SignIn
Kerala Kaumudi Online
Tuesday, 14 July 2026 12.46 PM IST

ഇംഗ്ളണ്ടിനെ ഭയം? സെമിഫൈനലിൽ 'കാബാല' പ്രയോഗിക്കാൻ ജഴ്‌സി മാറ്റി അർജന്റീന

lionel-messi
ലയണൽ മെസി

ഡാലസ്: ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനക്കാർ ലോകകപ്പ് സെമിഫൈനലിൽ മത്സരിക്കാൻ കച്ചമുറുക്കുമ്പോൾ ആരാകും കപ്പുയർത്തുകയെന്ന് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം. ഫ്രാൻസ്-സ്‌പെയിൻ, ഇംഗ്ളണ്ട്-അർജന്റീന എന്നീ അതികായന്മാരാണ് സെമി ഫൈനലിൽ കൊമ്പുകോർക്കുന്നത്. ഇന്ന് രാത്രിയിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ഫ്രാൻസും സ്‌പെയിനും തമ്മിൽ ഏറ്റുമുട്ടും.

സ്വിറ്റ്സർലാൻഡിന്റെ അസാധാരണമായ ചെറുത്തുനിൽപ്പിന് മുന്നിൽ ഒന്ന് പതറിയെങ്കിലും ചാമ്പ്യന്മാർക്ക് ചേർന്ന പ്രകടനവുമായാണ് അർജന്റീന ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. എക്സ്ട്രാ ടൈംവരെ നീണ്ട കളിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു മെസിയു‌ടേയും സംഘത്തിന്റേയും ജയം.

ലോകഫുട്ബാളിൽ ഏറ്റവും കടുത്ത ശത്രുത പുലർത്തുന്ന രണ്ട് രാജ്യങ്ങളാണ് അർജന്റീനയും ഇംഗ്ളണ്ടും. 1966ലെ അന്റോണിയോ റാറ്റിന്റെ റഫറിയുമായുള്ള പ്രശ്നം മുതൽ 1982 ഫാൽക്കൻസ് ദ്വീപിനുവേണ്ടിയുള്ള ഇരു രാജ്യങ്ങളുടേയും യുദ്ധംവരെ കളിക്കളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ജൂലായ് 16ന് ഇരുടീമുകളും വീണ്ടും നേർക്കുനേർ വരുമ്പോൾ ചരിത്രം ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സെമിഫൈനലിന് മുൻപായി വലിയൊരു മാറ്റത്തോടെയാണ് അർജന്റീന കളത്തിലിറങ്ങുന്നത്.

ജഴ്‌സി മാറി അർജന്റീന

അർജന്റീനയുടെ മുഖമുദ്രയാണ് വെള്ളയിൽ ഇളംനീല വരകളുള്ള ജഴ്‌സി. എന്നാൽ ഇംഗ്ളണ്ടിനെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന ടീം സെമിഫൈനലിൽ തങ്ങളുടെ പരമ്പരാഗത വേഷത്തിനുപകരമായി കരിനീല നിറത്തിലെ ജഴ്‌സിയണിഞ്ഞാണ് കളത്തിലിറങ്ങുന്നത്. 'ബ്ളൂ എവേ ജഴ്‌സി'യെന്നാണ് ഇത് അറിയപ്പെടുന്നത്. കരിനീല ടീഷർട്ടും കറുത്ത ഷോർട്‌സും കറുത്ത സോക്ക്‌സുമായിരിക്കും അർജന്റീന ടീമിന്റെ വേഷം. ഇതിനായി ഫിഫയുടെ അനുവാദം ടീം നേടിക്കഴിഞ്ഞുവെന്നാണ് വിവരം.

ഈ ടൂർണമെന്റിൽ ആകെ ഒരു തവണയാണ് അർജന്റീന കരിനീല ജഴ്‌സിയണിഞ്ഞത്. ജോർദാനെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന്റെ ഫൈനലിലായിരുന്നു ഇത്. മത്സരത്തിൽ അർജന്റീന 3-1ന് വിജയിച്ചു. ജഴ്‌സി മാറാനുള്ള കാരണത്തിൽ ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ഒരു അന്ധവിശ്വാസമാണ് ഇതിന് പിന്നിലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അർജന്റീനയിൽ 'കാബാല' എന്നാണ് ഈ വിശ്വാസം അറിയപ്പെടുന്നത്.

ലോകകപ്പ് ചരിത്രത്തിൽ അഞ്ചുതവണയാണ് അർജന്റീന ഇംഗ്ളണ്ടിനെ നേരിട്ടിട്ടുള്ളത്. അതിൽ മൂന്നെണ്ണം നോക്കൗട്ട് ഫിക്‌സ്‌ച്ചറുകളായിരുന്നു. ഇതിൽ മൂന്ന് വിജയങ്ങളുമായി ഇംഗ്ലണ്ടിനാണ് മുൻതൂക്കമുള്ളത്. അർജന്റീന രണ്ട് വിജയങ്ങളും നേടി. ഇതിൽ ഡീഗോ മറഡോണയുടെ വിഖ്യാതമായ 'നൂറ്റാണ്ടിന്റെ ഗോൾ' പിറന്ന 1986ലെ പ്രശസ്തമായ ക്വാർട്ടർ ഫൈനൽ മത്സരവും ഉൾപ്പെടുന്നു. മറ്റൊരു വിജയം 1998ലെ റൗണ്ട് ഓഫ് 16ൽ പെനാൽറ്റിയിലായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും അർജന്റീന അണിഞ്ഞത് കരിനീല ജഴ്‌സിയായിരുന്നു.

കാബാല

അർജന്റീനിയൻ സംസ്‌കാരത്തിൽ കാബാലയെന്ന വിശ്വാസത്തിന് വളരെയധികം പ്രാധാന്യമാണ് നൽകി വരുന്നത്. അർജന്റീനയിൽ 'കാബാല' എന്നത് ഭാഗ്യം ആകർഷിക്കുന്നതിനോ നിയന്ത്രിക്കാനാവാത്ത സംഭവങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരുതരം അന്ധവിശ്വാസം അല്ലെങ്കിൽ ആചാരമാണ്. ഫുട്ബോളിൽ ഈ വിശ്വാസം ആരാധകർ വർഷങ്ങളായി പാലിച്ചുപോകുന്നു.

അർജന്റീന ഒരു മത്സരം ജയിച്ചാൽ അടുത്ത മത്സരത്തിൽ മുൻ മത്സരത്തിലെ എല്ലാ വിശദാംശങ്ങളും അതേപോലെ ആവർത്തിക്കണമെന്നത് ഒരു കാബാല വിശ്വാസമാണ്. ആരാധകർ മുൻ മത്സരത്തിൽ ഇരുന്ന അതേ സ്ഥലത്ത് തന്നെ ഇരിക്കും, അതേ (ചിലപ്പോൾ കഴുകാത്ത) വസ്ത്രം ധരിക്കും, അതേ ആളുകളോടൊപ്പം കളി കാണും എന്നീ കാര്യങ്ങളും കാബാല വിശ്വാസത്തിൽ ഉൾപ്പെടുന്നു.

ഉദാഹരണങ്ങൾ

  • എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ മത്സരദിവസം മദ്യപിക്കുമ്പോൾ ലയണൽ മെസി, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നത് പതിവാണ്.
  • റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും ഓരോ മത്സരത്തിനും മുമ്പ് പിച്ചിൽ പ്രത്യേക മിഠായികൾ ചവയ്ക്കാറുണ്ട്.
  • നിർഭാഗ്യം കൊണ്ടുവരാൻ ആരെങ്കിലും അർജന്റീന ടീമിനെതിരായി എന്തെങ്കിലും പ്രവർത്തിച്ചതറിഞ്ഞാൽ ആരാധകർ തടിയിൽ തൊട്ടുകൊണ്ട് ഉറക്കെ 'അനുലോ മുഫാ' എന്ന് വിളിച്ചുപറയും. നിർഭാഗ്യത്തെെ ഓടിക്കുന്നുവെന്നാണ് ഇതിനർത്ഥം.

ഇംഗ്ളണ്ട് ജഴ്‌സി

തങ്ങളുടെ പരമ്പരാഗത വെള്ള ജഴ്‌സിയണിഞ്ഞാണ് ഇംഗ്ളണ്ട് സെമിഫൈനലിനെത്തുന്നത്. ടീഷർട്ടും ഷോർട്‌‌സും സോക്ക്‌സും വെള്ള നിറത്തിലായിരിക്കും.

English Summary

Football fans await the World Cup semifinals featuring top-ranked teams France, Spain, England, and Argentina. Argentina will face England wearing a dark blue away kit instead of its traditional jersey, reportedly due to the “cabala” superstition. The teams have a historic rivalry, with Argentina previously winning key matches in the same dark kit.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA VS ENGLAND SEMIFINAL, FIFA WORLD CUP, ARGENTINA BLUE JERSEY, LIONEL MESSI ARGENTINA, ARGENTINA CABALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360