
പണമില്ലാതെ നട്ടംതിരിഞ്ഞു നിൽക്കുമ്പോഴായിരിക്കും മൊബൈൽ ഫോണിലേക്ക്, 'ഇതാ നിങ്ങൾക്ക് മൂന്നുലക്ഷം രൂപ ഓൺലൈൻ വായ്പ അനുവദിച്ചിരിക്കുന്നു' എന്നൊരു സന്ദേശമെത്തുക. ഉപാധികൾ അംഗീകരിച്ചുകൊണ്ട് സമ്മതം അറിയിക്കുന്ന ബട്ടണിൽ അമർത്തുക മാത്രമായിരിക്കും ചെയ്യേണ്ടത്!
ബാക്കിയെല്ലാം അവർ നോക്കിക്കോളും! പണമില്ലാത്തവരാണല്ലോ വായ്പയെടുക്കാൻ തുനിയുന്നത്. അതിനാൽ തിരിച്ചടവ് മുടങ്ങുമെന്ന് ഓൺലൈൻ വായ്പ നൽകുന്നവർക്ക് നല്ലതുപോലെ അറിയാം. അത്തരം സന്ദർഭത്തിനാണ് അവരും കാത്തിരിക്കുന്നത്. അങ്ങനെ മുടങ്ങിയാൽ പലിശയും കൂട്ടുപലിശയുമായി മുതലിന്റെ ഇരട്ടിയിലേറെ അടച്ചാലും തീരാത്ത ലോണായി അതു മാറും. നമ്മുടെ മുഖം കാണാതെ ലോൺ തന്നവർ അവരുടെ യഥാർത്ഥ മുഖം കാണിച്ചുതുടങ്ങും.
പുതിയ കാലത്തെ ഏറ്റവും വലിയ കെണികളിലൊന്നാണ് വ്യാജ ലോൺ ആപ്പുകൾ. ഇങ്ങനെ ലോൺ നൽകുന്ന ആപ്പുകൾ പലതും അനധികൃതമായിരിക്കും. ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു ആപ്പിന്റെ വിലാസത്തിൽ നിന്ന് സൈബർ അധികൃതർ തെരച്ചിൽ തുടങ്ങിയാൽ ചെന്നെത്തുന്നത് ചൈനയിലെയും യൂറോപ്പിലെയും മറ്റും വൻകിട ഓൺലൈൻ വായ്‌പാ സ്ഥാപനങ്ങളിലായിരിക്കും. അന്താരാഷ്ട്ര മാഫിയകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. നമ്മുടെ നാട്ടിലെ ഗുണ്ടകളെത്തന്നെ അയച്ച് നമ്മളെ വിരട്ടാനും അവർക്കറിയാം. ഏതാനും വ്യക്തികൾ ചേർന്നു നടത്തുന്ന തട്ടിപ്പ് എന്നതിനപ്പുറം വൻകിട വിദേശ കമ്പനികൾ ആസൂത്രിതമായി നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തിക ശൃംഖലയാണിത്. ഇതൊരു ചൂണ്ടയാണ്. ഇതിൽ കൊത്തിയാൽ ലക്ഷങ്ങളുടെ ധനനഷ്ടവും മാനനഷ്ടവുമാകും ഫലം.
ബാങ്കുകൾ ഉൾപ്പെടെയുള്ളവർ വായ്‌പ നൽകുന്നതിന്, പ്രത്യേകിച്ച് ചെറുകിട വായ്‌പകൾ നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത ഉപാധികളാണ് ഒരർത്ഥത്തിൽ ഇത്തരം അനധികൃത ലോൺ ആപ്പുകാർ മുതലെടുക്കുന്നത്. ഓൺലൈൻ വായ്പാ കുരുക്കിൽപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 പേരാണ് കേരളത്തിൽ മാത്രം ജീവനൊടുക്കിയത്. 25,000 രൂപ വായ്പയെടുത്തിട്ട് അതിന്റെ പത്തിരട്ടി അടച്ചിട്ടും കടം തീരാത്തവരുണ്ട് എന്നു മനസിലാക്കുമ്പോഴാണ് ഇവരുടെ ചതിയുടെ ആഴം അറിയാനാവുക. മറ്റൊരു നിവൃത്തിയുണ്ടെങ്കിൽ ഇത്തരം കെണിയിൽ വീഴാതിരിക്കാനാണ് ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ടത്.
ലോൺ വാങ്ങിയിട്ട് പണം തിരിച്ചടയ്ക്കാതിരുന്നാൽ കടമെടുത്തയാളുടെ ഫോണിലേക്ക് അശ്ളീല സന്ദേശങ്ങളും നഗ്നദൃശ്യങ്ങളുമാവും ആദ്യം വരിക. ഫോൺ ഗ്യാലറിയിലെ ചിത്രങ്ങൾ മോർഫ് ചെയ്തും, അവ അശ്ളീല സൈറ്റുകളിൽ നൽകിയും ഇവർ നിങ്ങൾക്ക് അപമാനവും മാനനഷ്ടവും വരുത്തിവയ്ക്കും. ഓൺലൈൻ തട്ടിപ്പുകളിലൂടെ കഴിഞ്ഞ വർഷം മലയാളികളെ കൊള്ളയടിച്ചത് 775 കോടി രൂപയാണെന്നാണ് സൈബർ അധികൃതർ വെളിപ്പെടുത്തുന്നത്!
വായ്‌പ നൽകി മാത്രമല്ല, സ്റ്റാഫിനെ നൽകാമെന്ന് പരസ്യം നൽകിയും അഡ്വാൻസ് വാങ്ങി ഇത്തരം ആപ്പുകാർ പണം തട്ടുന്നുണ്ട്. ഇതൊന്നുമില്ലാതെ, 'ലോട്ടറി അടിച്ചു" തുടങ്ങിയ വ്യാജ അറിയിപ്പുകൾ നൽകിയും ട്രേഡിംഗിലൂടെ വൻ തുകകൾ ലാഭം കൊയ്യാമെന്നു കാട്ടിയും പണത്തോട് അത്യാർത്തിയുള്ളവരെ ഭംഗിയായി ഇവർ പറ്റിക്കും. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ ചിത്രം കാട്ടിയാണ് ഉന്നത സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്ത ഒരു മലയാളിയിൽ നിന്ന് 2.50 കോടി തട്ടിയത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുന്നതിന് ഒ.ടി.പി കൈമാറരുത് എന്നത് ഉൾപ്പെടെ നിരവധി മുന്നറിയിപ്പുകൾ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും നൽകിയിട്ടുണ്ടെങ്കിലും താത്കാലിക ലാഭത്തിൽ ഭ്രമിക്കുന്നവർ അതൊന്നും ശ്രദ്ധിക്കാത്തതാണ് ഇത്തരം തട്ടിപ്പുകൾ പെരുകാൻ ഇടയാക്കിയിരിക്കുന്നത്. ഇവരെ നേരിടാനും നിലയ്ക്കുനിറുത്താനും അധികൃതർ പുതിയ മാർഗങ്ങൾ അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |