ഇന്ത്യയിൽ നഗരങ്ങൾ ഉണരുന്നതിന് മുൻപ് ഒരു മൈതാനം വൃത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടാകും. അതൊരു സ്റ്റേഡിയമായിരിക്കില്ല. മുനിസിപ്പൽ പാർക്കിന്റെ മൂലയോ, ഗ്രാമത്തിലെ പൊതുസ്ഥലമോആകാം. ഒരു പതാക ഉയർത്തപ്പെടുന്നു. ഒരു ഗാനം, ഒരു കളി, ഏതാനും മിനിറ്റുകൾ നീളുന്ന സംസാരം,ഒരു സല്യൂട്ട്. അങ്ങനെ ഒരു മണിക്കൂറിനുള്ളിൽ എല്ലാം അവസാനിക്കുന്നു. ആർക്കും പ്രതിഫലമില്ല. ഒന്നും ചിത്രീകരിക്കുന്നില്ല. നൂറുവർഷമായി എല്ലാ ദിവസവും എവിടെയെങ്കിലുമൊക്കെയായി ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ശതാബ്ദി വർഷത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് എഴുതുന്നത് അർത്ഥവത്താവുന്നത്.
1925ൽ നാഗ്പൂരിലെ ഡോക്‌ടറായിരുന്ന കേശവ് ബലിറാം ഹെഡ്‌ഗേവാർ എടുത്ത തീരുമാനം. 1925 സെപ്‌തംബർ 27ന് വിജയദശമി നാളിൽ ഏതാനും യുവാക്കളെയും ചേർത്ത് സംഘത്തിന് തുടക്കമിട്ടു. അന്നതിന് പ്രകടനപത്രികയോ ഓഫീസോ അംഗത്വ ഫീസോ അംഗങ്ങളുടെ പട്ടികയോ ഉണ്ടായിരുന്നില്ല. 1926 ഏപ്രിലിലാണ് ആർ.എസ്.എസ് എന്ന പേര് സ്വീകരിച്ചത്. 1926 മേയ് 28ന് മോഹിതേ വാഡയിൽവച്ചാണ് ആദ്യത്തെ പ്രതിദിന ഔട്ട്‌ഡോർ ശാഖ നടന്നത്.
തിരഞ്ഞെടുപ്പുകളെ ആശ്രയിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയല്ല രൂപീകരിച്ചത്. പുറത്തുനിന്നുള്ള സാമ്പത്തിക സഹായം ആവശ്യമുള്ള ദൗത്യസംഘവുമല്ല. പരാതികളിലും പ്രതിഷേധങ്ങളിലും മാത്രം നിലനിൽക്കുന്ന പ്രസ്ഥാനവുമല്ല. ഹെഡ്‌ഗേവാർ കെട്ടിപ്പടുത്തത് ഒരു 'മണിക്കൂർ' ആണ്. ഒരു പൊതുസ്ഥലത്ത്,ആർക്കും കടന്നുവരാവുന്ന, ചെലവില്ലാത്ത, പ്രത്യേക അനുമതിയോ ആവശ്യമില്ലാത്ത ഒരു മണിക്കൂർ. സങ്കൽപ്പിക്കാവുന്നതിൽ വച്ച് ഏറ്റവും ലളിതമായ സംഘടനാ മാതൃക. അതുകൊണ്ടുതന്നെ ആ സംവിധാനത്തെ അടച്ചുപൂട്ടാനാവില്ല.
അദ്ദേഹം ആ ദിവസം തിരഞ്ഞെടുത്തതും വളരെ ശ്രദ്ധയോടെയാണ്. വിജയദശമി എന്നത് കേവലം വിജയത്തിന്റെ ആഘോഷമല്ല. അധർമ്മത്തെ അതിജീവിച്ച് ധർമ്മം നിലനിൽക്കുന്നതിന്റെ, ദീർഘകാലം നീണ്ടുനിൽക്കുന്നതും എന്നാൽ വലിയ ആർഭാടങ്ങളില്ലാത്തതുമായ സ്ഥിരോത്സാഹത്തിന്റെ ആഘോഷമാണത്. നൂറു വർഷങ്ങൾക്കിപ്പുറം പുറത്തുനിന്നുള്ള ഒരാൾക്ക് ആ സംഘടനയെ നോക്കുമ്പോൾ കാണാനാവുന്നത് അതാണ്.
സ്വയം സേവനം
1947ലെ അഭയാർത്ഥി പ്രവാഹം. ആരും മുൻകൂട്ടി കാണാത്ത ആ സംഭവത്തിനിടയിൽ, അടുക്കളകൾ നടത്തുകയും രോഗികളെ ചുമക്കുകയും മരിച്ചവരെ സംസ്കരിക്കുകയും ചെയ്‌ത സ്വയംസേവകരുടെ കാലം. അസാം ഭൂകമ്പം,മദ്ധ്യദശകങ്ങളിലെ ചുഴലിക്കാറ്റുകളും ക്ഷാമങ്ങളും, ലാത്തൂർ ദുരന്തം,ഒഡിഷയിലെ ചുഴലിക്കാറ്റ്,കേരളത്തിലെ മഹാപ്രളയം,മലയിടിഞ്ഞു വീണ വയനാട്,കൊവിഡ് കാലം എന്നീ സമയങ്ങളിൽ സേവനവുമായി രംഗത്തുണ്ടായിരുന്നു. പുലർച്ചെ കബഡി കളിച്ചിരുന്ന അതേ കൂട്ടായ്മ ഒറ്റരാത്രികൊണ്ട് അടുക്കളകളായും ഐസൊലേഷൻ മുറികളായും ഓക്സിജൻ വിതരണ കേന്ദ്രങ്ങളായും മാറി. ഇത് സാദ്ധ്യമാക്കുന്നത് കേവലം സത്ഗുണങ്ങൾ മാത്രമല്ല,സംഘടനയുടെ ഘടന കൊണ്ടു കൂടിയാണ്.
'വിദ്യാഭാരതി'
1977ൽ 'വിദ്യാഭാരതി' സംഘടന രൂപീകരിക്കപ്പെട്ടു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സ്കൂൾ ശൃംഖലകളിലൊന്നാണിത്. പതിനായിരക്കണക്കിന് ഔദ്യോഗിക സ്കൂളുകളും അനൗദ്യോഗിക പഠനകേന്ദ്രങ്ങളും മുപ്പത് ലക്ഷത്തിലധികം കുട്ടികളും അതിന്റെ ഭാഗമാണ്. വൻനഗരങ്ങളിലല്ല പ്രവർത്തിക്കുന്നത്. മാതൃഭാഷയ്‌ക്കാണ് മുൻഗണന. യോഗ, സംഗീതം, സംസ്കൃതം, ശാരീരിക പരിശീലനം എന്നിവയും ഉൾപ്പെടുന്നു. ഏതെങ്കിലും പ്രത്യേക പാഠഭാഗത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടാകാം. എന്നാൽ ആ ക്ലാസ് മുറികളെയോ, അവ നടത്താനായി 'പ്രചാരക്' എന്ന നിലയിൽ തുച്ഛമായ വേതനം മാത്രം സ്വീകരിച്ച അദ്ധ്യാപകരെയോ, അവിടെ പഠിക്കുന്ന കുട്ടികളെയോ ആർക്കും തള്ളിക്കളയാനാവില്ല.
ഉപദേശങ്ങളല്ല,
ആവർത്തനം
ശാഖയുടെ പ്രധാന രീതി സിദ്ധാന്തപരമായ ഉപദേശങ്ങളല്ല,മറിച്ച് ആവർത്തനമാണ്: കൃത്യനിഷ്ഠ,ശാരീരിക അച്ചടക്കം,കൂട്ടായ പ്രവർത്തനം,സംഭാഷണം,ശീലങ്ങൾ എന്നിവയാണവ. ദിവസവും ഒരു മണിക്കൂർ നീളുന്ന പരിശീലനം കൃത്യനിഷ്ഠ പഠിപ്പിക്കുന്നു. 1936മുതൽ 'രാഷ്ട്ര സേവികാ സമിതി' സ്ത്രീകളിലും ഇതേ അച്ചടക്കം നടപ്പിലാക്കുകയും സമാനമായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരം പരിശീലനക്കളരികളിൽ നിന്ന് പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉയർന്നുവന്നിട്ടുണ്ട്.
പ്രകടമായ ആഘോഷങ്ങളില്ല
ആഘോഷാരവങ്ങളില്ലാത്ത ശതാബ്ദിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കുറച്ചു സമയം മാത്രമാണ് ആഘോഷങ്ങൾക്കായി ചെലവഴിച്ചത്. കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കേണ്ടതില്ല. മറിച്ച്,സമൂഹത്തിന് പ്രയോജനകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതിനാണ് ആർ.എസ്.എസ് ഊന്നൽ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |