
കേസുകൾ തീർപ്പാക്കാതെ അനന്തമായി നീളുന്നതും 'നീതി വൈകിക്കുന്നത് നീതി നിഷേധിക്കലാണ്' എന്ന തത്വം അനുഭവിക്കേണ്ടി വരുന്നതുമായ അവസ്ഥയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വലിയ വെല്ലുവിളി. കീഴ്‌ക്കോടതി തലത്തിൽ ന്യായാധിപരുടെ രൂക്ഷമായ ക്ഷാമമാണ് ഇതിന്റെ പ്രധാന കാരണം. ഐ.എ.എസ്, ഐ.പി.എസ് മാതൃകയിൽ ദേശീയതലത്തിൽ ഏകീകൃത പരീക്ഷയിലൂടെ പ്രാപ്തരായ ജഡ്ജിമാരെ തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കപ്പെട്ട അഖിലേന്ത്യാ ജുഡിഷ്യൽ സർവീസ് (എ.ഐ.ജെ.എസ്) ഇന്നും ഫയലുകളിൽ ഉറങ്ങുകയാണ്.
കേന്ദ്രസർക്കാരും ഹൈക്കോടതികളും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഭരണഘടനാപരമായ ആശങ്കകളും കാരണം നീണ്ടുപോകുന്ന ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ ഇവയാണ്:
നിലവിലെ പ്രതിസന്ധി
രാജ്യത്തുടനീളമുള്ള കീഴ്‌ക്കോടതികളിൽ 7,310ലധികം ജഡ്ജിമാരുടെ തസ്തികകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. നാലരക്കോടിയിലധികം കേസുകളാണ് വിവിധ കോടതികളിലായി വിചാരണ കാത്തുകഴിയുന്നത്. ഇതിൽ 85 ശതമാനത്തിലധികവും കീഴ്‌ക്കോടതികളിലാണ്. വികസിത രാജ്യങ്ങളിൽ 10 ലക്ഷം ആളുകൾക്ക് 50ലധികം ജഡ്ജിമാരുള്ളപ്പോൾ, ഇന്ത്യയിൽ ഇത് വെറും 21 മാത്രമാണ്.
അഖിലേന്ത്യാ ജുഡിഷ്യൽ സർവീസ്
1958ലെ 14ാം നിയമ കമ്മിഷൻ റിപ്പോർട്ടിലാണ് ആദ്യമായി ഇതിന്റെ രൂപീകരണത്തെക്കുറിച്ച് നിർദ്ദേശിക്കുന്നത്. 1978ലെ 77ാം റിപ്പോർട്ടിലും 1988ലെ 116ാം റിപ്പോർട്ടിലും ഇത് ആവർത്തിച്ചു.
42-ാം ഭരണഘടനാ ഭേദഗതി (1976): ഭരണഘടനയുടെ 312ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് രാജ്യസഭയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇത് രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന പ്രമേയം പാസാക്കാനുള്ള അധികാരം നൽകി.
1992ലും 1993ലും സുപ്രീംകോടതി, കേന്ദ്ര സർക്കാരിനോട് ഇതിന്റെ രൂപീകരണ സാദ്ധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു.
2012ലെ കരട് നിർദ്ദേശം: സെക്രട്ടറിമാരുടെ സമിതി തയ്യാറാക്കിയ കരട് നിർദ്ദേശം സംസ്ഥാനങ്ങൾക്കും ഹൈക്കോടതികൾക്കും അയച്ചുകൊടുത്തു.
2015, 2017, 2022 വർഷങ്ങളിൽ പാർലമെന്ററി സമിതികളും വിവിധ ജുഡിഷ്യൽ യോഗങ്ങളും വിഷയം ചർച്ച ചെയ്‌തെങ്കിലും യോഗ്യത, സംവരണം, പ്രാദേശിക ഭാഷ തുടങ്ങിയ കാര്യങ്ങളിൽ ധാരണയിലെത്താനായില്ല.
എ.ഐ.ജെ.എസ്
അനുകൂല ഘടകങ്ങൾ
മികച്ച അഭിഭാഷകരെയും നിയമ ബിരുദധാരികളെയും കേന്ദ്രീകൃത പരീക്ഷയിലൂടെ ജുഡിഷ്യറിയിലേക്ക് ആകർഷിക്കാൻ സാധിക്കുന്നു. സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന റിക്രൂട്ട്‌മെന്റ് തടസങ്ങളും കേസുകളും ഒഴിവാക്കി കൃത്യസമയത്ത് നിയമനം നടത്താം. പട്ടികജാതി/പട്ടികവർഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഏകീകൃത മാനദണ്ഡത്തിലൂടെ പ്രാതിനിദ്ധ്യം ഉറപ്പാക്കാം.
പ്രധാന എതിർപ്പുകൾ
ഭരണഘടന അനുസരിച്ച് ജില്ലാ കോടതികളിലെ നിയമനം സംസ്ഥാന സർക്കാരുകളുടെയും ഹൈക്കോടതികളുടെയും അധികാരപരിധിയിൽ വരുന്നതാണ്. നിലവിൽ ജില്ലാ ജുഡിഷ്യറിയുടെ മേൽനോട്ടവും ഭരണപരമായ നിയന്ത്രണവും അതത് ഹൈക്കോടതികൾക്കാണ്. എ.ഐ.ജെ.എസ് വരുന്നത് ഈ നിയന്ത്രണം ഇല്ലാതാക്കുമെന്ന് ഹൈക്കോടതികൾ ഭയപ്പെടുന്നു. എ.ഐ.ജെ.എസ് ഇല്ലാത്തതുകൊണ്ടല്ല ജഡ്ജിമാരുടെ ഒഴിവുകൾ ഉണ്ടാകുന്നത് എന്നാണ് പദ്ധതിയെ എതിർക്കുന്ന സംസ്ഥാനങ്ങളുടെയും ഹൈക്കോടതികളുടെയും വാദം.
പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് കോടതി മുറികളോ ജീവനക്കാരോ സാങ്കേതിക സൗകര്യങ്ങളോ ഇല്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും അവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനും ആവശ്യമായ ഫണ്ട് കേന്ദ്രം നൽകുന്നില്ല. നിലവിലുള്ള പി.എസ്.സി/ഹൈക്കോടതി സെലക്ഷൻ ബോർഡുകൾ വഴി സമയബന്ധിതമായി നിയമനം നടത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നും വാദിക്കുന്നു.
പരിഹാര മാർഗം
അഖിലന്ത്യാ ജുഡിഷ്യൽ സർവീസ് നടപ്പിലാക്കുന്നതിൽ പൂർണമായ കേന്ദ്രീകരണം സാദ്ധ്യമല്ലെന്നത് വ്യക്തമാണ്. എങ്കിലും നീതിന്യായം വൈകുന്നത് തടയാൻ ഈ പരിഹാരമാർഗങ്ങൾ സ്വീകരിക്കാം: കേന്ദ്രവും സംസ്ഥാനങ്ങളും ഹൈക്കോടതികളും അടങ്ങുന്ന ഒരു 'സെൻട്രൽ ജുഡിഷ്യൽ പരീക്ഷാ ബോർഡ്' രൂപീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ജഡ്ജിമാർക്ക് അതാത് സംസ്ഥാനങ്ങളിലെ ഭാഷ പ്രൊബേഷൻ കാലയളവിൽ നിർബന്ധമായും പഠിച്ചെടുക്കാനുള്ള സംവിധാനം ഉറപ്പാക്കുക. ജുഡിഷ്യറിക്ക് ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |