SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.41 AM IST

വിഴിഞ്ഞം തുറമുഖത്തേക്ക് 13,000 കോടി വിദേശ നിക്ഷേപം

READ ENGLISH VERSION
vizhinjam-port

കൊച്ചി: അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപ (139.7 കോടി ഡോളർ) നിക്ഷേപിക്കും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ(എ.വി.പി.പി.എൽ) 49 ശതമാനം ഓഹരിയാണ് എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ വാങ്ങുന്നത്. തുറമുഖത്തിന്റെ ശേഷി നിലവിലെ 16 ലക്ഷം ട്വെന്റിഫുട് ഇക്വലന്റ് യൂണിറ്റിൽ നിന്ന് (ടി.ഇ.യു) 3.5 മടങ്ങ് വർദ്ധിച്ച് 57 ലക്ഷം ടി.ഇ.യുവിലെത്തും. എ.വി.പി.പി.എല്ലിന്റെ മൊത്തം മൂല്യം 27,000 കോടി രൂപയെന്ന് (285 കോടി ഡോളർ) കണക്കാക്കിയാണ് നിക്ഷേപം. നിയമാനുസൃത അനുമതികൾക്ക് വിധേയമാണ്.

പുതിയ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞത്തെ ചരക്കുനീക്കത്തിൽ സ്ഥിരതയും വർദ്ധനയും ഉറപ്പാക്കുമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസഡ്) പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഗുജറാത്തിലെ മുന്ദ്ര, തമിഴ്നാട്ടിലെ എന്നൂർ എന്നിവയിലും ഇരു കമ്പനികൾക്കും നിക്ഷേപ സഹകരണമുണ്ട്.

പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായ വിഴിഞ്ഞത്തേക്കും എം.എസ്.സിയുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എ.പി.എസ്.ഇ.ഇസഡിന്റെ ഡയറക്‌ടറും സി.ഇ.ഒയുമായ അശ്വനി ഗുപ്‌ത പറഞ്ഞു.

 വിഴിഞ്ഞം തിളങ്ങും, കൊളംബോ മങ്ങും

രാജ്യത്തെ തുറമുഖ അടിസ്ഥാനസൗകര്യ രംഗത്തെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപത്തിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. കൊളംബോയുടെ പ്രാമുഖ്യം കുറയും.
ബംഗ്ലാദേശ് മുതൽ ആഫ്രിക്കവരെയുള്ള വ്യാപാരപാതയിൽ വിഴിഞ്ഞത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതോടെയാണിത്. ബംഗ്ളാദേശിൽ നിന്ന് എം.എസ്.സി കമ്പനി നടത്തുന്ന ചരക്കുനീക്കം കൂടുതലും വിഴിഞ്ഞം വഴിയാവും.

എം.എസ്.സി ഗ്രൂപ്പിനുണ്ട് 900 ചരക്കു കപ്പലുകൾ

 1970ൽ ഇറ്റാലിയൻ വ്യവസായിയായ ഗിയാൻലുഗി അപ്പോന്റെ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായി സ്ഥാപിച്ചതാണ് എം.എസ്.സി ഗ്രൂപ്പ്.

 900ൽ അധികം കപ്പലുകളുള്ള ലോകത്തിലെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിംഗ് ഫ്ലീറ്റ് എം.എസ്.സിക്കുണ്ട്.

 ഗ്രൂപ്പിന്റെ ഭാഗമായ ടി.ഐ.എൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്.

 അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്ക ശേഷിയുമാണ് അവർക്കുള്ളത്.

കേരളത്തിന്റെ നേട്ടങ്ങൾ

  • ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, കയറ്റുമതി-ഇറക്കുമതി മേഖലകളിൽ തൊഴിൽ അവസരങ്ങൾ
  • തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യവസായ ഇടനാഴികളും ലോജിസ്റ്റിക്സ് ഹബ്ബുകളും
  • തുറമുഖ വികസനത്തിനും അനുബന്ധ അടിസ്ഥാനസൗകര്യത്തിനും അധിക മൂലധനം
  • രാജ്യാന്തര കപ്പൽ കമ്പനികളുടെ സേവനം വർദ്ധിക്കുന്നതോടെ സാമ്പത്തിക ഉണർവ്
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA