SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 PM IST

ആകാശ ജയത്തിന്റെ ഇതിഹാസ ചാരുത

hs

ശാസ്ത്ര സാങ്കേതിക രംഗത്തെ ഏതു നേട്ടവും മാനവരാശിക്കാകെ പുതിയ പ്രതീക്ഷയും ഉണർവും പകരുന്നതാണ്. പതിനൊന്ന് ലക്ഷം കിലോമീറ്റർ ഒറ്റയടിക്ക് താണ്ടി, ചന്ദ്രനെ ചുറ്റി നാലു മനുഷ്യർ പത്തുദിവസം കൊണ്ട് ഭൂമിയിൽ തിരിച്ചെത്തിയത് അമേരിക്കയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ ആവേശം പകരുന്നതാണ്. അമ്പത്തിമൂന്ന് വർഷത്തിനു ശേഷം,​ ആർട്ടെമിസ് - 2 ദൗത്യം കുറിച്ച ചാന്ദ്രചരിത്രം സമാനതകളില്ലാത്തതാണ്. ചന്ദ്രനിലിറങ്ങുന്ന അടുത്ത ദൗത്യത്തിനു മുന്നോടിയായാണ് വിക്ടർ ഗ്ളോവർ, റീഡ് വൈസ്‌മാൻ, ജെറമി ഹാൻസൻ, വനിതയായ ക്രിസ്റ്റീന കോക്ക് എന്നീ നാല് മനുഷ്യരെയും പേറി നാസയുടെ ആർട്ടെമിസ്,​ റെക്കാഡുകൾ ഭേദിച്ച ദൗത്യയാത്ര വിജയകരമാക്കിയത്. ഐതിഹാസികമായ ബഹിരാകാശ യാത്രയ്ക്കു ശേഷം സുഗമമായി ഇന്റഗ്രിറ്റി പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങിയപ്പോൾ അടുത്ത പത്തുവർഷത്തിനുള്ളിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനും അത് പുതിയ ഊർജ്ജം പകരുന്നതായി മാറി.

ഭൂമിയിൽത്തന്നെ അജ്ഞാതമായ പുതിയ ലോകങ്ങൾ തേടിയിറങ്ങിയവരാണ് നവയുഗം സൃഷ്ടിക്കുന്നതിന് ഇച്ഛാശക്തിയുടെ പുതിയ മാനങ്ങൾ സമ്മാനിച്ചത്. പുതിയ ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും കണ്ടെത്തിയ മനുഷ്യൻ പ്രപഞ്ച രഹസ്യങ്ങളുടെ പൊരുൾ തേടി ‌ ആധുനിക കാലത്ത് ബഹിരാകാശത്തേക്കാണ് യാത്രപോകുന്നത്. മനുഷ്യന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഊർജ്ജത്തിന്റെയും കാന്തശക്തിയുടെയും കലവറകൾ കണ്ടെത്താൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ ബഹിരാകാശ യാത്രകൾ. 1969-ൽ അപ്പോളോ - ll ദൗത്യമാണ് മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത്. പരിമിതമായ അറിവുകളും സാങ്കേതികവിദ്യയും വച്ച് അന്ന് അതിനു കഴിഞ്ഞത് ഇന്നും ശാസ്‌ത്രലോകത്തെ വിസ്‌മയിപ്പിക്കുന്ന സംഭവമാണ്. ഇന്നത്തെ ഒരു സാധാരണ സ്‌മാർട്ട് ഫോണിന്റെ പോലും ശേഷിയില്ലാത്ത കമ്പ്യൂട്ടറുകളാണ് അന്ന് ബഹിരാകാശ പേടകത്തെ നിയന്ത്രിച്ചത് എന്നത് ഇന്ന് ശാസ്‌ത്രജ്ഞർ ഓർമ്മിക്കാൻ പോലും ഭയക്കുന്ന വസ്തുതയാണ്.

ആധുനികമായ സാങ്കേതിക വളർച്ചയുടെ ഉയർന്ന ഘട്ടത്തിലാണ് ആർട്ടെമിസ് യാത്ര നടന്നതെങ്കിലും പേടകം ചന്ദ്രനു പിന്നിലേക്ക് നീങ്ങിയപ്പോൾ ഭൂമിയുമായുള്ള ആശയവിനിമയം താത്‌കാലികമായി വിച്ഛേദിക്കപ്പെട്ട അത്യന്തം ഉത്കണ്ഠാകുലമായ നിമിഷങ്ങളും ഉണ്ടായി. ഭൂമിക്കും പേടകത്തിനും ഇടയിൽ ചന്ദ്രൻ എത്തിയതോടെയാണ് 40 മിനിട്ടോളം നഷ്ടപ്പെട്ടത്. ഈ സമയത്ത് പേടകം ചന്ദ്രനോട് ഏതാണ്ട് 6550 കിലോമീറ്റർ വരെ അടുത്തെത്തിയതിനാൽ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ പകർത്താനും വിവരങ്ങൾ ശേഖരിക്കാനുമായി. പിന്നീട് ആശയവിനിമയം പുന:സ്ഥാപിക്കപ്പെട്ടപ്പോൾ ബഹിരാകാശ സഞ്ചാരികൾ പങ്കുവച്ചത് ഇതുവരെ ലഭ്യമാകാത്ത പുതിയ വിവരങ്ങളായിരുന്നു! അവർ പകർത്തിയ,​ വിദൂരതയിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യം നാസ പുറത്തുവിടുകയുമുണ്ടായി.

മനുഷ്യൻ ഇതുവരെ ബഹിരാകാശത്തേക്ക് സഞ്ചരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൂരം സഞ്ചരിച്ച ദൗത്യമാണ് ആർട്ടെമിസ് 2. ഇതിന് ഇനി മൂന്ന് ദൗത്യങ്ങൾ കൂടിയുണ്ട്. ലൂണാർ ലാൻഡർ റോക്കറ്റുകളെ ബഹിരാകാശത്ത് പരീക്ഷിക്കാനുള്ള ആർട്ടെമിസ് - lll, ചന്ദ്രനിൽ വീണ്ടും മനുഷ്യനിറങ്ങുന്ന ആർട്ടെമിസ് lV, ചന്ദ്രനിൽ സ്ഥിരം താവളം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ടെമിസ് - V എന്നിവയാണ് അവ. വിദൂരതയിൽ നിന്ന് നോക്കുമ്പോൾ ഭൂമി എത്രയോ ചെറുതാണ്. ആലംബമില്ലാതെ നിൽക്കുന്ന ഒരു ചെറിയ പന്തു പോലെ തോന്നിക്കുന്ന ഭൂമിയിൽ പരസ്പരം ആലംബമായി സ്നേഹത്തോടെ കഴിയേണ്ടുന്ന മനുഷ്യർ പരസ്പരം പോരടിക്കുന്നത് ശരിയാണോ എന്ന ബോദ്ധ്യത്തിലേക്കു കൂടി അമേരിക്കൻ ഭരണാധികാരികളെ നയിക്കാൻ ഈ ശാസ്ത്രനേട്ടം പ്രേരിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY