SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

വിഴിഞ്ഞം: ജനകീയ പരമാധികാരം സംരക്ഷിക്കണം

a

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രപരമായ യാഥാർത്ഥ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ജനപക്ഷ നിലപാടുകളുടെയും അനശ്വരമായ സ്മാരകമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം സംബന്ധിച്ച് പ്രചരിക്കുന്ന വലിയൊരു കള്ളം ഇത് പൂർണമായും ഒരു സ്വകാര്യ സംരംഭമാണെന്നാണ്. എന്നാൽ ഒന്നാം ഘട്ടത്തിന്റെ സാമ്പത്തിക വിഹിതങ്ങൾ പരിശോധിച്ചാൽ ഈ വാദം തകർന്നുപോകും.

പദ്ധതിയുടെ ഒന്നാംഘട്ട മൂലധനച്ചെലവിന്റെ സിംഹഭാഗമായ 61 ശതമാനവും വഹിച്ചത് കേരള സർക്കാരാണ്. ബാക്കിവരുന്ന തുകയിൽ 29ശതമാനം മാത്രമാണ് സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പ് നേരിട്ട് മുടക്കിയിട്ടുള്ളത്. ഇതിനു പുറമെ, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന 817.80 കോടിയുടെ സാമ്പത്തിക സഹായവും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

പദ്ധതി DBFOT (Design, Build, Finance, Operate, and Transfer) മാതൃകയിലുള്ളതാണ്. അതായത്, ഇതിന്റെ അന്തിമ ഉടമയും ഭൂപ്രഭുവും (Absolute Landlord) കേരള സർക്കാരും, സർക്കാരിന് കീഴിലുള്ള പ്രത്യേക പർപ്പസ് വെഹിക്കിളായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും മാത്രമാണ്. അദാനി ഗ്രൂപ്പ് വെറും 40 വർഷത്തെ നടത്തിപ്പ് പങ്കാളി മാത്രമാണ്.


സുതാര്യതയ്ക്ക് മേലുള്ള

കടന്നുകയറ്റം
പൊതുജനങ്ങളുടെ പണംകൊണ്ട് നിർമ്മിച്ച ഈ മഹത്തായ ജനകീയ നേട്ടത്തെ അട്ടിമറിക്കാൻ കോർപ്പറേറ്റ് തലപ്പത്ത് ഗൂഢമായ നീക്കങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ജൂൺ 29ന് പുറത്തുവന്ന പുതിയ ബിസിനസ് പ്രൊപ്പോസൽ. വിഴിഞ്ഞം തുറമുഖത്തിന്റെ 29ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിംഗ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിൽക്കാൻ അദാനി പോർട്സ് രഹസ്യമായി ധാരണയിലെത്തി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിഴിഞ്ഞം കൺസെഷൻ കരാറിലെ വ്യവസ്ഥ 5.3 (Clause 5.3) പ്രകാരം, തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തിലോ ഓഹരി പങ്കാളിത്തത്തിലോ മാറ്റംവരുത്തണമെങ്കിൽ നിർബന്ധമായും പാലിക്കേണ്ട കർശനമായ നടപടിക്രമങ്ങളുണ്ട്. ഓഹരി ഘടനയിൽ മാറ്റം വരുത്തുന്നതിന് മുൻപ് കൺസെഷനിംഗ് അതോറിറ്റിയായ കേരള സർക്കാരിൽനിന്നും വി.ഐ.എസ്.എല്ലിൽനിന്നും രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

സാധാരണ കമ്പനി നിയമപ്രകാരം 75ശതമാനം ഓഹരികൾ മാറുമ്പോഴാണ് ഉടമസ്ഥാവകാശ മാറ്റം വരുന്നത് എങ്കിൽ, വിഴിഞ്ഞം കരാർപ്രകാരം ഈ പരിധി 25 ശതമാനമാണ്. അദാനി ഗ്രൂപ്പ് ഇവിടെ 29ശതമാനം ഓഹരികളാണ് മാറ്റാൻ ശ്രമിക്കുന്നത്. ഇത് കരാർ പരിധിയായ 25 ശതമാനത്തിന് മുകളിലുള്ള കൃത്യമായ നിയമ ലംഘനമാണ്.

ഒരു അന്താരാഷ്ട്ര വിദേശ കമ്പനി രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഒരു അതിർത്തി തുറമുഖത്തേക്ക് പ്രവേശിക്കുമ്പോൾ അനിവാര്യമായ ദേശീയ സുരക്ഷാ അനുമതി, കുത്തകവത്കരണ വിരുദ്ധത എന്നിവ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട ഏജൻസികളും കർശനമായി പരിശോധിക്കേണ്ടതുണ്ട്.

വിഴിഞ്ഞം ഒരു 'കോമൺ യൂസർ ഫെസിലിറ്റി' ആണ് (എല്ലാ ആഗോള ഷിപ്പിംഗ് കമ്പനികൾക്കും തുല്യഅവകാശമുള്ള തുറമുഖം). അതിനെ ഒരു പ്രത്യേക വിദേശ കമ്പനിയുടെ മാത്രം കുത്തകയാക്കാൻ അനുവദിക്കില്ല. ഈ ഇടപാടിന്റെ ഓരോവരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക താല്പര്യം, സുരക്ഷ, സുതാര്യത എന്നിവ മുൻനിറുത്തി സർക്കാർ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY