SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

തൊഴിൽമ‌ർദ്ദം മരണത്തോളം...

work

അന്ന സെബാസ്റ്റ്യന്റെ മരണം ഒരോർമ്മപ്പെടുത്തലാണ്. തൊഴിൽമർദ്ദം കാലത്തിനു മുൻപേ ജീവനെടുക്കുമെന്ന മുന്നറിയിപ്പ് ! പഠനത്തിൽ അതിസമർത്ഥയായിരുന്ന അന്ന തന്റെ കരിയറിന്റെ തുടക്കത്തിൽത്തന്നെ പൊലിഞ്ഞുപോയത് തൊഴിൽമർദ്ദമെന്ന ക്രൂരതകൊണ്ടു മാത്രമാണ്. ജീവനുതുല്യം സ്നേഹിച്ച മകളുടെ ദുർവിധിയിൽ മുറിവേറ്റ മനസുമായി ആ മാതാവ് കമ്പനി മേധാവിക്ക് അയച്ച കത്ത് ജീവനക്കാർക്കുമേൽ അമിതസമർദ്ദം ചെലുത്തി ലാഭം കൊയ്യാനുള്ള കമ്പനികളുടെ ദുരാഗ്രഹങ്ങൾക്കു മേലെ വെളിപാടിന്റെ വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.

ജോലിസമ്മർദ്ദത്തിന്റെ ഇരകളെ ഏറ്റവും കൂടുതൽ കാണാനാവുക നമ്മുടെ ഐ.ടി രംഗത്താണ്. അമേരിക്കയുടേയും ഇന്ത്യയുടേയും രാപകലുകൾ തമ്മിലുള്ള യുദ്ധത്തിനിടെ ഞെരിഞ്ഞടർന്നു പോയവർ. പ്രോജക്ടും ടാർഗറ്റും മീറ്റിംഗും ചേർന്ന് പീഡിപ്പിച്ചപ്പോൾ ഇനിയെനിക്കു വയ്യെന്ന നിലവിളിയുമായി ഹൃദയം പണിമുടക്കിയവർ... ഇങ്ങനെ എത്രയെത്ര പേരാണ് ജോലി സമ്മർദ്ദത്തിന്റെ ഇരകളായി പാതിയിൽ വഴിപിരിഞ്ഞത്. ജോലി ആശ്വാസമായിരുന്ന കാലത്തുനിന്ന് സമ്മർദ്ദമായി മാറിയ കാലത്തേക്ക് നമ്മളെപ്പോഴാണ് വഴുതിയത്?​

ജീവനെടുക്കുന്ന
നൈറ്റ് കാളുകൾ


രാവിലെ എട്ടുമണിക്ക് ഹോസ്റ്റലിൽ ബ്രേക്ക് ഫാസ്റ്റിനെത്തുന്ന 23 വയസുകാരിയുടെ കണ്ണുകൾ പാതിയടഞ്ഞ നിലയിലായിരുന്നു. പ്രോജക്ട് തീർക്കാനുള്ള വെപ്രാളവും ഓൺലൈൻ മീറ്റിംഗും കഴിഞ്ഞ് അവൾ എന്നും ഉറങ്ങുന്നത് രാത്രി രണ്ടുമണിക്ക് !
തലസ്ഥാനത്തെ ഒരു ഐ.ടി കമ്പനിയിലെ പെൺകുട്ടികൾ ജോലികഴിഞ്ഞ് രാത്രി പത്തരയ്ക്കും 11 നും താമസസ്ഥലത്തേക്ക് മടങ്ങുന്നത് ഓൺലൈൻ മീറ്റിംഗിൽ ജോയിൻ ചെയ്തുകൊണ്ടാണ്. അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ മീറ്റിംഗ് ആരംഭിക്കുന്ന നേരമാണത്. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള സമയത്തിന്റെ അന്തരമാണ് ഇവിടെ വില്ലൻ. ഫുട്പാത്തിലൂടെ താമസസ്ഥലത്തേക്ക് നടക്കുമ്പോഴും ഓൺലൈനിൽ ഹാജരായിരിക്കണമെന്നാണ് നിർദ്ദേശം. ജോലിയുടെ സ്വഭാവമനുസരിച്ച് ഈ മീറ്റിംഗ് രാത്രി ഒരു മണിവരെ നീളാറുണ്ട്. ഓൺലൈൻ മീറ്റിംഗുകൾ സ്വകാര്യസമയത്തെയും ഉറക്കത്തെയും അപഹരിക്കുന്ന തലത്തിലേക്ക് വളർന്നതിന്റെ ഇരകളാണിവർ. അസമയത്തെ മീറ്റിംഗുകൾ കാരണമുള്ള അമിത മാനസിക സമ്മർദ്ദത്തിൽനിന്ന് രക്ഷനേടാൻ സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടിവന്നവരും ധാരാളം.


പ്രോജക്ട് തീർക്കാൻ
കഴുത്തൊടിക്കണം

ക്ളയന്റ് ആവശ്യപ്പെടുന്നതിലും കുറഞ്ഞ സമയത്തിനുള്ളിൽ തീർത്തു നൽകാമെന്നു പറഞ്ഞാണ് പല കമ്പനികളും പ്രോജക്ടുകൾ ഏറ്റെടുക്കുന്നത്. ക്ളയന്റിനെ പിടിച്ചുനിറുത്താനുള്ള തന്ത്രമാണിത്. മതിയായ ആളില്ലാത്ത ടീമുകളുടെ തലയിലേക്കാണ് ഈ ഭാരമത്രയും 'അൺലോഡ്" ചെയ്യുന്നത്. ഇങ്ങനെ ഒരേസമയം നാല് പ്രോജക്ടുകൾ വരെയാണ് ഓരോ ടീമിനും നൽകുന്നത്. ജോലിസമ്മർദ്ദം തങ്ങളുടെ കഴുത്തൊടിക്കുകയാണെന്ന് ടീം അംഗങ്ങൾ വേദനയോടെ പറയുന്നു.

ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ വളരെ ചെറിയ പ്രായത്തിൽത്തന്നെ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ പരമാവധി മർദ്ദം ഇവരിൽ അടിച്ചേൽപ്പിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി റിസൾട്ടാണ് ലക്ഷ്യം. നിരന്തരം ജോലിമർദ്ദം അടിച്ചേൽപ്പിക്കപ്പെടുന്നതിലൂടെ ഇനിയെനിക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന നിലയിലെത്തുന്നവർ ജോലി ഉപേക്ഷിച്ചു പോവും. അപ്പോഴേക്കും കമ്പനി അടുത്ത ഫ്രഷ് ടീമിനെ എത്തിക്കും.

തലച്ചോറിനെ

പറ്റിച്ച് ഷിഫ്റ്റ് ടൈം

പല സ്ഥാപനങ്ങളും നടപ്പാക്കുന്ന ക്രമരഹിതമായ ഷിഫ്റ്റ് ടൈം ഉറക്കമില്ലായ്മയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും നയിക്കുന്നതായി മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഒരു ദിവസം രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയുള്ള ഷിഫ്റ്റ്. അടുത്തദിവസം വൈകിട്ട് നാലു മുതൽ പുലർച്ചെ രണ്ടുവരെ,​ രാത്രി രണ്ടിന് ആരംഭിക്കുന്നത് രാവിലെ 10 വരെ. ഇത്തരം ക്രമരഹിതമായ സമയക്രമം നമ്മുടെ ഉറക്കസമയത്തെക്കുറിച്ച് തലച്ചോറിന് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് പ്രശ്നമാകുന്നത്.

ഷിഫ്റ്റുകൾ പേരിൽ മാത്രമാണെന്ന് വെളിപ്പെടുത്തിയത് തലസ്ഥാനത്തെ ഐ.ടി സ്ഥാപനത്തിലെ ഇരുപത്തിയഞ്ചുകാരിയാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുമെന്ന് കമ്പനി പറയുന്ന ഷിഫ്റ്റ് യഥാർത്ഥത്തിൽ രാവിലെ എട്ടുമണിയുടെ മീറ്റിംഗോടെയാണ് ആരംഭിക്കുന്നത്! പ്രോജക്ട് ലീഡറുടെ കാൾ കേട്ടുകൊണ്ടാണ് രാവിലെ ഉണരുന്നത്. ഈ ജോലി തീരുന്നതാകട്ടെ രാത്രി ഒരു മണിയോടടുക്കുമ്പോൾ!

അവധിയില്ലാതെയും

അപമാനിച്ചും

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ത്രീയെന്ന പരിഗണനപോലും ലഭിച്ചിട്ടേയില്ലെന്നു പറയുന്ന മുപ്പത്തിയാറുകാരി 10 വർഷമായി കൊച്ചിയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. വീട്ടിലെ വിശേഷങ്ങൾക്കോ,​ എന്തിന്- മക്കളുടെ പിറന്നാളിനു പോലും അവധി നൽകാതെ സ്ഥാപനം തന്നെ ദ്രോഹിച്ചതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. ചെറിയ തെറ്റുകൾ പോലും പർവതീകരിച്ച് അപമാനിക്കുന്ന മേലധികാരി സഹപ്രവർത്തകരുടെ മുന്നിൽവച്ച് കഴിവുകെട്ടവളെന്നു വിളിച്ച് അധിക്ഷേപിക്കുന്നതും പതിവായിരുന്നു.

സഹികെട്ട് രാജിവച്ച് പോന്നപ്പോൾ പിന്നീട് വന്ന പല അവസരങ്ങളും കമ്പനി മുടക്കി. ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലത്താണ് താൻ രക്തസമ്മർദ്ദത്തിന് മരുന്നു കഴിക്കാൻ തുടങ്ങിയതെന്നും,​ ആത്മവിശ്വാസക്കുറവിനും ഉത്കണ്ഠയ്ക്കും സൈക്യാട്രിസ്റ്റിനെ സമീപിച്ചുവെന്നും പറയുമ്പോഴേക്കും അവർ കരഞ്ഞുതുടങ്ങിയിരുന്നു.

ജോലിയ്ക്കിടയിലും

മാനസിക പീഡനം

ഒരേദിവസം ഒന്നിലേറെ പ്രോജക്ടുകൾ സബ്മിറ്റ് ചെയ്യേണ്ട ദിവസം പേടിസ്വപ്നമാണെന്ന് ജീവനക്കാർ പറയുന്നു. ജോലി തീരാറായോ, എപ്പോൾത്തീരും എന്ന് ആവർത്തിച്ചുള്ള ചോദ്യവുമായി ലീഡർമാർ ശ്വാസംമുട്ടിച്ചുകൊണ്ടേയിരിക്കും. ഇനി. തീർത്തു കൊടുത്താലാകട്ടെ , പെർഫെക്‌ഷനില്ലെന്നു പറഞ്ഞ് ശകാരപ്പെരുമഴ! എല്ലാം സഹിക്കാം; ഈ ജോലികൾക്കിടെ ടീമിലെ സീനിയേഴ്സ് ചെയ്യേണ്ട ജോലികൾ കൂടി തലയിലെടുത്തുവയ്ക്കുമ്പോൾ ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചെന്നു പറയുന്നത് മുപ്പതുകാരനാണ്. ടീമിൽ പരിചയസമ്പത്തുള്ള 'മിടുക്കർ" തങ്ങളുടെ ടീമിൽ സുഹൃത്തുക്കൾക്കൊപ്പം ദിവസങ്ങൾ ആഘോഷിക്കുകയും തിയേറ്ററുകളിൽ പോവുകയും ചെയ്യുന്നത് കാണേണ്ട ഗതികേടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എച്ച്.ആ‌‌ർ.ഡിയും

കൈവിട്ടപ്പോൾ

ജോലി സമ്മർദ്ദം താങ്ങാനാവാതെ എച്ച്.ആർ ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചപ്പോൾ നിങ്ങളിതൊക്കെ ഏറ്രിട്ടല്ലേ ജോയിൻ ചെയ്തതെന്ന മറുചോദ്യം കൊണ്ട് അവർ പ്രതിരോധം തീർത്തതായി പറയുന്നു,​ കൊച്ചിയിൽ നിന്നുള്ള യുവാവ്. പരാതി പറഞ്ഞ് തിരികെ വരുമ്പോൾ ബഹുനില മന്ദിരത്തിൽനിന്ന് ചാടിയാലോ എന്നുപോലും താൻ ചിന്തിച്ചതായി യുവാവ് പറഞ്ഞു. കമ്പനി നിയോഗിച്ച അവരിൽനിന്ന് കൂടുതൽ എന്തു പ്രതീക്ഷിക്കാനാവുമെന്ന് അയാളുടെ സുഹൃത്ത് സ്വയം ആശ്വസിക്കുന്നു.

പഠനങ്ങൾ പറയുന്നത്

കേരളത്തിൽ ഐ.ടി മേഖലയിലെ ജീവനക്കാരിൽ 2023-ൽ നടന്ന

പഠനം വ്യക്തമാക്കിയ കണക്കുകൾ

അമിത മാനസികസമ്മർദ്ദം അനുഭവിക്കുന്നവർ: 54 %
ഉത്കണ്ഠയുടെ ലക്ഷണമുള്ളവർ: 63 %

വിഷാദലക്ഷണം ഉള്ളവർ: 61 %
തീവ്രമായ ഉത്കണ്ഠയുള്ളവർ: 18 %
തീവ്രവിഷാദം ഉള്ളവർ: 15 %

അമിത രക്തസമ്മർദ്ദം (20- 40 വയസ് ): 11.3 %
സാധാരണയിൽ ഉയർന്ന രക്തസമ്മർദ്ദം: 33.3 %


2023 ൽ നടന്ന മറ്റൊരു പഠനത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ടെക്കികളിൽ 86 ശതമാനം വിറ്റാമിൻ ഡിയുടെ അഭാവം കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കുറയുക, തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷി കുറയുക, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB, ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION