SignIn
Kerala Kaumudi Online
Sunday, 31 May 2026 7.17 AM IST

മീനാക്ഷി-സുന്ദരേശ്വര വിവാഹം നടന്ന സ്ഥലം; മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാമോ?

meenakshi-amman-temple

തമിഴ്‌നാട്ടിലെ പ്രശ‌സ്ത ക്ഷേത്രമായ മധുരമീനാക്ഷി ക്ഷേത്രം. ദ്രാവിഡ ശില്പകലയ്ക്ക് പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രം ആയിരം വർഷങ്ങൾക്ക് മുൻപാണ് പണിതതെന്ന് വിശ്വസിക്കുന്നു. ആയിരം കൽത്തൂണുകളാലും കൊത്തുപണികളാലും ഏറെ ശ്രദ്ധനേടിയ ക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് നിരവധി വിശ്വാസികൾ പോകാറുണ്ട്.

മധുരയിൽ വെെഗ നദിയുടെ തെക്കേ കരയിൽ നഗരത്തിന്റെ മദ്ധ്യത്താണ് മീനാക്ഷി അമ്മൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു. ആയിരം തൂണുകളുള്ള ഒരു മണ്ഡപവും ഇവിടത്തെ പ്രത്യേകതയാണ്.

ഒരു പാറയിലാണ് ഈ മണ്ഡപം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ 12 വലിയ ഗോപുരങ്ങൾ കാണാൻ കഴിയും. അതിൽ നാല് പ്രധാന ഗോപുരങ്ങൾ നാല് ദിശകളിലായി സ്ഥാപിച്ചിരിക്കുന്നു. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടമായുള്ള നാല് അന്തരിക ഗോപുരങ്ങളുമുണ്ട്. 170 അടി ഉയരമുള്ള തെക്കേ ഗോപുരമാണ് ഏറ്റവും ഉയരം കൂടിയത്. അവിടെയുള്ള പൊൻതാമരക്കുളവും വളരെ ശ്രദ്ധേയമാണ്. ഇതിൽ സ്വർണത്തിൽ പണിത ഒരു താമരയുമുണ്ട്. എന്നാൽ പലർക്കും മധുരമീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയില്ല.

ഐതിഹ്യം

സുന്ദരേശ പെരുമാൾ ആയി പരമേശ്വരനും മീനാക്ഷി അമ്മയായി പാർവതി ദേവിയും കുടികൊള്ളുന്ന ക്ഷേത്രമാണിത്. പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും പ്രത്യക്ഷപ്പെട്ട ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി.


പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജാവ് തന്റെ മകളെ 'തടാതകി' എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. ആ നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മധുരയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി - സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുര ഭരിച്ചെന്നും മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം (ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, MYTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL