SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

വന്യജീവി ആക്രമണവും നഷ്ടപരിഹാരവും

READ ENGLISH VERSION
ss

നിയമങ്ങളുടെ ചട്ടക്കൂടിനപ്പുറം മനുഷ്യത്വപരമായ സമീപനമാണ് ജനാധിപത്യ സർക്കാർ സ്വീകരിക്കേണ്ടത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയും ചെയ്‌താൽ അത് എതിർവാദങ്ങളില്ലാതെ നൽകുന്നതാണ് മനുഷ്യത്വപരമായ സമീപനം. അവിടെ നിയമമല്ല മനുഷ്യത്വമാണ് മുന്നിൽ നിൽക്കേണ്ടത്. എന്നാൽ, നിലവിലുള്ള ചട്ടങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് മാത്രം പ്രവർത്തിക്കാനും ചിന്തിക്കാനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഒരിക്കലും അതിന് തയ്യാറാകില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2001ൽ വയനാട് ചാമപ്പാറ പഞ്ചായത്തിലെ റോഡിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്‌കറിയയുടെ കുടുംബത്തിന് കീഴ്‌ക്കോടതികൾ വിധിച്ച രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ചോദ്യം ചെയ‌്തുകൊണ്ട് സർക്കാരും വനം വകുപ്പും നൽകിയ അപ്പീലുകൾ.

ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അതേപടി സ്വീകരിച്ച് നടപടി എടുക്കാനല്ല ജനങ്ങൾ വോട്ട് ചെയ്ത് ഒരു സർക്കാരിനെ അധികാരം ഏൽപ്പിക്കുന്നത്. ഭരണാധികാരികൾക്ക് ഉദ്യോഗസ്ഥരുടെ ശുപാർശകൾ തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യവും അധികാരവും ഭരണഘടന പ്രദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഭരണാധികാരികൾ പലപ്പോഴും അതിന് തയ്യാറാകില്ല എന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നായി മാറിയിരിക്കുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ എത്രയും വേഗം അനുവദിക്കുന്നതിന് പകരം അതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാരും വനം വകുപ്പും തീരുമാനിച്ചത്. അങ്ങനെ 2001ൽ തീരേണ്ട കേസ് 2026 വരെ വലിച്ചിഴയ്ക്കാൻ സർക്കാരിന് കഴിഞ്ഞു.

എന്നാൽ ഇത് തള്ളിക്കളയുകയും നഷ്ടപരിഹാരം പലിശ സഹിതം നൽകാൻ ഉത്തരവിടുകയുമാണ് ഹൈക്കോടതി ജഡ്‌ജി സി.പി. മുഹമ്മദ് നിയാസ് ചെയ്തത്. ഇതിലൂടെ രണ്ട് ലക്ഷം രൂപ നൽകേണ്ടതിന്റെ സ്ഥാനത്ത് പലിശ കൂടി ചേർത്ത് അതിന്റെ എത്രയോ ഇരട്ടി തുക നഷ്ടപരിഹാരമായും കേസ് നടത്തിയതിന് സമാനമായ തുക ചെലവായും സർക്കാരിന് വഹിക്കേണ്ടി വന്നു എന്നല്ലാതെ മറ്റെന്താണ് ഉണ്ടായത്. വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് പൂർണ ബാദ്ധ്യതയുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വന്യജീവികളുടെ ഉടമസ്ഥരായിട്ടാണ് സർക്കാരിനെ കാണുന്നതെന്നും അവ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് സർക്കാരിനാണ് പൂർണ ബാദ്ധ്യതയെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം നിഷേധിക്കാൻ, വനത്തിലൂടെ നടക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായതെന്ന വാദമാണ് വനം വകുപ്പ് ഉന്നയിച്ചത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് 1980ലെ ചട്ടങ്ങൾ പ്രകാരം 20,000 രൂപയേ നഷ്ടപരിഹാരം നൽകാനാവൂ എന്ന വാദവും ഉന്നയിച്ചു. എന്നാൽ വനത്തിൽ വച്ചല്ല മറിച്ച് പഞ്ചായത്ത് റോഡിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലാണ് ഹൈക്കോടതി ശരിവച്ചത്. മനുഷ്യ ജീവന്റെ മൂല്യം തുച്ഛമായ തുകകളിൽ ഒതുക്കാനാകില്ലെന്ന് കോടതി പറഞ്ഞത് സമാനമായ കേസുകളിൽ സർക്കാരിന് ഒരു പാഠമായി മാറേണ്ടതാണ്. ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വന്യജീവികൾ കടക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ ജനങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും ഇനി സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെങ്കിൽപോലും നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ എടുത്തു പറഞ്ഞതും ശ്ളാഘനീയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION