SignIn
Kerala Kaumudi Online
Friday, 30 October 2026 3.13 AM IST

കിഫ്ബി: ചെവിക്കു നുള്ളി തിരുത്താൻ സമയമായി

ss

സുധാപിള്ള റിപ്പോർട്ട് അക്കമിട്ടു നിരത്തുന്നതിൽ പാതി ശരിയായാലും കിഫ്ബി സംസ്ഥാനത്തിന് വലിയ പ്രഹരമേൽപ്പിച്ച ഒരു ദീർഘകാല കടബാദ്ധ്യതയായും ഭാവി സർക്കാരുകളെ ഞെരിക്കുന്ന ധൃതരാഷ്ട്രാലിംഗനമായും വന്നുഭവിച്ചു. 1999ലെ മൂലനിയമം പൊളിച്ചെഴുതി 2016ൽ സമഗ്ര ഭേദഗതി വരുത്തി സംസ്ഥാനത്ത് അന്നുണ്ടെന്നു കരുതിയ 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യക്കുറവ് പരിഹരിക്കാൻ ഉദ്യമിക്കുമ്പോൾ, 2026 ആദ്യം ഒരുലക്ഷം കോടി കവിയുന്ന അടങ്കൽ പദ്ധതിയിൽപ്പെടുമെന്നോ സംസ്ഥാന ബഡ്ജറ്റിനെയും സഞ്ചിത നിധിയെയും ഞെരിക്കുന്നതും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ ഉലയ്ക്കുന്നതുമായ വലിയ വ്യവഹാരങ്ങൾ ഉദിക്കുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു രൂപയുടെ ബോധപൂർവമായ അഴിമതി സംഭവിച്ചില്ലെങ്കിൽപ്പോലും, സംസ്ഥാന സർക്കാർ നേരിട്ട് കിഫ്ബി ലഭ്യമാക്കിയ ധനസമാഹരണം നടത്തിയിരുന്നെങ്കിൽ 13,000 കോടി രൂപയുടെയെങ്കിലും കുറവിൽ ഇതേ പ്രവൃത്തികൾ സാദ്ധ്യമായിരുന്നു എന്നിടത്താണ് കിഫ്ബിയുടെ അപകടം വ്യക്തമാവുന്നത്. കിഫ്ബി സങ്കൽപ്പിച്ച പദ്ധതികൾ ഭാഗികമായി യാഥാർത്ഥ്യമായിരിക്കാം; എന്നാൽ അത് ഏതാണ്ട് 50 ശതമാനമെങ്കിലും അധികച്ചെലവിലും ഖജനാവിന്റെ നഷ്ടത്തിലുമാണ് നടന്നത്. ഉദ്ദേശിച്ച സാമ്പത്തിക-വാണിജ്യ വികസന നേട്ടമുണ്ടായി എന്നു പറയാനും വയ്യ. വർഷം 396 കോടിയോളംരൂപ സംസ്ഥാന ഖജനാവ് വായ്പയെടുക്കുന്ന തോതിലധികം ചെലവിട്ടാണ് കിഫ്ബി അതേ ആവശ്യത്തിന് ഒരു വർഷം ബോണ്ടുകളും വായ്പകളും സ്വീകരിച്ചത്.

ഉദാഹരണത്തിന് ഭരണവകുപ്പുകൾ 7.75- 8.5 ശതമാനം പലിശയ്ക്ക് സ്കൂൾ കെട്ടിടം പണിയുമ്പോൾ, അതേ ആവശ്യത്തിന് പൊതു ബോണ്ടുകൾ (GPC) ഉപയോഗിച്ച് 9-9.8 ശതമാനംവരെ പലിശ നൽകി. 8ശതമാനത്തിൽ താഴെ പലിശയ്ക്ക് പവർ ഫിനാനസ് കോർപ്പറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും കെ.എസ്.ഇ.ബിക്ക് സ്വന്തം ഈടിൽ സഞ്ചിതനിധി ഗ്യാരന്റിയില്ലാതെ നൽകിയിരുന്ന വായ്പകൾ, സഞ്ചിതനിധി കൂടി പണയപ്പെടുത്തി 8.5ശതമാനത്തിനെടുത്ത് അത് 9.5ശതമാനം നിരക്കിൽ കെ.എസ്.ഇ.ബിക്ക് നൽകി. ഫലത്തിൽ ഉപഭോക്താവിന് ആനുപാതികമായി ബിൽ വർദ്ധിച്ചു. സഞ്ചിതനിധിയിൽ നിന്നു കിട്ടേണ്ട അത്രയും കുറയുകയും ചെയ്തു. കെ.എസ്.ഇ.ബിക്ക് അന്നുവരെ തുച്ഛനിരക്കിൽ ലഭ്യമായിരുന്ന വായ്പ കിഫ്ബി അധിക പലിശയ്ക്ക് എടുത്ത് അധിക ബാദ്ധ്യതയുണ്ടാക്കി എന്നു സാരം.

കിഫ്ബി ആക്ടും സ്കീമും നിഷ്കർഷിക്കുന്നതിന് വിരുദ്ധമായി കൃത്യമായ ഡി.പി.ആർ കൂടാതെയും വകുപ്പ് ആവശ്യപ്പെടാതെയും രണ്ടു ജില്ലകളിൽ 7,000 കോടിയോളം ചെലവിട്ട് മോഹവിലയ്ക്ക് ഭൂമി ഏറ്റെടുത്ത് 8 വർഷം തരിശിടുകയും ചെയ്തു. കിഫ്ബി 42,000 കോടിയിൽപ്പരം രൂപ ഉയർന്ന ചെലവുള്ള കടമെടുത്ത് സൃഷ്ടിച്ചതിൽ റോഡും പാലവുമൊഴികെ ബഹുഭൂരിപക്ഷം പശ്ചാത്തല സൗകര്യങ്ങളും ഉപയോഗമില്ലാതെയും ഒരിക്കലും ആനുപാതിക പ്രയോജനമില്ലാതെയും ജീർണ്ണിക്കും എന്നതാണ് സത്യം.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ 2000 കോടിയിൽ പാതിയും വേണ്ടത്ര വിദ്യാർത്ഥികളില്ലാതെയും 2031ന് ശേഷം കേരളത്തിൽ വരുന്ന ജനസംഖ്യാ ശോഷണത്താലും ഉപയോഗക്കുറവ് നേരിടും. കാർഷിക, പട്ടികജാതി, പട്ടികവർഗ്ഗ വികസന മേഖലകളിൽ കിഫ്ബി കാര്യമായി ധനം നിക്ഷേപിച്ചതുമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ സൗകര്യത്തിനും വ്യവസായ ഇടനാഴിക്കുമുള്ള പണത്തിന് പകരം കണ്ണൂരിലെ ക്വാറികളും പാലക്കാട്ടെ തരിശുകളും യാതൊരു ഉപയോഗവും നിർവചിക്കാതെ കിഫ്ബി കിൻഫ്ര വഴി വാങ്ങിക്കൂട്ടി തരിശിട്ടു.

കേരളം ജലസുരക്ഷയൊരുക്കാൻ അത്യാവശ്യം പണി തീർക്കേണ്ട ജലസേചന പദ്ധതികളെ കിഫ്ബി തൊട്ടതേയില്ല. ഊർജ്ജ ഉത്പാദന സുരക്ഷ ഉറപ്പാക്കുന്ന ഒരു പദ്ധതിയിലും കൈവച്ചില്ല. എം.എൽ.എമാർ കുറിച്ചുകൊടുത്ത വികസന പദ്ധതികൾ ഡി.പി.ആറുകളായി ഞൊടിയിടയിൽ മാറിയപ്പോൾ രണ്ടു പഞ്ചവത്സര പദ്ധതികളിൽ അന്തർമേഖലാ ഏകോപനം അസാദ്ധ്യമായി. തദ്ദേശ വികസന പ്ലാൻ മുരടിച്ചു.

തിരുത്താമായിരുന്നു

ആ 'അപകടം'

2022 മാർച്ചിൽ 3ശതമാനം കടമെടുപ്പ് പരിധിക്കുള്ളിലാക്കി കിഫ്ബിയും അതുവരെയുള്ള കടമെടുപ്പും സ്റ്റേറ്റ് വായ്പയായി കേന്ദ്രം നിബന്ധന ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനത്തിന് ഈ അപകടം തിരുത്താമായിരുന്നു. കേന്ദ്ര ധനക്കമ്മിഷൻ ശുപാർശകൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞാൽ അത് സർക്കാർ നയം എന്ന നിലയിൽ ചോദ്യം ചെയ്യാൻ സുപ്രീംകോടതിക്കുപോലും പരിമിതികളുണ്ട്. സ്റ്റേറ്റ് വൻതോതിൽ ഉയർന്ന പലിശ നൽകി വിപണി വായ്പകളെടുത്താൽ വായ്പാച്ചെലവ് കുതിച്ചുയരുകയും വായ്പാ മാർക്കറ്റ് മന്ദീഭവിക്കുകയും ചെയ്യും. സത്യത്തിൽ കിഫ്ബി 2022ൽ തിരുത്തി നിയന്ത്രണമേർപ്പെടുത്തുന്നതിന് പകരം കേന്ദ്രവുമായി അർത്ഥമില്ലാത്ത ഏറ്റുമുട്ടലിലേക്ക് പോയിടത്താണ് കേരളത്തിന്റെ 'പണി' പാളിയത്.

സുധാപിള്ള റിപ്പോർട്ടും കെ.എം.ചന്ദ്രശേഖർ റിപ്പോർട്ടും മന്ത്രിസഭ അംഗീകരിച്ച് നിയമസഭയിൽ വച്ചതോടെ സി.എ.ജിയും കേന്ദ്ര സർക്കാരും പറഞ്ഞ വാദങ്ങൾ സംസ്ഥാനം ആത്യന്തികമായി അംഗീകരിക്കുകയാണുണ്ടായിട്ടുള്ളത്. കടമെടുത്ത പണം കൊണ്ടുള്ള ധൂർത്തും ക്രമക്കേടും കൂടി വിപുലമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിലൂടെ സുപ്രീംകോടതിയിലെ കേസിന്റെ നടത്തിപ്പ് പ്രയാസമാണ്. സി.എ.ജിക്കെതിരെ നിയമസഭ മുൻപ് പാസാക്കിയ പ്രമേയത്തെ ഖണ്ഡിക്കുന്ന റിപ്പോർട്ടാണ് സഭയിൽ വയ്ക്കപ്പെട്ടിട്ടുള്ളത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും മറ്റും ഇത് പരിഗണിക്കാതെ പോകാനാവില്ല.

'ദുരന്ത നിവാരണം'

നടത്തേണ്ട സ്ഥിതി

കിഫ്ബിയുടെ 2016 ആക്ട് മുതൽ നിർമ്മാണ കരാറുകൾ വരെ പൊളിച്ചെഴുതി ഒരു 'ദുരന്ത നിവാരണം' നടത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 2022ലെ കേന്ദ്ര നിയന്ത്രണം അവിചാരിതമായ ഒരു നിയമഭേദഗതിയുടെ ഫലം ചെയ്തതിനാൽ, ശരാശരി സഞ്ചിത നിധിയിന്മേൽ നടത്തിയ കടമെടുപ്പ് നിരക്കിന് മീതെയുള്ള കേന്ദ്ര ധനകാര്യ ഏജൻസികളുടെ വായ്പാ കരാറുകളെങ്കിലും പൊളിച്ചെഴുതാൻ കേരളത്തിന് ആവശ്യപ്പെടാം. 3ശതമാനത്തിന് പുറത്തു കിട്ടുന്ന വായ്പയ്ക്ക് നൽകിയ പ്രീമിയം പലിശ ഇനി സംഗതമല്ല എന്ന് വാദിക്കേണ്ടിവരും. ദേശീയപാത പോലെയുള്ള കേന്ദ്ര പദ്ധതികൾക്ക് സ്ഥലമെടുക്കാൻ ചെലവിട്ട 6,000 കോടിക്കുപോലും അധിക പലിശയും വായ്പാ ഇടവും സംസ്ഥാനത്തിന് നഷ്ടമായി. ഇതൊന്നും തടയാനായില്ല.

കിഫ്ബി സി.ഇ.ഒ മന്ത്രിസഭയുടെപോലും അറിവില്ലാതെ നൽകിയ വായ്പാ ഗ്യാരന്റികൾ അസാധുവാണ് എന്ന് നിലവിലെ മന്ത്രിസഭയ്ക്ക് തീരുമാനിക്കാം. അങ്ങനെ വരുന്ന ഗ്യാരന്റിയില്ലാത്ത വായ്പകളുടെ തിരിച്ചടവ് ഉത്തരവാദിത്വം, ഗ്യാരന്റിയുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച കിഫ്ബി ബോർഡംഗങ്ങളിൽ നിന്നും ഈടാക്കണം. ഇത്തരം വായ്പാ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതൊക്കെ ധൈര്യപൂർവം ചെയ്താൽ നിരക്കൊക്കെ മാന്യമാക്കി കേന്ദ്ര ധനകാര്യ സ്ഥാപനങ്ങൾ തിരിച്ചടവ് സ്വീകരിക്കാനാണ് സാദ്ധ്യത.

സാമ്പത്തിക

അരാജകത്വം

2042വരെ കേരളത്തിലെ വരുന്ന സർക്കാരുകളെ കടക്കെണിയിലാക്കിയ തികഞ്ഞ സാമ്പത്തിക അരാജകത്വമായിരുന്നു അവസാന വർഷങ്ങളിൽ കിഫ്ബി. ഭരണഘടന മുതൽ ധന ഉത്തരവാദ സുരക്ഷാ നിയമം വരെയും ചിട്ടി നിയമം മുതൽ റൂൾസ് ഒഫ് ബിസിനസ് വരെയും അത് ലംഘിച്ചു. മന്ത്രിസഭയ്ക്ക് പകരം കിഫ്ബി ചെയർമാൻ വിളിക്കുന്ന യോഗം ധനവകുപ്പിനെ മറികടന്നു. കേവലം സാങ്കേതിക-ധനകാര്യ പരാജയമല്ല, തികഞ്ഞ രാഷ്ട്രീയ പരാജയമാണ് കിഫ്ബിക്ക് ഈ ഉദ്യോഗസ്ഥരാജ് സമ്മാനിച്ചത്.

കേന്ദ്ര ബദലുകൾ എന്ന മട്ടിലവതരിപ്പിച്ചതെല്ലാം വരുമാനരാഹിത്യം കൊണ്ടും ധനകാര്യ സുതാര്യതയില്ലായ്മ കൊണ്ടും പൊളിഞ്ഞു. ഖജനാവ് പൂർണ്ണ സമ്മർദ്ദത്തിലമർന്നു.

ശക്തമായ തിരുത്തിലൂടെയും വ്യക്തമായ പിഴവുകൾ ബോധപൂർവം വരുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതും നാടിന്റെ ആവശ്യമാണ്. ചെവിക്കു നുള്ളി തിരുത്താൻ സമയമായി.

(അഭിപ്രായം വ്യക്തിപരം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION