
ഒരു കാലത്ത് ബാല്യം, കൗമാരം, യൗവ്വനം, മദ്ധ്യവയസ്, വാർദ്ധക്യം എന്നൊക്കെ കേൾക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിനും ഒരു നിശ്ചിത പ്രായപരിധിയുണ്ടെന്ന കൃത്യമായ ധാരണ ജനമനസിലുണ്ടായിരുന്നു. എന്നാൽ വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭൂതപൂർവമായ വളർച്ച മനുഷ്യജീവിതത്തിന്റെ ദൈർഘ്യത്തെയും ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെയും വലിയ തോതിൽ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്.
1950കളിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം ഏകദേശം 35-40 വയസിനിടയിലായിരുന്നെങ്കിൽ ഏഴര പതിറ്റാണ്ടുകൾക്കിപ്പുറം 2026ൽ അത് ഏകദേശം 75 വയസിലെത്തിയിരിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ വളർച്ച ഇതേ വേഗത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ വരും ദശകങ്ങളിൽ മനുഷ്യജീവിതത്തിന്റെ ദൈർഘ്യം ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
2047ലെ ഇന്ത്യയും
2075ലെ ലോകവും
2047ൽ ഇന്ത്യ വികസിതവും ശക്തവുമായ ഒരു സാമ്പത്തികശക്തിയായി ഉയരുന്നതിന് സാക്ഷ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് നാം. എന്നാൽ 2047ൽ മാത്രം ഈ യാത്ര അവസാനിക്കുന്നില്ല. അതിനുശേഷം 2075ലേക്കും അതിനപ്പുറത്തേക്കും എത്തുമ്പോൾ വൈദ്യശാസ്ത്രത്തിലും ആരോഗ്യരംഗത്തും എന്തെല്ലാം അതിശയകരമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുമെന്ന് ഇന്ന് നമുക്ക് പ്രവചിക്കാനാകില്ല.
ഇന്നത്തെ ഒരു കൗമാരക്കാരൻ അന്ന് 65-70 വയസിലെത്തിയാലും, ഇന്നത്തെ കാഴ്ചപ്പാടിൽ നാം കരുതുന്ന തരത്തിലുള്ള 'വാർദ്ധക്യത്തിൽ' ആയിരിക്കണമെന്നില്ല. അങ്ങനെയൊരു ഭാവിയിൽ, ആയുസ് കൂടുന്നതോടൊപ്പം ജീവിതത്തിന്റെ ഗുണമേന്മയും വർദ്ധിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
2100ലേക്ക് വളരുന്ന
ഇന്നത്തെ കുട്ടികൾ
ഇന്നത്തെ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ.
അവർ 2100ലേക്ക്- ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ അവരുടെ പ്രായം 90നും 100നും ഇടയിലായിരിക്കും. ഇന്ന് 10 വയസുകാരനായ കുട്ടി 2100ൽ ഏകദേശം 84 വയസുകാരനായിരിക്കും. ഇന്ന് 20 വയസുള്ള ഒരു യുവാവ് 94കാരനായിരിക്കും. ഇന്ന് 30 വയസുള്ള ഒരാൾക്ക് അന്ന് 104 ആയിരിക്കും.
അന്നത്തെ വൈദ്യശാസ്ത്രവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളും Artificial Intelligenceന്റെ സ്വാധീനത്താൽ ഇന്നത്തേതിനേക്കാൾ എത്രയോ മുന്നിലായിരിക്കുമെന്ന് നമുക്ക് ഇപ്പോൾ പൂർണമായി മനസിലാക്കാനാകില്ലെങ്കിലും ഏറെക്കുറെ സങ്കൽപ്പിക്കാനാകും. അപ്പോൾ ചോദ്യം ഇതാണ്: ഇത്രയും ദീർഘമായ ഒരു ജീവിതത്തിലേക്ക് നമ്മുടെ കുട്ടികളെ നാം എങ്ങനെയാണ് തയ്യാറാക്കുന്നത്?
ദീർഘമായ ജീവിതത്തിന് ദൃഢമായ മനസും വേണം. ഇവിടെയാണ് ഇന്നത്തെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്വം ആരംഭിക്കുന്നത്. അത്തരമൊരു ദീർഘവും ആരോഗ്യകരവും അർത്ഥപൂർണവുമായ ജീവിതത്തിനായി അവരെ തയ്യാറാക്കുക എന്നത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഏറ്റവും വലിയ കടമകളിലൊന്നാണ്.
എന്നാൽ, അതിനിടയിൽ നാം അതീവ ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്.
സ്വന്തം ജീവന്റെ വില തിരിച്ചറിയാതെ, ചെറിയ പരാജയങ്ങളെയും താത്കാലികമായ നിരാശകളെയും അതിജീവിക്കാനാകാത്ത പ്രതിസന്ധികളായി കണ്ട് ജീവിതത്തിന്റെ അവസാനമായി കാണുന്ന ചില കൗമാരക്കാരെയും യുവാക്കളെയും നമുക്ക് ചുറ്റും കാണേണ്ടിവരുന്നു. ഒരു പരീക്ഷയിലെ പരാജയം, ഒരു ബന്ധത്തിലെ തകർച്ച, ഒരു സ്വപ്നം സഫലമാകാതിരിക്കുക, സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ, കുടുംബത്തിലെ സംഘർഷങ്ങൾ, സമൂഹത്തിന്റെ സമ്മർദ്ദങ്ങൾ. ഇവയെല്ലാം ജീവിതത്തിലെ പ്രയാസങ്ങളാണ്. പക്ഷേ ഇവയൊന്നും ജീവിതത്തിന്റെ അവസാനമാകേണ്ട കാരണങ്ങളല്ല.
ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല, ഒരു വിദ്യാലയത്തിന്റെ മാത്രം പ്രശ്നമല്ല.
സമൂഹത്തിന്റെ മുഴുവൻ ശ്രദ്ധയും ഉത്തരവാദിത്വബോധവും ആവശ്യപ്പെടുന്ന വിഷയമാണ്.
വിദ്യാഭ്യാസം ജോലി നേടാൻ മാത്രമല്ല; ജീവിതം നേരിടാനും കുട്ടികളെ ഭാവിയിൽ ഡോക്ടർമാരും എൻജിനിയർമാരും ശാസ്ത്രജ്ഞരും അഭിഭാഷകരും അദ്ധ്യാപകരും മറ്റു പ്രൊഫഷണലുകളും ആക്കുക എന്നതുമാത്രമാകരുത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
അതിനുമപ്പുറം, നല്ല മനുഷ്യരായി, ഉത്തരവാദിത്വമുള്ള വ്യക്തികളായി, സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി വളരാനും ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും നേരിടാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഒരു പരാജയവും ഒരു മനുഷ്യന്റെ മൂല്യം നിർണയിക്കുന്നില്ല. ഒരു തിരിച്ചടിയും ഒരു ജീവിതത്തിന്റെ അവസാനമല്ല.
ഈ തിരിച്ചറിവ് കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കാൻ മുതിർന്നവർ പ്രതിജ്ഞാബദ്ധരാകണം.
കുട്ടികളെ വിജയിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം പരാജയപ്പെട്ടാൽ വീണ്ടും ആ പരാജയത്തിൽ നിന്നുതന്നെ ഊർജ്ജം സംഭരിച്ച് എഴുന്നേൽക്കാനും വിജയിക്കാനും പഠിപ്പിക്കണം. സ്വപ്നം കാണാൻ പഠിപ്പിക്കുന്നതിനൊപ്പം സ്വപ്നം തകർന്നാലും ജീവിതത്തെ സ്‌നേഹിക്കാനും പഠിപ്പിക്കണം. മറ്റുള്ളവരുമായി മത്സരിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം മറ്റൊരാളുടെ വേദന മനസിലാക്കാനും കൈത്താങ്ങാകാനും പഠിപ്പിക്കണം.
'ഞാൻ ഒറ്റയ്ക്കല്ല'
ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വബോധങ്ങളിൽ ഒന്നാണ്: 'ഞാൻ ഒറ്റയ്ക്കല്ല' എന്നത്. ഈ വിശ്വാസം ഓരോ കുട്ടിയുടെയും മനസിൽ ഉറപ്പിക്കാനാകണം. സഹായം ആവശ്യമായി വരുമ്പോൾ ആരെയെങ്കിലും സമീപിക്കാമെന്നും, തന്റെ വേദന തുറന്നുപറയാമെന്നും, തന്നെ കേൾക്കാനും ആശ്വസിപ്പിക്കാനും കൈപിടിക്കാനും സമൂഹത്തിൽ ആളുകളുണ്ടെന്നും ഓരോ കുട്ടിയും അറിയണം.
മാതാപിതാക്കൾ കുട്ടികളോട് സംസാരിക്കണം. അദ്ധ്യാപകർ കുട്ടികളെ കേൾക്കണം. സുഹൃത്തുക്കൾ പരസ്പരം കരുതലോടെ പെരുമാറണം. സമൂഹം കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണം. വളർച്ചയുടെ ഓരോ പടവിലും കുട്ടികൾക്ക് താങ്ങും തണലുമായി അച്ഛനും അമ്മയും മാത്രമല്ല, അദ്ധ്യാപകരും സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും സമൂഹവും ഒപ്പമുണ്ടാകണം.
ജീവിതത്തെ ഭയന്ന് പിൻവാങ്ങുന്ന തലമുറയല്ല നമുക്ക് ആവശ്യം. ജീവിതത്തെ സ്‌നേഹിച്ച് ആഘോഷിക്കുന്ന തലമുറയാണ് നമുക്ക് ആവശ്യം. സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും ഒരുപോലെ വിലമതിക്കുന്ന തലമുറ. പ്രതിസന്ധികളിൽ തളരാതെ സഹായം തേടുന്ന തലമുറ. മറ്റൊരാൾ പ്രതിസന്ധിയിലായാൽ കൈപിടിച്ച് ഉയർത്തുന്ന തലമുറ.
ഓണം നൽകുന്ന
പുതിയൊരു സന്ദേശം
ഓണം ഒരുമയുടെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. ഈ ഓണക്കാലത്ത് ആ സന്ദേശത്തിന് ഒരു പുതിയ അർത്ഥം കൂടി നൽകാം. ഓരോ വീട്ടിലും സ്‌നേഹം നിറയട്ടെ. ഓരോ കുട്ടിക്കും സുരക്ഷിതത്വം അനുഭവപ്പെടട്ടെ. ഓരോ യുവാവിനും പ്രതീക്ഷയുണ്ടാകട്ടെ. പ്രതിസന്ധിയിലായ ഒരാൾക്കും 'ഞാൻ ഒറ്റയ്ക്കല്ല' എന്ന ബോധം ലഭിക്കട്ടെ.
നമ്മുടെ മക്കളെ ജീവിതത്തെ സ്‌നേഹിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും മറ്റുള്ളവർക്ക് താങ്ങാകാനും പഠിപ്പിക്കാം. അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ജീവിതമൂല്യങ്ങളും നൽകാം. അവർക്ക് അറിവ് നൽകുന്നതിനൊപ്പം ആത്മവിശ്വാസവും നൽകാം.
അവർക്ക് വിജയിക്കാനുള്ള സ്വപ്നം നൽകുന്നതിനൊപ്പം പരാജയങ്ങളെ അതിജീവിക്കാനുള്ള കരുത്തും നൽകാം. ജീവിതത്തെ സ്‌നേഹിക്കാം. പരസ്പരം താങ്ങാകാം. ഓരോ ജീവനും അമൂല്യമാണെന്ന് തിരിച്ചറിയാം. ഒരു പുതിയ സംസ്‌കാരത്തിനായി കൈകോർക്കാം.
(ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാനാണ് ലേഖകൻ. ഫോൺ: 9446065751)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |