
തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തുറമുഖം നടത്തിപ്പ് ചുമതല വഹിക്കുന്ന ആദാനി, പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ 49% ഓഹരികൾ സ്വിറ്റ്സർലൻഡ് കപ്പൽക്കമ്പനിയായ എം.എസ്.സിക്ക് കൈമാറാൻ തീരുമാനിച്ചുവെന്നത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതിനുവേണ്ട അനുമതി ആവശ്യപ്പെട്ട് കമ്പനി ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല.
അദാനിമായുള്ള കരാറിലെ 5(3) ചട്ടപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഉടമസ്ഥാവകാശം മാറ്റാനാവില്ല. കമ്പനി ആക്ട് പ്രകാരം 25ശതമാനത്തിനു മേൽ ഓഹരി കൈമാറിയാൽ ഉടമസ്ഥാവകാശം മാറും. രാജ്യസുരക്ഷയും പൊതുതാത്പര്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയാണ് തുറമുഖം. അതിനാൽ, കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ അനുമതിയും വേണ്ടിവരും. മത്സരക്ഷമത ഉറപ്പാക്കൽ, നിക്ഷേപം ആകർഷിക്കൽ, ഭാവി വികസനം, സംസ്ഥാനത്തിന്റെ വരുമാന താത്പര്യം തുടങ്ങിയവയും ഉറപ്പാക്കിയേ ഓഹരി വില്പനയ്ക്ക് അംഗീകാരം നൽകാനാവൂ. തുറമുഖത്തെയും അതിനു പുറത്തെയും സൗകര്യങ്ങൾ മറ്റു കമ്പനികൾക്കും വിവേചന രഹിതമായി ഉപയോഗിക്കാനാവണം. ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക പാടില്ല. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കമ്പനിയായ എം.എസ്.സി നമ്മുടെ തുറമുഖം ഏതെല്ലാം രീതിയിൽ ഉപയോഗിക്കുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ.എസ്. അംബിക, സേവ്യർ ചിറ്റിലപ്പിള്ളി, സി.കെ. ഹരീന്ദ്രൻ, സജി ചെറിയാൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൈമാറ്റം അപകടം: പ്രതിപക്ഷ നേതാവ്
ഓഹരി കൈമറ്റത്തിലൂടെ എം.എസ്.സി കമ്പനിയുടെ കുത്തകാവകാശം വിഴിഞ്ഞത്ത് സ്ഥാപിതമാവുന്നത് അപകടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ വികസന സാദ്ധ്യത ചുരുങ്ങും. മത്സരക്ഷമത തകർക്കും. കുത്തക വേരുറപ്പിക്കും. മറ്റ് സാമ്പത്തിക ക്രമക്കേടുകൾക്കും വഴിവയ്ക്കും. സർക്കാരിന് കിട്ടേണ്ട വരുമാന വിഹിതം കൃത്രിമമായി കുറവു വരുത്താൻ ഇടയാക്കും. കയറ്റുമതിക്കാർക്ക് നിശ്ചിത കമ്പനിയുടെ കപ്പലിലും കണ്ടെയ്നറിലും മാത്രമേ ചരക്ക് അയയ്ക്കാനാവൂ എന്ന നിലവരും. അവർ നിശ്ചയിക്കുന്ന നിരക്ക് എല്ലാവരും അംഗീകരിക്കേണ്ടി വരും. ഇതിന്റെ പ്രത്യാഘാതം പരിശോധിക്കണം. കോൺകോർ, സി.ഡബ്യു.സി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ അയ്യായിരം കോടിയുടെ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇവർക്കെല്ലാം വളർച്ചാസാദ്ധ്യത ഇല്ലാതാവുമെന്നും പിണറായി പറഞ്ഞു.
എം.എസ്.സിക്കു നൽകുന്നത്
അദാനിയുടെ ഓഹരി മാത്രം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: എം.എസ്.സി കപ്പൽ കമ്പനിയുടെ നിക്ഷേപം വരുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്ന നില വരുമെന്ന പ്രചാരണം ശരിയല്ലെന്ന് അദാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിയല്ല, അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഓഹരിയാണ് എം.എസ്.സിക്ക് കൈമാറുന്നത്.
ഓഹരി കൈമാറ്റം സെബിയെയാണ് (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) ആദ്യം അറിയിക്കേണ്ടത്. അതിനുശേഷം വിവരം പരസ്യമാക്കണം. പിന്നീടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി തേടേണ്ടത്. മുന്നു കേന്ദ്ര ഏജൻസികളുടെയും അനുമതിയുണ്ടാവണം. നടപടിക്രമങ്ങൾ പൂർത്തിയാവാൻ മൂന്നു മുതൽ ആറു മാസം വരെയെടുക്കും. സെബി അനുമതിക്ക് മുൻപ് വിദേശനിക്ഷേപത്തെക്കുറിച്ച് ആരെയും അറിയിക്കാൻ പാടില്ലെന്നാണ് നിയമം.
എം.എസ്.സി നിക്ഷേപിക്കുന്ന തുക തുറമുഖത്തിന്റെ അടുത്തഘട്ടങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുക. അദാനിയുടെ വരുമാനത്തിന്റെ 49% എം.എസ്.സിയുമായി പങ്കുവയ്ക്കണം. കൂടുതൽ കപ്പലുകളെത്തിക്കേണ്ട ബാദ്ധ്യതയും എം.എസ്.സിക്കാണ്. അതിനാലാണ് ഓഹരി കൈമാറ്റം തന്ത്രപരമാവുന്നത്. വിഴിഞ്ഞം തുറമുഖത്തു നിന്ന് അദാനിയെ നഷ്ടപരിഹാരം നൽകി സർക്കാർ ഒഴിവാക്കിയാൽ എം.എസ്.സിയുമായുള്ള ഓഹരി വില്പന കരാറിന്റെ കാലാവധിയും കഴിയും. വായ്പയെടുക്കുന്നതിനു പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിന് പണം കണ്ടെത്തുകയാണ് അദാനി ചെയ്തത്. ഇതിലൂടെ നിക്ഷേപവും ബിസിനസും ശക്തമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |