SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.36 PM IST

വി.എസ്‌ എന്ന വിസ്മയം

vs

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ

വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം

സാധാരണ ജനങ്ങളുടെ ഹൃദയസ്പന്ദനമായിരുന്നു സഖാവ് വി.എസ്.അച്യുതാനന്ദൻ. കേരളത്തിലെ പട്ടിണി പാവങ്ങളുടെ പടത്തലവനായും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവൽക്കാരനായും സമർപ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. അത്യന്തം ദാരുണമായ ജീവിതം നയിച്ചപോന്ന കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും വി.എസിനെ നിയോഗിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായിരുന്ന സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു.

അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിൽ അണപൊട്ടിയൊഴുകിയ കർഷകത്തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽനിന്ന് അവരെ നയിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കർഷകത്തൊഴിലാളികളുടെ വീറും വീര്യവും പകരാനും വി.എസ് തന്റെ ജീവിതത്തിലുടനീളം പൊരുതി. എനിക്കെന്നും വിസ്മയമെന്നു തോന്നിയ ഒരത്ഭുത പ്രതിഭാസമായിരുന്നു വി.എസ്.

വളരെ അകലെ നിന്നും; പ്രത്യേകിച്ച് വി.എസിന്റെ പാർട്ടിയുമായി പൊരുത്തപ്പെടാൻ കഴിയാത്ത പാർട്ടിയുടെ പ്രവർത്തകനായിരുന്നിട്ടും വി.എസ് എന്റെ ജീവിതത്തിൽ അതിശക്തമായ സ്വാധീനം ചെലുത്തിയെന്നത് ഞാൻപോലും അറിഞ്ഞിരുന്നില്ല. വി.എസിന്റെ മന്ത്രിസഭയിൽ ഒരംഗമായും; വി.എസ് പ്രതിപക്ഷനേതാവായിരുന്ന കാലയളവിൽ അദ്ദേഹത്തോടൊപ്പം പ്രതിപക്ഷനിരയിലും എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് ജീവിതത്തിൽ എന്നും സുഗന്ധം പരത്തുന്ന സ്മരണകളായിരിക്കും.

2006 മുതൽ 2011വരെയുള്ള അഞ്ചുവർഷം വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഞാൻ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗമായിരുന്നു. കേരളത്തിന്റെ ഹൃദയം കവർന്ന സത്‌ഭരണം കാഴ്ചവച്ച സമാനതകളില്ലാത്ത മുഖ്യമന്ത്രിയായിരുന്നു വി.എസ് എന്ന് കാലം തെളിയിച്ചു. ജനങ്ങളെ തഴുകി ഒഴുകിയ ശാന്തമായ ഒരു പുഴപോലെയായിരുന്നു ആ മന്ത്രിസഭയുടെ ഭരണകാലം. വിവാദങ്ങളെ ചെറിയ ചിരിയിലൊതുക്കുക എന്നതാണ് വി.എസിന്റെ ഭരണശൈലി. പാവപ്പെട്ടവന്റെ കണ്ണീർ കണ്ടാൽ വി.എസ് എന്നും അസ്വസ്ഥനാകും. ഈ കാലയളവിൽ ഏകദേശം 10 വർഷക്കാലം ഞാൻ വി.എസ് പക്ഷകാരനല്ലാത്ത വി.എസിന്റെ നിഴൽപോലെ സഞ്ചരിച്ചു.

വെളിയം പറഞ്ഞത്

വി.എസിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ സി.പി.ഐയിലെ നാലു മന്ത്രിമാരേയും എം.എൻ സ്മാരകത്തിൽ എത്താൻ പാർട്ടി സ്രെകട്ടറി വെളിയം ഭാർഗവൻ അറിയിച്ചു. ഞങ്ങൾ എം.എൻ സ്മാരകത്തിലെത്തി. 'എടോ നിങ്ങളെല്ലാം തിരക്കിലാണെന്ന് എനിക്കറിയാം. സമയം കളയാതെ ഒരുകാര്യം പറയാം. മന്ത്രിസഭാ യോഗങ്ങളിൽ വി.എസുമായി ഒരു തർക്കത്തിലും ഏർപ്പെടാൻ പാടില്ല. തർക്കവിഷയം ഉണ്ടെങ്കിൽ എന്നോടുപറയണം. മറ്റു മന്ത്രിമാരുമായി നിങ്ങൾക്കിഷ്ടംപോലെ ഇടപെടാം.' ഇതായിരുന്നു ഞങ്ങൾക്ക് അന്ന് ഞങ്ങളുടെ പാർട്ടി സെക്രട്ടറിയിൽ നിന്ന് കിട്ടിയ നിർദ്ദേശം.


സഖാവ് വെളിയംഭാർഗവനും വി.എസും തമ്മിലുള്ള അഗാധമായ ഹൃദയബന്ധം അന്നു ഞങ്ങൾ മനസിലാക്കി. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭരണാധികാരികൾ വേട്ടയാടിയ കാലഘട്ടത്തിലെ രണ്ടു പടത്തലവന്മാർ കാലം ഏറെകഴിഞ്ഞിട്ടും രണ്ടുവഴികളായി വേർപിരിഞ്ഞിട്ടും അവരിലെ ''കോമ്രേഡ്ഷിപ്പ്' അപ്പോഴും ജ്വലിക്കുന്നുണ്ടായിരുന്നു.
പാവപ്പെട്ടവർക്ക് ഓണക്കിറ്റ് നല്കാനും 2 രൂപയ്ക്ക് ഒരു കിലോ അരി നല്കാനും സർക്കാർ തീരുമാനിച്ചതിന്റെ പിന്നിലും വി.എസായിരുന്നു എനിക്ക് ശക്തി പകർന്നത്.

മന്ത്രിസഭയിൽ

പൂർണ സ്വാതന്ത്ര്യം
ഭരണപരമായ പല കാര്യങ്ങളിലും മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും പൂർണ്ണസ്വാതന്ത്ര്യം നല്കുന്ന ഒരു വിശാല മനസിന്റെ ഉടമയായിരുന്നു വി.എസ്. അഴിമതിയുടെ കറപുരളാതെ ഞങ്ങളെയെല്ലാം നയിക്കാൻ കഴിഞ്ഞത് വി.എസിന്റെ നിതാന്ത ജാഗ്രതയായിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരംഗം വിമാനയാത്രയ്ക്കിടയിൽ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിനും; ഒരു വസ്തുക്കച്ചവടത്തിന്റെ പേരിൽ അഡ്വാൻസ് വാങ്ങിയ തുക മടക്കികൊടുത്തില്ലെന്ന പരാതിയിലും രണ്ടുമന്ത്രിമാരെ ഒഴിവാക്കി.

പൊതുപ്രവർത്തകരുടെ സദാചാര പെരുമാറ്റത്തിന്റെ കാരൃത്തിലും; സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിലെ തിരിമറികളെയും ഒന്നും സന്ധിചെയ്യാൻ വി.എസ് ഒരുക്കമായിരുന്നില്ല. തന്റെ പ്രസ്ഥാനവും സർക്കാരും വലതുപക്ഷ വ്യതിയാനത്തിലേക്ക് തിരിയുന്നു എന്നു തോന്നിയാൽ വി.എസ് രോഷാകുലനാകും.


വി.എസ് അധികാരത്തിന്റെ ആഡംബരങ്ങളിൽ അഭിരമിക്കുന്ന ഒരു മുഖ്യമന്ത്രിയായിരുന്നില്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കാർ മറ്റു മന്ത്രിമാരുടെ കാറുകളിൽ നിന്ന് വ്യത്യസ്തമാകാൻ പാടില്ല; അംഗരക്ഷകരും അകമ്പടിയുമെല്ലാം തന്റെ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെപോലെ മാത്രം. വിമാനയാത്രയും സാധാരണ യാത്രക്കാർക്കൊപ്പം.

നടക്കാതെ പോയ

ജനങ്ങളുടെ പ്രതീക്ഷ
വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാൻ ജനം കാത്തുനിന്നു. അതിനായി അവർ വിധിയെഴുതി. ഏതോ ചതിപ്രയോഗത്താൽ ജനങ്ങളുടെ ആ പ്രതീക്ഷ നടക്കാതെ പോയി. കേവലം രണ്ടുപേരുടെ ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടി അഞ്ചുവർഷം മുഖ്യമന്ത്രിയാകാനിടയായ രാഷ്ട്രീയ സാഹചര്യത്തിന്റെ അണിയറ രഹസ്യം ഇന്നും ദുരൂഹമാണ്. വി.എസ് വിടപറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും കേരളം വീണ്ടും ഒരിക്കൽകൂടി വി.എസ് വന്നെങ്കിലെന്ന് വെറുതേയൊരു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY