SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ഈ കൈകളിൽ,​ കഴുകിയാൽ പോകാത്ത പാപക്കറകൾ! (പരമ്പര- 03)​

a

അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾകൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്നത് വില്യം ഷേക്സ്പിയറുടെ 'മാക്ബത്ത്" നാടകത്തിലെ വരികളാണ്. ഏതാനും വർഷം മുമ്പ് ആറ്റിങ്ങലിൽ നാലുവയസുകാരിയായ സ്വസ്തികയെ,​ ആ കുഞ്ഞിനെക്കാൾ പൊക്കമുള്ള ഇരുമ്പുകൂടംകൊണ്ട് തലച്ചോറു തകർത്ത് മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ മാതാവ് അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനും,​ കാമുകൻ നിനോ മാത്യുവിനെ വധശിക്ഷയ്ക്കും വിധിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന വി. ഷിർസി 'മാക്ബത്തി"ലെ വരികൾ ഉദ്ധരിച്ചത് അപൂർവങ്ങളിൽ അപൂർവമായ നീചകൃത്യത്തിൽ സമൂഹത്തിനുള്ള സന്ദേശമെന്ന നിലയിലാണ്.

ആ​റ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം 'തുഷാര"ത്തിൽ റിട്ട. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാരൻ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമനയും (67), പേരക്കുട്ടി സ്വസ്തികയുമായിരുന്നു കുപ്രസിദ്ധമായ ആ​റ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിലെ ഇരകൾ. ടെക്നോപാർക്കിലെ സഹപ്രവർത്തകനായിരുന്ന നിനോ മാത്യുവിനൊപ്പം ജീവിക്കാൻ അനുശാന്തിയാണ് സ്വന്തം കുഞ്ഞിന്റെ തല അടിച്ചുപൊളിക്കാൻ കാമുകന് മൗനാനുവാദം നൽകിയത്! ഓമനയുടെ മകനും സ്വസ്തികയുടെ അച്ഛനുമായ ലിജീഷിനും അതിനിടെ ഗുരുതരമായി പരിക്കേ​റ്റിരുന്നു. പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണെന്ന് നിരീക്ഷിച്ച കോടതി,​ ശാരീരിക അവശതകളും സ്ത്രീയാണെന്നതും പരിഗണിച്ചാണ് വധശിക്ഷയിൽനിന്ന് ഒഴിവാക്കിയത്.

കാഴ്ച തകരാറുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് അടുത്തിടെ സുപ്രീം കോടതി അനുശാന്തിക്ക് ജാമ്യം അനുവദിച്ചെങ്കിലും വഴിവിട്ട പ്രണയത്തിൽ ഭർത്താവിനെയും മകളെയും ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ നടത്തിയ അരുംകൊലകൾ ആരിലും ആത്മരോഷത്തിനിടയാക്കുന്നതാണ്. നിയമ വ്യവസ്ഥയ്ക്ക് നൽകാവുന്ന പരമാവധിശിക്ഷ കുറ്റവാളികൾക്ക് ലഭിച്ചിട്ടും അതൊന്നും കൂസാതെ 'അനുശാന്തിമാരും നിനോ മാത്യു"മാരും അവതരിക്കുകയാണ് കേരളത്തിൽ.

ഭർതൃസുഹൃത്ത്

വില്ലനായപ്പോൾ

കൂടെ താമസിക്കുന്ന ഭർത്താവറിയാതെ പ്രസവത്തോളം പേറിയ ഗർഭം കുഞ്ഞിനെ കൊന്ന് ഒളിപ്പിച്ചശേഷം അറിയേണ്ടിവരുന്ന സാഹചര്യം സങ്കൽപ്പത്തിനും അപ്പുറമാണ്,​ എന്നാൽ അടുത്തിടെ ചേ‌ർത്തല പള്ളിപ്പുറത്തുണ്ടായത് അത്തരമൊരുമൊരു സംഭവമാണ്. ഭർത്താവിന്റെ സുഹൃത്തായിരുന്നു വില്ലൻ. കൂലിപ്പണിക്കാരനായ ഭർത്താവിന് പല സ്ഥലങ്ങളിലാണ് ജോലി. പണിക്കുപോയാൽ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാവും വരിക. ഈ സമയത്താണ് ഭർത്താവിന്റെ സുഹൃത്ത് രതീഷുമായി പള്ളിപ്പുറം സ്വദേശി ആശ സൗഹൃദത്തിലായത്.

ആശയുടെ ഭർത്താവിന്റെ ഉറ്ര സുഹൃത്തായതിനാൽ രതീഷിന്റെ സന്ദർ‌ശനത്തിൽ അസ്വാഭാവികതയൊന്നും ആർക്കും തോന്നിയില്ല. ആശയുടെ ഭർത്താവ് ജോലികഴിഞ്ഞ് വരുമ്പോൾ രതീഷുമായി വീട്ടിൽ പാർട്ടിയും ആഘോഷവുമൊക്കെ പതിവായിരുന്നു. ഇതിനിടെയാണ് ആശ ഗർഭിണിയായത്. ഇതൊന്നും കാര്യമാക്കാതെ ബന്ധം തുടർന്നുവരവേയാണ് ആശയ്ക്ക് പ്രസവത്തിന്റെ ലക്ഷണങ്ങളുണ്ടായത്. എറണാകുളത്തെ ആശുപത്രിയിൽ രതീഷിന്റെ സംരക്ഷണയിൽ പ്രസവം നടന്നു. പ്രസവം ആശുപത്രി മുഖേന നാട്ടിലെ ആരോഗ്യപ്രവർ‌ത്തകർ മനസിലാക്കി.

പ്രസവശേഷം വീട്ടിലെത്തിയ ആശയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി മനസിലാക്കാൻ നാട്ടിലെ ആശാപ്രവർത്തക സന്ദർശിച്ചു. ആശാപ്രവർത്തക എത്തിയപ്പോൾ കുഞ്ഞില്ല. കുഞ്ഞെവിടെയെന്ന ചോദ്യത്തിന് എറണാകുളത്ത്,​ മക്കളില്ലാത്ത ദമ്പതികൾക്ക് ദത്തു നൽകിയെന്നായിരുന്നു മറുപടി. എന്നാൽ ദമ്പതികളെയോ കുഞ്ഞിനെയോ അന്വേഷണത്തിൽ കണ്ടെത്താനാകാതെ വന്നതോടെ അതിൽ സംശയം തോന്നിയ ആശാ വർക്കർ വിവരം പഞ്ചായത്തംഗത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസെത്തി ആശയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ രതീഷിന്റെ വീടിന്റെ കുളിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്ന സത്യം വെളിപ്പെട്ടത്.

കറുത്ത മുത്തിന്റെ

മരണമാല്യം!

കണ്ണും കണ്ണും നോക്കാനും കിന്നാരം മൊഴിയാനും ഫിഷിംഗ് ഹാർബറോ മത്സ്യങ്ങളുടെ ലേല ഹാളോ എന്നൊന്നുമില്ല. മദ്ധ്യകേരളത്തിലെ മത്സ്യലേല ഹാളുകളിൽ 'കറുത്തമുത്തെ"ന്ന പേരിൽ അറിയപ്പെട്ടിരുന്ന സുന്ദരി. വള്ളക്കാരും ബോട്ടുകാരും ലേലക്കാരുമെന്നുവേണ്ട,​ ഹാർബറിലെത്തുന്ന മിക്കവരുടെയും ഇഷ്ടതോഴി. വിൽപ്പനയ്ക്കായി മത്സ്യം ലേലത്തിനെടുക്കാനെത്തുന്ന കറുത്ത മുത്തുമായി തുറയിലുള്ള പലരും വിളിയും പറച്ചിലുമായി. പണം വാങ്ങാതെയും കടത്തിനും കറുത്ത മുത്തിന് മീൻ നൽകാൻ ബോട്ടിലെ തൊഴിലാളികൾ മത്സരിച്ചു. മീനിനൊപ്പം ആവശ്യത്തിന് പണവും നൽകി കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ വിവാഹ വാഗ്ദാനം നൽകി കൂടെക്കൂട്ടിയ പുറക്കാട് കരൂർ ഐവാട്ട്ശേരിൽ ജയചന്ദ്രനാണ് വകവരുത്തിയത്.

ഇക്കഴിഞ്ഞ നവംബർ ഏഴിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ജയചന്ദ്രനും വിജയലക്ഷ്മിയുമായി രണ്ടുവർഷത്തിലേറെയായി സൗഹൃദത്തിലായിരുന്നു. കുടുംബവീട്ടിൽ നിന്ന് പല സ്ഥലങ്ങളിലായി മാറി മാറി വാടകയ്ക്കു താമസിച്ചിരുന്ന വിജയലക്ഷ്മിയുമായി ഇതിനിടെ പലതവണ ജയചന്ദ്രൻ പിണങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റ് പുരുഷന്മാരുമായി വിജയലക്ഷ്മിക്ക് സൗഹൃദമുള്ളതായി സംശയിച്ച് ഇവരുടെ സ്കൂട്ടറിന് തീവയ്ക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള സംഭവങ്ങളും ഇതിനിടെ ഉണ്ടായെങ്കിലും ജയചന്ദ്രൻ വിട്ടുപോകാൻ തയ്യാറായില്ല.

സംഭവദിവസം വൈകുന്നേരം ഓച്ചിറ ക്ഷേത്രത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തിയ വിജയലക്ഷ്മിയുമായി സന്ധ്യയോടെയാണ് ജയചന്ദ്രൻ അമ്പലപ്പുഴയ്ക്ക് തിരിച്ചത്. രാത്രി അമ്പലപ്പുഴയിലെത്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴി‌ച്ച് കരൂരിലെ വീട്ടിലെത്തി വിജയലക്ഷ്മിയുമായി കിടന്നശേഷം വിജയലക്ഷ്മിയുടെ ഫോണിലേക്കെത്തിയ ഒരു കോളിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകശേഷം വിജയലക്ഷ്മിയുടെ മൃതദേഹം തൊട്ടടുത്ത് വീട് നിർമ്മാണത്തിനായി മറ്റൊരാൾ വാങ്ങിയിരുന്ന വസ്തുവിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.

'ദൃശ്യം" സിനിമാ മോ‌ഡലിലായിരുന്നു കൊലപാതകവും തുടർ‌ന്നുനടന്ന തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും. സ്വന്തം ഫോൺ വീട്ടിൽ വച്ചശേഷം വിജയലക്ഷ്മിയുടെ ഫോണുമായി എറണാകുളത്തെത്തിയ ജയചന്ദ്രൻ,​ ആ ഫോൺ മൂന്നാർ ബസിൽ ഉപേക്ഷിച്ചു. ബസിൽ ഫോൺ കണ്ടെത്തിയ കണ്ടക്ടർ,​ അത് സെൻട്രൽ പൊലീസിന് കൈമാറി. പിന്നാലെ ജയലക്ഷ്മിയെ കാണാതായതായി സഹോദരി പൊലീസിൽ നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഭാര്യാഭർത്താക്കന്മാർ കൂടുതൽ സ്വതന്ത്രരാവുകയും ഇരുവർക്കും വ്യക്തിഗത വരുമാനങ്ങളും സൗഹൃദങ്ങളും വർദ്ധിക്കുകയും സാങ്കേതികവിദ്യകൾ കൂടുതൽ സൗകര്യമൊരുക്കുകയും ചെയ്തപ്പോൾ കേരളത്തിൽ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണ് പഠനങ്ങൾ. മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരു കവിഞ്ഞ താത്പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ തോന്നുന്നില്ലെന്നതാണ് പ്രശ്നം. ജോലിസ്ഥലത്തും പുറത്തും പരസ്പരം ഇടപെഴകാനും ആഘോഷിക്കാനുമുള്ള സാഹചര്യങ്ങൾ വർദ്ധിച്ചതോടെ കുടുംബം രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ടു.

കാണാമറയത്തിരുന്ന് കണ്ടു സംസാരിക്കാവുന്ന വിധം സാങ്കേതികവിദ്യ വളരുകയും,​ ജോലിത്തിരക്കുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയിൽ ദമ്പതികൾ തമ്മിൽ ആശയവിനിമയം കുറഞ്ഞുപോയതും വിവാഹേതര ബന്ധങ്ങൾക്ക് വഴിയൊരുക്കി. വിവാഹേതര ബന്ധങ്ങൾ കുടംബങ്ങളെ പിന്നൊരിക്കലും കെട്ടിപ്പടുക്കാനാവാത്ത അവസ്ഥയിലേക്കും ചിരകാല വേർപിരിയലിലേക്കും നയിച്ചുകൊണ്ടിരിക്കെ അവിഹിതത്തിന് കൂടൊരുക്കിയവർ പോലും പ്രതിസന്ധിയിൽ കൂടെയുണ്ടാകില്ല.

അടുത്തിടെ തലസ്ഥാനത്ത് ഏറെ ചർച്ചചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു പാൽകുളങ്ങരയിലെ വീട്ടിൽ എയർഗൺ ഉപയോഗിച്ചു നടത്തിയ വെടിവയ്പ്. കൊല്ലത്തെ വനിതാ ഡോക്ടറാണ്,​ ഇവരുമായി അടുപ്പത്തിലായിരുന്ന പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തി കടുംകൈയ്ക്കു മുതിർന്നത്. വെടിവയ്പിൽ പുരുഷ സുഹൃത്തിന്റെ ഭാര്യയ്ക്ക് പരിക്കേറ്റതോടെ കാര്യങ്ങൾ കൈവിട്ടു. പരാതിയും കേസുമായി. വനിതാ ഡോക്ടർ അറസ്റ്റിലായി. പിന്നാലെ വനിതാ ഡോക്ടർ പുരുഷ സുഹൃത്തിനെതിരെ പീഡനത്തിനു നൽകിയ പരാതിയോടെ സംഭവം നാണക്കേടുമായി. അതിരുവിട്ട അവിഹിതം തനിക്കും കുടുംബത്തിനുമുണ്ടാക്കിയ മാനക്കേടായിരുന്നു അമ്പലപ്പുഴയിൽ അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ മകനെ പ്രേരിപ്പിച്ചത്. അമ്മയെയും ലക്ഷ്യം വച്ചായിരുന്നു കെണിയെങ്കിലും തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION