SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

പൈപ്പ് പൊട്ടൽ തുടർക്കഥ , നിസ്സഹകരിച്ച് കരാറുകാർ

ആലപ്പുഴ : കോടി​കൾ കുടി​ശി​കയായതോടെ ജോലി​കൾ ഏറ്റെടുക്കേണ്ടതി​ല്ലെന്ന് വാട്ടർ അതോറി​ട്ടി​ കരാറുകാർ തീരുമാനി​ച്ചതോടെ, പൈപ്പ് പൊട്ടൽ തുടർക്കഥയായ ജില്ലയിൽ ജനത്തി​ന്റെ വെള്ളംകുടി​ മുട്ടി​യേക്കും. ആലപ്പുഴ നഗരത്തിലെ 52വാർഡുകൾ, അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക് , വടക്ക്, മണ്ണഞ്ചേരി, മുഹമ്മ പഞ്ചായത്തുകളിലാണ് പൈപ്പ് പൊട്ടലിൽ കുടിവെള്ളം കിട്ടാക്കനിയായത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ആലപ്പുഴ നഗരത്തിലും ചുറ്രവട്ടത്തുമായി അമ്പതോളം പൈപ്പ് പൊട്ടൽ കേസുകൾ റിപ്പോർട്ടായതിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് പരിഹരിച്ചത്. ജനപ്രതിനിധികളുടെയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും സമ്മർ‌ദ്ദങ്ങൾ സഹിക്കവയ്യാതെയാണ് ചുരുക്കം ചില ജോലികൾ ചെയ്യാൻ കരാറുകാർ തയ്യാറായത്.

കഴിഞ്ഞവർഷം ജൂൺ മുതലാണ് സംസ്ഥാനത്ത് വാട്ടർ അതോറിട്ടിയുടെ കരാർ ജോലി​ ചെയ്തവർക്ക് തുക കുടിശികയായത്. ദേശീയ പാത നവീകരണ ജോലികൾ ആരംഭിച്ചതോടെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കൽ, പൈപ്പുകളുടെ ജോയിന്റുകളി​ലെ തകരാർ പരി​ഹരി​ക്കൽ തുടങ്ങിയ ജോലികൾ നടത്തി​യ കരാറുകാരാണ് പണം കിട്ടാതെ വലയുന്നത്.

2018ലെ കൂലിവ്യവസ്ഥയിലാണ് വാട്ടർ അതോറിട്ടിയി​ലെ കരാറുകാർ ഇപ്പോഴും ജോലി ചെയ്യുന്നത്. നിരക്ക് പരിഷ്കരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും വാട്ടർ അതോറിട്ടി തയ്യാറായി​ല്ലെന്ന് ഇവർ പറയുന്നു.

കരാറുകാർക്ക് കിട്ടാനുള്ളത് കോടികൾ

 ജില്ലയിൽ ചെറുതും വലുതുമായി അമ്പതോളം കരാറുകാരാണ് വാട്ടർ അതോറിട്ടിക്കുള്ളത്

 കഴിഞ്ഞവർഷം സമർപ്പിച്ച ബില്ലുകളിൽ മുഴുവൻ തുകയും മാറി നൽകാതെ ഭാഗികമായേ നൽകുന്നുള്ളൂ

 കഴിഞ്ഞ വർഷം സമർപ്പിച്ച രണ്ട് ലക്ഷം രൂപയുടെ ബില്ലിൽ 75000 രൂപ മാത്രമാണ് മാറി നൽകിയത്

 ശേഷിക്കുന്ന തുക എപ്പോൾ ലഭിക്കുമെന്ന് ആർക്കും ഉറപ്പില്ല

 ഇതുപോലെയാണ് മിക്ക ബില്ലുകളുടെയും സ്ഥിതിയെന്ന് കരാറുകാർ

ഏതാനും മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് നൽകാനുള്ളത്

₹20കോടി

കരാറുകാർ ജോലി ഏറ്റെടുക്കാത്തത് പൈപ്പ് പൊട്ടൽ, ലീക്കേജ് പോലുള്ള തകരാറുകൾ യഥാസമയം പരിഹരിക്കുന്നതിന് വെല്ലുവിളിയാണ്. കരാറുകാരുടെ കൈയും കാലും പിടിച്ചാണ് ഇപ്പോൾ ജോലി ചെയ്യിക്കുന്നത്

- അസി. എൻജിനീയർ, വാട്ടർ അതോറിട്ടി

കുടിശിക ലഭി​ക്കാത്തതി​ൽ പ്രതി​ഷേധി​ച്ച് ഈമാസം 7ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന് തീരുമാനമെടുത്തിട്ടുണ്ട്. റേറ്റ് പരിഷ്കരിക്കാനോ യഥാസമയം ബില്ല് മാറാനോ വാട്ടർ അതോറിട്ടി തയ്യാറല്ല

- ജോൺ , സംസ്ഥാന ജനറൽ സെക്രട്ടറി.,കോൺട്രാക്ടേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY