സൗകര്യമാകും. ആദ്യഘട്ടത്തിൽ നാല് പ്ലാറ്റ്ഫോമുകളും ഒരുക്കും. ഒരേസമയം 1100 കാറുകൾക്കും 2500 ഇരുചക്രവാഹനങ്ങൾക്കും 100 ബസുകൾക്കും പാർക്കിംഗ് സൗകര്യമൊരുക്കുന്നതോടെ നിലവിലെ ഗതാഗതക്കുരുക്കിനും വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

1.5 എം.എൽ.ഡി ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും പദ്ധതിയുടെ ഭാഗമാണ്. അതായത്, ഒരു റെയിൽവേ സ്റ്റേഷൻ കെട്ടിടം മാത്രമല്ല ഇവിടെ ഉയരുന്നത്. നഗരത്തിന്റെ യാത്രാ സംസ്കാരത്തെ തന്നെ മാറ്റാൻ കഴിയുന്ന അടിസ്ഥാനസൗകര്യമാണ് ഒരുങ്ങുന്നത്.

യാത്രക്കാരുടെ ദുരിതം

സ്റ്റേഷൻ പുനർവികസനം പൂർത്തിയാകുമ്പോൾ യാത്രക്കാർക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ ഏറെയാണെങ്കിലും നിർമാണം നീളുന്നത് ഇപ്പോൾ അവർക്കുതന്നെ ബുദ്ധിമുട്ടായി മാറുകയാണ്. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ പല ഭാഗങ്ങളിലും സഞ്ചാരസൗകര്യം പരിമിതമാണ്. താൽക്കാലിക സംവിധാനങ്ങളിലൂടെ യാത്രക്കാരെ നിയന്ത്രിക്കേണ്ടിവരുന്നതും തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു.

പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം, കാത്തിരിപ്പ്, വാഹനങ്ങൾ പാർക്ക് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ നിർമാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് പൂർണ സൗകര്യം ലഭിക്കില്ല. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൂടിയെത്തിയാൽ ദുരിതം വീണ്ടും വർധിക്കും. പ്രായമായവർ, കുട്ടികൾ, രോഗികൾ, വലിയ ലഗേജുകളുമായി എത്തുന്നവർ എന്നിവർക്കാണ് നിർമാണം നീളുന്നതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷന്റെ സൗകര്യങ്ങൾക്കായി യാത്രക്കാർ കാത്തിരിക്കുമ്പോൾ നിലവിലെ പരിമിതമായ സൗകര്യങ്ങളിൽ കൂടുതൽ കാലം കഴിയേണ്ടിവരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ നിർമാണത്തിന്റെ വേഗം കൂട്ടുന്നതിനൊപ്പം നിലവിലുള്ള യാത്രാസൗകര്യങ്ങൾ സുരക്ഷിതവും സുഗമവുമായി നിലനിർത്താനും റെയിൽവേ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. പുതിയ സ്റ്റേഷനിലേക്കുള്ള കാത്തിരിപ്പ് യാത്രക്കാരുടെ ദുരിതത്തിന്റെ കാലയളവായി മാറരുത്.

കാത്തിരിപ്പിന്റെ കാലമാകരുത്

റെയിൽവേ സ്റ്റേഷന്റെ ഇരുഭാഗത്തും ഒരേസമയം നിർമാണം പൂർത്തിയാക്കി പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ലക്ഷ്യവും യാഥാർഥ്യത്തിലെ നിർമാണ വേഗവും തമ്മിലുള്ള അന്തരം ഇപ്പോഴും വലുതാണ്.കരാർ കാലാവധി തീരാൻ ഇനി പത്ത് മാസം മാത്രം. 21 ശതമാനം മാത്രം പൂർത്തിയായ പദ്ധതി ശേഷിക്കുന്ന കാലയളവിൽ വലിയ വേഗം കൈവരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അധികസമയവും അധികചെലവും യാത്രക്കാരുടെ ബുദ്ധിമുട്ടും ഒരുമിച്ച് വരും.

കോഴിക്കോടിന്റെ റെയിൽവേ സ്റ്റേഷൻ നഗരത്തിന്റെ യാത്രാകേന്ദ്രം മാത്രമല്ല, മലബാറിന്റെ തന്നെ പ്രധാന കവാടങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഇതിന്റെ വികസനം വർഷങ്ങളോളം നീളുന്ന മറ്റൊരു നിർമാണകഥയായി മാറരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY